Breaking

Sunday, July 28, 2019

പ്രധാനമന്ത്രിക്കു കത്തെഴുതിയ ബുദ്ധിജീവികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന്‌ ഹർജി

മുസഫർപുർ: ന്യൂനപക്ഷങ്ങളെ കൂട്ടംചേർന്നു തല്ലുന്നതിനും സമാനമായ വിദ്വേഷക്കുറ്റകൃത്യങ്ങൾക്കുമെതിരേ നടപടിയാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തെഴുതിയ 49 ബുദ്ധിജീവികളുപേരിൽ രാജ്യദ്രോഹക്കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹർജി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്തൽ, രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭംഗംവരുത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട വകുപ്പുകളുൾപ്പെടുത്തിയുള്ളതാണ്‌ ഹർജി. അഭിഭാഷകൻ സുധീർ കുമാർ ഓഝയാണ് ബിഹാറിലെ മുസഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ശനിയാഴ്ച ഹർജിനൽകിയത്. പ്രധാനമന്ത്രിക്കു കത്തെഴുതിയ 49 പേർക്കെതിരേ വെള്ളിയാഴ്ച കത്തെഴുതിയ 61 പ്രമുഖരിൽപ്പെട്ട ഹിന്ദിനടി കങ്കണ റണൗട്ട്, ബോളിവുഡ് സംവിധായകരായ മാഥുർ ഭണ്ഡാർക്കർ, വിവേക് അഗ്നിഹോത്രി എന്നിവരെ സാക്ഷികളായും ഉൾപ്പെടുത്തിയിട്ടുണ്ട്. ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരേ കത്തെഴുതിയ 49 പേരും രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിച്ചെന്നും പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ പ്രകടനത്തെ അട്ടിമറിക്കുകയാണെന്നും ഓഝ ആരോപിച്ചു. വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നവരാണ് ഇവരെന്നും കുറ്റപ്പെടുത്തി. ഹർജി ഓഗസ്റ്റ് മൂന്നിനു പരിഗണിച്ചേക്കും. ചലച്ചിത്രസംവിധായകരായ മണിരത്നം, അനുരാഗ് കശ്യപ്, ശ്യാം ബെനഗൽ, അപർണ സെൻ, അടൂർ ഗോപാലകൃഷ്ണൻ, ഹിന്ദുസ്ഥാനി സംഗീതജ്ഞ ശുഭാ മുദ്ഗൽ, ചരിത്രകാരൻ രാമചന്ദ്ര ഗുഹ തുടങ്ങിയവരാണ് ‘മതസ്വത്വത്തിന്റെപേരിൽ നടക്കുന്ന വിദ്വേഷക്കുറ്റകൃത്യങ്ങളി’ൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്കു കത്തെഴുതിയത്. ‘ജയ് ശ്രീറാം’ എന്നത്‌ യുദ്ധകാഹളമായി മാറുന്നെന്നും ഇവർ പരിതപിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2GAZOUa
via IFTTT