Breaking

Wednesday, July 31, 2019

കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറുകൾ ചെയിൻ സർവീസുകളാക്കുന്നു; ദീർഘദൂര ഷെഡ്യൂളുകൾ ഉണ്ടാകില്ല

തൃശ്ശൂർ: ഒരിക്കൽ ഉപേക്ഷിച്ച ഫാസ്റ്റ് പാസഞ്ചർ പരിഷ്കാരം കെ.എസ്.ആർ.ടി.സി. പുതിയരൂപത്തിൽ അവതരിപ്പിക്കുന്നു. ഓഗസ്റ്റ് നാലുമുതൽ തിരുവനന്തപുരം-തൃശ്ശൂർ റൂട്ടിൽ ഫാസ്റ്റ് പാസഞ്ചറുകൾ ചെയിൻ സർവീസുകളാക്കി മാറ്റാനാണ് പുതിയ തീരുമാനം. തിരുവനന്തപുരം മുതൽ ആലപ്പുഴ വഴി എറണാകുളം വരെയും തിരുവനന്തപുരം മുതൽ കൊട്ടാരക്കര വഴി കോട്ടയം വരെയുമാണ് ചെയിൻ സർവീസുകളുടെ പുതിയ ഷെഡ്യൂൾ. എറണാകുളം, കോട്ടയം ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് മറ്റൊരു ചെയിൻ സർവീസും നടപ്പാക്കും. ഫലത്തിൽ ദീർഘദൂര ഫാസ്റ്റ് പാസഞ്ചറുകൾ ഉണ്ടാകില്ല. മറികടക്കാൻ സൂപ്പർ ഫാസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടുമില്ല. കഴിഞ്ഞ ജൂണിൽ ഫാസ്റ്റ് പാസഞ്ചറുകളുടെ സർവീസ് രണ്ട് ജില്ലകൾക്കിടയിൽ മാത്രമാക്കി ഉത്തരവിറങ്ങിയിരുന്നു. എന്നാൽ, യാത്രക്കാരുടെ ക്ലേശം ചൂണ്ടിക്കാട്ടി 'മാതൃഭൂമി' വാർത്ത നൽകിയതിനെത്തുടർന്ന് ഇത് നടപ്പായില്ല. ഈ പരിഷ്കാരമാണ് പുതിയ രൂപത്തിലേക്കു മാറ്റി ഇപ്പോൾ അവതരിപ്പിക്കുന്നത്. ഒരേസ്ഥലത്തേക്കുള്ള ബസുകൾ ഒരേസമയം ഓടിക്കാതിരിക്കുകയും നിശ്ചിത ഇടവേളകളിൽ സർവീസ് ഉറപ്പാക്കുകയുമാണ് പുതിയ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. തൊട്ടടുത്തുള്ള പ്രധാന ഡിപ്പോകളെ ബന്ധിപ്പിച്ചു മാത്രമാകും ഫാസ്റ്റ് പാസഞ്ചർ സർവീസ്. തിരുവനന്തപുരം-തൃശ്ശൂർ റൂട്ടിൽ ചെയിൻ സർവീസ് നടത്താനുള്ള ബസുകളുടെ പുതിയ സമയക്രമം കെ.എസ്.ആർ.ടി.സി. ഹെഡ് ഓഫീസിൽനിന്ന് അതത് യൂണിറ്റുകൾക്ക് കൊടുത്തിട്ടുണ്ട്. ഇതുപ്രകാരമല്ലാതെ ഓഗസ്റ്റ് നാലിനുശേഷം സർവീസ് നടത്തരുതെന്നും നിർദേശമുണ്ട്. പുതിയ പരിഷ്കാരപ്രകാരം പിൻവലിക്കപ്പെട്ട ബസ് ഷെഡ്യൂളുകളിൽ പ്രാധാന്യമുള്ളവയ്ക്ക് പുതിയ റൂട്ട് കണ്ടെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. പരിഷ്കാരം നടപ്പാകുന്നതോടെ കോട്ടയം-കോഴിക്കോട്, എറണാകുളം-കോഴിക്കോട്, തിരുവനന്തപുരം-ഗുരുവായൂർ, കൊട്ടാരക്കര-തൃശ്ശൂർ പോലുള്ള ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ഇല്ലാതാകും. ഈ യാത്രക്കാർ സൂപ്പർ ഫാസ്റ്റുകളെയോ സൂപ്പർ ഡീലക്സുകളെയോ ആശ്രയിക്കേണ്ടിവരും. ഇവ രണ്ടും ഇപ്പോഴുള്ളതിനേക്കാൾ കൂടില്ല എന്നുള്ളതിനാൽ യാത്രക്കാർക്ക് പ്രയാസമാകും. പരിഷ്കാരം സമയക്രമം ഉറപ്പാക്കാനെന്ന് അധികൃതർ തൃശ്ശൂർ: ബസുകളുടെ സമയക്രമം ഉറപ്പാക്കി സർവീസുകൾ മികച്ചതാക്കാനാണ് പുതിയ പരിഷ്കാരമെന്ന് കെ.എസ്.ആർ.ടി.സി. എക്സിക്യുട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) പി.എം. ഷറഫ് മുഹമ്മദ് പറഞ്ഞു. ഓരോ 15 മിനിറ്റിലും എല്ലാ ബസ് സ്റ്റേഷനുകളിലും സൂപ്പർ ഫാസ്റ്റ് ബസുകൾ കിട്ടുമെന്ന് ഇപ്പോൾ ഉറപ്പിക്കാനാകുന്നുണ്ട്. ഇതേ പരിഷ്കാരമാണ് ഫാസ്റ്റ് പാസഞ്ചറുകളിലേക്കും കൊണ്ടുവരുന്നത്. ഓരോ അഞ്ച്-പത്ത് മിനിറ്റുകളിലും യാത്രക്കാരന് ഫാസ്റ്റ് പാസഞ്ചർ സർവീസ് കിട്ടുമെന്ന് ഉറപ്പിക്കാം. ദീർഘദൂരയാത്രക്കാരിൽ നല്ലൊരു പങ്കും സൂപ്പർ ഫാസ്റ്റും ഡീലക്സുമാണ് ആശ്രയിക്കുന്നതെന്നതിനാൽ യാത്രാക്ലേശം ഉണ്ടാകില്ല. ഉടൻതന്നെ തൃശ്ശൂർ-കാസർകോട് മേഖലകളിലും ഫാസ്റ്റ് പാസഞ്ചറിന്റെ ഇത്തരം ചെയിൻ സർവീസുകൾ നടപ്പാക്കുമെന്നും പി.എം. ഷറഫ് മുഹമ്മദ് പറഞ്ഞു. Content highlights:KSRTC ordered to take down Fast Passenger long distanceservices


from mathrubhumi.latestnews.rssfeed https://ift.tt/331xmnR
via IFTTT