Breaking

Tuesday, July 30, 2019

വൈറ്റില മേൽപ്പാലം : അപാകം ചൂണ്ടിക്കാട്ടിയതിന് എൻജിനീയറെ സസ്പെൻ‍ഡ് ചെയ്തതെന്തിന്...

കൊച്ചി: വൈറ്റില മേൽപ്പാലം നിർമാണത്തിലെ അപാകം ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയതിന്റെ പേരിൽ അസിസ്റ്റന്റ് എൻജിനീയറെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി ചോദ്യം ചെയ്യപ്പെടുന്നു. നിർമാണത്തിലെ അപാകം തിരുത്തുന്നതിനു പകരം അതു ചൂണ്ടിക്കാട്ടിയ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് ചെയ്തിരിക്കുന്നത്. വ്യാപക വിമർശനമാണ് ഇക്കാര്യത്തിൽ ഉയർന്നിരിക്കുന്നത്. വൈറ്റില മേൽപ്പാലത്തിലെ കോൺക്രീറ്റിങ്ങിൽ അപാകമുണ്ടെന്നും പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലെന്നും വിജിലൻസ് വിഭാഗം ജില്ലാ ഓഫീസറായ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ വി.കെ. ഷൈലാമോൾ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രോജക്ടിന്റെ പ്രാധാന്യം കണക്കിലെടുത്താണ് റിപ്പോർട്ട് അടിയന്തരമായി നൽകുന്നതെന്ന് റിപ്പോർട്ടിൽ എടുത്തു പറയുന്നുമുണ്ട്. എന്നാൽ, ഈ റിപ്പോർട്ട് എവിടെയോ ചോർന്നതിന്റെ പേരിൽ ആരു ചോർത്തിയെന്ന് അന്വേഷിക്കുക പോലും ചെയ്യാതെ റിപ്പോർട്ട് തയ്യാറാക്കിയ ആളെ ഉടൻ സസ്പെൻഡ് ചെയ്യുകയായിരുന്നു. മന്ത്രി ജി. സുധാകരൻ നേരിട്ടിടപെട്ടാണ് അടിയന്തരമായി സസ്പെൻഷൻ നൽകിയത് എന്നറിയുന്നു. കോൺക്രീറ്റിങ്ങിൽ മതിയായ ഗുണനിലവാരമില്ലെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ജാഗ്രതയോടെ നിർമാണം നടത്തുമ്പോഴും കോൺക്രീറ്റിങ്ങിന്റെ ഗുണനിലവാരത്തിൽ വീഴ്ചയുണ്ടാകാൻ സാധ്യത ഏറെയാണെന്ന് ഈ രംഗത്തുള്ളവർ വിശദീകരിക്കുന്നു. കോൺക്രീറ്റ് കൂട്ടാൻ ചേർക്കുന്ന വെള്ളം പോലും ഗുണനിലവാരത്തെ ബാധിക്കും. കോൺക്രീറ്റ് കൂട്ട് മറ്റൊരിടത്തുനിന്ന് തയ്യാറാക്കി കൊണ്ടുവരുമ്പോൾ അത് എത്തിക്കാൻ അല്പം വൈകി കോൺക്രീറ്റിങ് വൈകിയാൽ പോലും ഗുണനിലവാരത്തെ ബാധിക്കും. വൈറ്റിലയിൽ കോൺക്രീറ്റ് കൂട്ട് തയ്യാറാക്കുമ്പോൾ കരാറുകാരന്റെ ഭാഗത്ത് പരിചയ സമ്പന്നരായ സൂപ്പർവൈസർമാർ ഉണ്ടായിരുന്നില്ലെന്ന് വി.കെ. ഷൈലാമോൾ നൽകിയ റിപ്പോർട്ടിലുണ്ട്. ഇത് കരാറുകാരന്റെ ശ്രദ്ധയിൽ പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ജൂലായ് രണ്ടിന് ഡെക് സ്ലാബിന്റെ കോൺക്രീറ്റിങ് നടന്നപ്പോൾ പരിചയ സമ്പന്നരായ സൂപ്പർവൈസർമാരുണ്ടായിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽ പെട്ടിരുന്നെന്ന് റിപ്പോർട്ടിലുണ്ട്. ജൂൺ 13, 14 തീയതികളിൽ നടത്തിയ ഡെക് സ്ലാബ് കോൺക്രീറ്റുകളുടെ ഗുണനിലവാര പരിശോധന തൃപ്തികരമല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന്റെ ക്യൂബ് ടെസ്റ്റുകളുടെ റിപ്പോർട്ട് തയ്യാറാക്കി വരുന്നതേയുള്ളൂവെന്നും പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്താണ് റിപ്പോർട്ട് നേരത്തെ നൽകുന്നതെന്നും റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്. പ്ലാന്റിനൊപ്പം, നിർമാണ സാമഗ്രികൾ പരിശോധിക്കാൻ ലാബ് സൗകര്യം ഒരുക്കാത്തതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ പരിശോധിച്ച് നിർമാണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനു പകരം റിപ്പോർട്ട് തയ്യാറാക്കിയ ആളെ സസ്പെൻഡ് ചെയ്ത നടപടി ഉദ്യോഗസ്ഥ വിഭാഗത്തെയാകെ അമ്പരപ്പിലാക്കിയിട്ടുണ്ട്. പണി മോശമാകുന്നതല്ല, അക്കാര്യം ജനങ്ങളറിയുന്നതാണ് വലിയ പ്രശ്നം എന്ന നിലപാടാണ് ഈ നടപടിയിലൂടെ സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്ന് വിമർശകർ ആരോപിക്കുന്നു. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതു പോലുള്ള അപാകങ്ങൾ നിർമാണ വേളയിൽ പരിഹരിക്കാവുന്നതേയുള്ളൂ എന്നും അതിനു പകരം മുന്നറിയിപ്പുകളെ അവഗണിക്കുന്നത് പാലാരിവട്ടം മേൽപ്പാലത്തിനുണ്ടായതു പോലുള്ള സ്ഥിതിയിലേക്ക് നയിക്കുമെന്നും നിർമാണ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഷൈലാമോൾ സ്ട്രിക്റ്റാണ്; മുൻപും നടപടി നേരിട്ടിട്ടുമുണ്ട് കർശന നടപടി സ്വീകരിച്ചതിന് മുൻപും വകുപ്പുതല നടപടി നേരിട്ട ഉദ്യോഗസ്ഥയാണ് വി.കെ. ഷൈലാമോൾ. പി.ഡബ്ല്യു.ഡി. തൃപ്പൂണിത്തുറ അസിസ്റ്റന്റ് എൻജിനീയർ ആയിരുന്നപ്പോഴായിരുന്നു അത്. എസ്.എൻ. ജങ്ഷൻ-പുതിയകാവ് റോഡിൽ പൈപ്പ് ഇടുന്നതിന് റോഡ് കുഴിക്കുന്നതിനു മുൻപ് ജല അതോറിറ്റി തുക മുഴുവൻ കെട്ടിെവയ്ക്കണമെന്ന കർശന നിലപാടിന്റെ പേരിലായിരുന്നു അന്ന് നടപടി ഉണ്ടായത്. മേയ് മാസത്തിൽ റോഡ് കുഴിച്ചാൽ മഴ തുടങ്ങുന്നതിനു മുൻപ് റോഡ് നന്നാക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അവർ കർശന നിലപാട് സ്വീകരിച്ചത്. എന്നാൽ, ഇതിന്റെ പേരിൽ അന്ന് അവരെ സ്ഥലംമാറ്റുകയാണ് ഉണ്ടായത്. content highlights:PWD engineer suspended for report on Vyttila flyover irregularities


from mathrubhumi.latestnews.rssfeed https://ift.tt/2SNxaE5
via IFTTT