Breaking

Saturday, July 27, 2019

ശ്രീലങ്കയ്ക്കുവേണ്ടി കൊല്ലൂരിൽ സർവൈശ്വര്യപൂജ നടത്തി റനിൽ വിക്രമസിംഗെ

മംഗളൂരു: സ്വന്തം നാടിന്റെ ഐശ്വര്യത്തിനും സമാധാനത്തിനുംവേണ്ടി സർവൈശ്വര്യപൂജ നടത്താൻ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഭാര്യാസമേതനായി കൊല്ലൂർ മൂകാംബികാദേവീക്ഷേത്രത്തിലെത്തി. കനത്ത സുരക്ഷയിൽ രണ്ടുമണിക്കൂറോളം ദേവീസന്നിധിയിൽ ചെലവഴിച്ച വിക്രമസിംഗെ നവചണ്ഡികായാഗം, കുടുംബപൂജ എന്നിവയും നടത്തി. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ വി.കൃഷ്ണമൂർത്തിയും ഒപ്പമുണ്ടായിരുന്നു. ഹെലികോപ്റ്ററിൽ വരാനായിരുന്നു വിക്രമസിംഗെയും ഭാര്യ മൈത്രി വിക്രമസിംഗെയും ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ കനത്തമഴയും മൂടൽമഞ്ഞും കാരണം അതുപേക്ഷിച്ചു. തുടർന്ന് വിമാനത്തിൽ മംഗളൂരുവിലെത്തി, അവിടെനിന്ന് റോഡുമാർഗമാണ് 1.30-ഓടെ കൊല്ലൂരിലെത്തിയത്. അതിഥിമന്ദിരത്തിലെ വിശ്രമത്തിനുശേഷം 11.15-ന് ക്ഷേത്രത്തിലെത്തി. ട്രസ്റ്റി പി.വി.അഭിലാഷ്, എക്സിക്യൂട്ടീവ് ഓഫീസർ എച്ച്.ഹാലപ്പ, പ്രധാന പൂജാരിമാരായ നരസിംഹ അഡിഗ, ശ്രീധര അഡിഗ, ഗോവിന്ദ അഡിഗ എന്നിവരുടെ നേതൃത്വത്തിൽ പൂർണകുംഭം നൽകി സ്വീകരിച്ചു. 12.30-വരെ അദ്ദേഹം ക്ഷേത്രത്തിൽ ചെലവഴിച്ചു. ക്ഷേത്രത്തിൽനിന്നുള്ള പ്രസാദവും കഴിച്ച് ഒരുമണിയോടെയാണ് തിരിച്ചുപോയത്. ശ്രീലങ്കയിൽ അടുത്തിടെയുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് കൊല്ലൂർ ക്ഷേത്രത്തിലും ഇദ്ദേഹം കടന്നുപോയ വഴിയിലും ഒരുക്കിയിരുന്നത്. ക്ഷേത്രത്തിൽ ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. രാവിലെ 9.30 മുതൽ ഭക്തരെ കടത്തിവിട്ടില്ല. ഹോട്ടലുകളിൽ മുറിയെടുത്ത് തങ്ങിയ ഭക്തർക്ക് വിക്രമസിംഗെ തിരിച്ചുപോകുന്നതുവരെ പുറത്തിറങ്ങാൻ അനുമതി നൽകിയില്ല. ക്ഷേത്രപരിസരത്തെ കടകളെല്ലാം അടപ്പിച്ചു. മംഗളൂരു മുതൽ കൊല്ലൂർവരെയുള്ള റോഡിൽ ബസ്സുകൾക്കുൾപ്പെടെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വനമേഖലയിലുടനീളം വൻ പോലീസ് സന്നാഹത്തെ നിയോഗിച്ചിരുന്നു. ശ്രീലങ്കൻ പ്രധാനമന്ത്രി കാസർകോട്ടെത്തി കാസർകോട്: ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും ഭാര്യ മൈത്രിയും കൊല്ലൂർ ദർശനം കഴിഞ്ഞ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ കാസർകോട്ടെത്തി. ഹെലികോപ്റ്ററിൽ ബേക്കലിൽ എത്തിയ അദ്ദേഹം താജ് ഹോട്ടലിലാണ് തങ്ങുന്നത്. ശനിയാഴ്ച രാവിലെ ഒൻപതിന് ബേള കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ അലങ്കാരപൂജയിലും സർപ്പബലിയിലും പങ്കെടുത്ത് പത്തരയോടെ മംഗളൂരുവിലേക്ക് പോകും. അവിടെനിന്ന് ശ്രീലങ്കയിലേക്ക് മടങ്ങും. കുമാരമംഗലം ക്ഷേത്രത്തിൽ പ്രസിഡന്റ് വിഷ്ണു ആസ്ര, സെക്രട്ടറി ശ്രീധര പ്രസാദ്, മാനേജർ രാമകൃഷ്ണ ഭട്ട്, ജ്യോതിഷി ഇരിങ്ങാലക്കുട പത്മനാഭശർമ തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും. പ്രധാനമന്ത്രിയെ അനുഗമിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥൻ കൃഷ്ണമൂർത്തി വെള്ളിയാഴ്ച വൈകിട്ട് ക്ഷേത്രത്തിൽ പൂജ നടത്തി. content highlights: Sri Lanka PM Ranil Wickremesinghe at Kollur


from mathrubhumi.latestnews.rssfeed https://ift.tt/2ZeggAX
via IFTTT