മുംബൈ: കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ പത്തു വിമാനത്താവളങ്ങൾകൂടി സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങി. പൊതു -സ്വകാര്യ പങ്കാളിത്തത്തിൽ (പി.പി.പി.) അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് 50 വർഷത്തേക്ക് പാട്ടത്തിനു നൽകാനാണ് നീക്കം. കോഴിക്കോടിനു പുറമെ, വാരാണസി, പട്ന, അമൃത്സർ, ഭുവനേശ്വർ, റാഞ്ചി, കോയമ്പത്തൂർ, ട്രിച്ചി, ഇന്ദോർ, റായ്പുർ എന്നീ വിമാനത്താവളങ്ങളാണ് അടുത്ത ഘട്ടത്തിൽ പരിഗണിക്കുന്നത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഈ വിമാനത്താവളങ്ങളിൽ കഴിഞ്ഞ സാമ്പത്തിക വർഷം 15 ലക്ഷം മുതൽ 41 ലക്ഷം വരെ യാത്രക്കാർ ഉണ്ടായിരുന്നതാണ്. ഇതിൽ ഇന്ദോർ, റായ്പുർ വിമാനത്താവളങ്ങളൊഴികെയുള്ളവ ലാഭത്തിൽ പ്രവർത്തിക്കുന്നവയാണ്. അഹമ്മദാബാദ്, ജയ്പുർ, ലഖ്നൗ, തിരുവനന്തപുരം, ഗുവാഹാട്ടി, മംഗളൂരു എന്നിങ്ങനെ ആറു വിമാനത്താവളങ്ങൾ 2019 ഫെബ്രുവരിയിൽ സ്വകാര്യമേഖലയ്ക്കു കൈമാറാൻ നടപടിയെടുത്തിരുന്നു. ഇതിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ ലേലത്തുക നൽകിയ അദാനി ഗ്രൂപ്പിന് അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു വിമാനത്താവളങ്ങളുടെ നിയന്ത്രണം കൈമാറിക്കഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇതിനു പിന്നാലെയാണ് കോഴിക്കോടു വിമാനത്താവളം കൂടി സ്വകാര്യമേഖലയ്ക്കു നൽകാൻ ആലോചിക്കുന്നത്. എന്നാൽ പുതിയ പട്ടികയിലുള്ള വിമാനത്താവളങ്ങളുടെ സ്ഥിതിവിവരം പരിശോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇതിൽ അന്തിമതീരുമാനമായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. അത് നൽകുകയോ നൽകാതിരിക്കുകയോ ചെയ്യാം. വിമാനത്താവളങ്ങളുടെ ശേഷി പരിശോധിക്കാനാണ് വ്യോമയാന മന്ത്രാലയം നിർദേശിച്ചിട്ടുള്ളതെന്നാണ് വിശദീകരണം. വിമാനത്താവളങ്ങളുടെ ആസ്തി, ശേഷി, വരുമാനം, സർവീസുകൾ എന്നിവ സംബന്ധിച്ച് അറിയിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് കോഴിക്കോട് എയർപോർട്ട് ഡയറക്ടർ കെ. ശ്രീനിവാസ റാവു പറഞ്ഞു. പ്രാരംഭ നടപടി മാത്രമാണിത്. മറ്റു തീരുമാനങ്ങളൊന്നുമായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിമാനത്താവളങ്ങളുടെ സേവനം, സാങ്കേതിക വൈദഗ്ധ്യം, നടത്തിപ്പ് എന്നിവയിൽ പ്രൊഫഷണലിസം കൊണ്ടുവന്ന് വലിയ വികസനം വാഗ്ദാനം ചെയ്തുകൊണ്ടാണ് സ്വകാര്യവത്കരണത്തിന് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എയർ നാവിഗേഷനും സുരക്ഷയും ഒഴികെയുള്ള സൗകര്യങ്ങളാണ് കൈമാറുക. മുംബൈ, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളെയാണ് ഇതിനു മാതൃകയായി സ്വീകരിച്ചിട്ടുള്ളത്. യൂസർ ഫീ ഉയർത്തിക്കൊണ്ടാകും സൗകര്യങ്ങൾ വികസിപ്പിക്കുക. എയർപോർട്ട് അതോറിറ്റിക്കു കീഴിൽ വിമാനത്താവളങ്ങൾ പി.പി.പി. മാതൃകയിൽ വികസിപ്പിക്കുന്നതിനായി രൂപവത്കരിച്ച കീ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് (കിഡ്) ഗ്രൂപ്പാണ് സ്വകാര്യവത്കരണ നടപടികൾക്ക് നേതൃത്വം നൽകുന്നത്. സ്വകാര്യവത്കരിക്കേണ്ട വിമാനത്താവളങ്ങളുടെ പട്ടിക തയ്യാറാക്കുന്നതും പ്രധാന കരാറുകളുണ്ടാക്കുന്നതും കിഡ് ആണ്. സ്വകാര്യവത്ക്കരണം: 25 വിമാനത്താവളങ്ങൾ പരിഗണനയിൽ ന്യൂഡൽഹി: രണ്ടാംഘട്ടമായി രാജ്യത്ത് 20-25 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്ക്കരിക്കുന്നത് പരിഗണനയിലാണെന്ന് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ ഗുരുപ്രസാദ് മഹാപാത്ര പറഞ്ഞു. വിദേശവിമാനത്താവളങ്ങളുടെ ഗണ്യമായ പങ്ങാളിത്തം സ്വകാര്യവത്ക്കരണത്തിലുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിവർഷം 15 ലക്ഷത്തിലേറെ യാത്രക്കാരിൽ കുറയാതെ എത്തുന്ന വിമാനത്താവളങ്ങളാണ് പരിഗണിക്കുന്നത്. ശുപാർശ വൈകാതെ വ്യോമയാനമന്ത്രാലയത്തിന് സമർപ്പിക്കുമെന്നും അവരാണ് അന്തിമതീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. Content Highlights: Center Concider Calicut Air port in Privatization bid
from mathrubhumi.latestnews.rssfeed https://ift.tt/2ZefVOH
via
IFTTT