Breaking

Monday, July 29, 2019

അടൂരിനെതിരേ ഇത് വേണ്ടിയിരുന്നോ? ബി.ജെ.പി.യിൽ അമർഷം

തിരുവനന്തപുരം: സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരേ പാർട്ടി വക്താവ് ബി. ഗോപാലകൃഷ്ണൻ ഫെയ്സ്ബുക്കിലൂടെ നടത്തിയ വിമർശനത്തിൽ ബി.ജെ.പി.ക്കുള്ളിൽ അമർഷം. രാജ്യം ആദരിക്കുന്ന അടൂരിനെതിരേ ഇങ്ങനെെയാരു പരാമർശം വേണ്ടിയിരുന്നില്ലെന്ന് ഭൂരിപക്ഷം നേതാക്കളും പറയുന്നു. ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അടൂർ എഴുതിയ തുറന്നകത്തിന്റെ പേരിലാണ് ഗോപാലകൃഷ്ണൻ അടൂരിനെ ഭീഷണിയുടെ സ്വരത്തിൽ വിമർശിച്ചത്. ജയ് ശ്രീറാം വിളി സഹിക്കാനാകുന്നില്ലെങ്കിൽ അടൂരിന് ചന്ദ്രനിലേക്കു പോകാമെന്നും പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കേ ഇത്തരമൊരു സ്ഥിതി ഉണ്ടാക്കേണ്ടിയിരുന്നോ എന്നാണ് പാർട്ടിയിൽ ഉയരുന്ന ചോദ്യം. വിവാദങ്ങൾക്ക് ഇടനൽകുകയോ അനാവശ്യമായി പ്രതികരണത്തിന് തയ്യാറാവുകയോ ചെയ്യുന്ന ആളല്ല അടൂർ. രാജ്യത്തെ എല്ലാ ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുമുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തും പ്രശസ്തനായ അദ്ദേഹത്തിനെതിരേയുള്ള നീക്കം വേണ്ടിയിരുന്നില്ലെന്ന് ഒരുവിഭാഗം നേതാക്കൾ പറയുന്നു. എന്നാൽ, ആരും ഗോപാലകൃഷ്ണനെതിരേ പരസ്യനിലപാട് എടുത്തിട്ടില്ല. വിമർശിച്ചത് സംസ്ഥാന വക്താവായതിനാൽ ഗോപാലകൃഷ്ണന്റെ അഭിപ്രായം പാർട്ടിയുടെ ഔദ്യോഗിക നിലപാടായി നിലനിൽക്കുകയാണിപ്പോഴും. ഇത് തിരുത്താനോ പോസ്റ്റ് പിൻവലിപ്പിക്കാനോ നേതൃത്വം തയ്യാറായിട്ടില്ല. ഫെയ്സ്ബുക്ക് പോസ്റ്റിലേത് എഴുതിയ ആളുടെ വ്യക്തിപരമായ അഭിപ്രായമാണെന്നാണ് സംസ്ഥാന നേതാക്കളുടെ പക്ഷം. സി.പി.എമ്മിന് ബി.ജെ.പി.യെ അടിക്കാനൊരു വടി നൽകിയതിനു സമാനമായി ഗോപാലകൃഷ്ണന്റെ നീക്കം. ദിവസങ്ങളായി സി.പി.എം. ഈ വടിയാണ് ബി.ജെ.പി.ക്കെതിരേ ഉപയോഗിക്കുന്നതും. മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളുമൊക്കെ അടൂരിനെ നേരിട്ടു കണ്ടു. വേദികൾതോറും സംഘപരിവാറിന്റെ നടപടി ചർച്ചയാക്കി. ശനിയാഴ്ച തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിലും ഇതുതന്നെയാണ് മുഖ്യമന്ത്രി വിഷയമാക്കിയത്. അടുത്ത സംസ്ഥാനസമിതിയിൽ വേണ്ടിവന്നാൽ ഗോപാലകൃഷ്ണനോട് വിശദീകരണം ചോദിക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. ഗോപാലകൃഷ്ണൻ നേതാക്കളെ ഫോണിൽ വിളിച്ച് തന്റെ നിലപാടിന് പിന്തുണ തേടുന്നുണ്ട്. Content Highlights: Kerala BJP Leader B Gopalakrishnan facebook post controversy


from mathrubhumi.latestnews.rssfeed https://ift.tt/2MoqISD
via IFTTT