Breaking

Saturday, July 27, 2019

ചരിത്രം രചിക്കാനിറങ്ങിയ അയര്‍ലന്‍ഡിന് ഒടുവില്‍ നാണംകെട്ട തോല്‍വി

ലോർഡ്സ്: ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ജയം മോഹിച്ചെത്തിയ അയർലൻഡിന് ഒടുവിൽ നാണംകെട്ട തോൽവി. ഒന്നാമിന്നിങ്സിൽ ഇംഗ്ലണ്ടിനെ 85 റൺസിന് പുറത്താക്കി അമ്പരപ്പിച്ച അയർലൻഡ് രണ്ടാമിന്നിങ്സിൽ 38 റൺസിന് തകർന്നടിയുകയായിരുന്നു. 143 റൺസ് ജയത്തോടെ ഇംഗ്ലണ്ട് അയർലൻഡിനെതിരായ ഏക ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ഇംഗ്ലണ്ടിനായി നൈറ്റ് വാച്ച്മാനായിറങ്ങി 92 റൺസെടുത്ത ജാക്ക് ലീച്ചാണ് കളിയിലെ താരം. സ്കോർ: ഇംഗ്ലണ്ട് 85, 303; അയർലൻഡ് 207, 38. 182 റൺസെന്ന അത്ര വലുതല്ലാത്ത വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത അയർലൻഡ്, ക്രിസ് വോക്സിന്റെയും സ്റ്റുവർട്ട് ബ്രോഡിന്റെയും ബൗളിങ് മികവിനു മുന്നിൽ വിറയ്ക്കുകയായിരുന്നു. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ ഏഴാമത്തെ സ്കോറെന്ന നാണക്കേടും പേറിയാണ് ഐറിഷ് പട തോൽവി വഴങ്ങിയത്. വെള്ളിയാഴ്ച ചരിത്രത്തിലെ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കാൻ അയർലൻഡിന് 182 റൺസ് മതിയായിരുന്നു. എന്നാൽ, ഇംഗ്ലീഷ് ബൗളർമാർ അരങ്ങ് തകർത്തതോടെ ഐറിഷ് ബാറ്റ്സ്മാൻമാർ പൊരുതാൻപോലും നിൽക്കാതെ മടങ്ങി. 15.4 ഓവർ മാത്രമാണ് ഇന്നിങ്സ് നീണ്ടുനിന്നത്. ആറ് വിക്കറ്റെടുത്ത ക്രിസ് വോക്സും നാലുവിക്കറ്റെടുത്ത സ്റ്റുവർട്ട് ബ്രോഡുമാണ് അയർലൻഡിനെ നാണംകെടുത്തിയത്. മറ്റാർക്കും പന്തെറിയേണ്ടി വന്നില്ല. 11 റൺസെടുത്ത ജയിംസ് മക്കല്ലമാണ് അയർലൻഡിന്റെ ടോപ്സ്കോറർ. ബാക്കിയാർക്കും രണ്ടക്കം തികയ്ക്കാനായില്ല. സ്കോർ 11-ൽ നിൽക്കെ ക്യാപ്റ്റൻ വില്യം പോർട്ടർഫീൽഡിനെ (2) മടക്കി വോക്സ് ഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചു. ആൻഡി ബാൽബിറിനി (5), പോൾ സ്റ്റെർലിങ് (0), കെവിൻ ഒബ്രിയൻ (4) എന്നിവരും അധികം നിൽക്കാതെ മടങ്ങി. എട്ട് ഓവറെറിഞ്ഞ ബ്രോഡ് 19 റൺസ് വിട്ടുകൊടുത്തു. 7.4 ഓവറെറിഞ്ഞ വോക്സ് 17 റൺസ് വിട്ടുകൊടുത്താണ് ആറുവിക്കറ്റെടുത്തത്. വെള്ളിയാഴ്ച ഒമ്പതിന് 303 റൺസെന്ന നിലയിൽ രണ്ടാമിന്നിങ്സിൽ ബാറ്റിങ് തുടർന്ന ഇംഗ്ലണ്ട് ആദ്യപന്തിൽ ഓൾഔട്ടായി. Content Highlights:Ireland 38 all out, England win by 143 runs


from mathrubhumi.latestnews.rssfeed https://ift.tt/2OBVxGz
via IFTTT