തൃശ്ശൂർ: കെ.പി.സി.സി.യെ വെട്ടിലാക്കി ടി.എൻ. പ്രതാപന്റെ അന്തിമതീരുമാനം. തൃശ്ശൂർ ഡി.സി.സി. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ ഇനിയില്ലെന്ന് ടി.എൻ. പ്രതാപൻ എം.പി. 'മാതൃഭൂമി'യോട് പറഞ്ഞു. പകരം ആരെയും ഇൗ സ്ഥാനത്തേക്ക് താൻ നിർദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ തൃശ്ശൂരിന് പുതിയ ഡി.സി.സി. പ്രസിഡന്റിനെ ഉടൻ കണ്ടെത്തിയേ മതിയാവൂ എന്ന അവസ്ഥയിലായി കെ.പി.സി.സി. നേതൃത്വം. പാർലമെന്റ് അംഗമായതോടെ ഒന്നിലധികം പദവികൾ ഒരേസമയം വഹിക്കുന്ന പ്രതാപനെതിരേ ജില്ലയിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു. എം.പി. ആയതിനെത്തുടർന്ന് ഡി.സി.സി. പ്രസിഡന്റ് ആയി തുടരാൻ താത്പര്യമില്ലെന്നു കാണിച്ച് പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് പ്രതാപൻ കത്ത് നൽകിയിരുന്നു. എന്നാലിത് രാജിക്കത്തായി പരിഗണിക്കാൻ നേതൃത്വം തയ്യാറായില്ല. പ്രതാപൻ രാജിക്കത്ത് നൽകിയതിന്റെ പിന്നാലെ ജില്ലയിലെ ഐ ഗ്രൂപ്പും എ ഗ്രൂപ്പും ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് രംഗത്തെത്തി. ഇതിനിടയിലാണ് ആലത്തൂർ എം.പി. രമ്യാ ഹരിദാസിന്റെ കാർവിവാദം ഉണ്ടായത്. പിരിവിട്ട് കാർ വാങ്ങുന്നതിനെതിരേ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസ്താവന പരിപാടിക്ക് നേതൃത്വം കൊടുത്ത അനിൽ അക്കര എം.എൽ.എ.യ്ക്ക് തിരിച്ചടിയായി. രണ്ടുദിവസത്തിനുശേഷം 'തൃശ്ശൂർ ഡി.സി.സി.ക്ക് പ്രസിഡന്റ് ഇല്ല, ഞങ്ങൾക്കും വേണ്ടേ പ്രസിഡന്റ്' എന്നു ചോദിച്ച് അനിൽ അക്കര ഫെയ്സ് ബുക്ക് പോസ്റ്റിട്ടു. പ്രസിഡന്റിന്റെ ചുമതലപോലും ആരെയും ഏൽപ്പിക്കാൻ തയ്യാറായിട്ടില്ലെന്നും ഇതു ചെയ്യേണ്ടത് കെ.പി.സി.സി. അധ്യക്ഷനാണെന്നും അനിൽ അക്കര കുറിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് ചേർന്ന, മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ പ്രതാപൻ തുടരട്ടെയെന്നായിരുന്നു തീരുമാനം. ഇതിനെതിരേയാണ് പ്രതാപൻ നിലപാടെടുത്തത്. content highlights: TNprathapan, Congress,Thrissur DCC
from mathrubhumi.latestnews.rssfeed https://ift.tt/2Y5opeq
via
IFTTT