Breaking

Wednesday, July 31, 2019

‘രണ്ടു പഴത്തിന്റെ വിലയ്ക്ക് ഒരു മുറിതരാം’; പരസ്യവിപണിയിൽ ‘പഴം’തരംഗം

''ഞങ്ങളോട് ആരും പറഞ്ഞില്ല 442 രൂപ രണ്ടു പഴത്തിന്റെ വിലയാണെന്ന്. എന്നാൽ, ഞങ്ങൾ ആ വിലയ്ക്ക് ഒരു മുറി വാടകയ്ക്ക് നൽകുകയാണ്''- ഓയോ റൂംസ് എന്ന ഓൺലൈൻ ഹോട്ടൽ ശൃംഖലയുടെ പുതിയ പരസ്യമാണിത്. രണ്ടു പഴത്തിനു നികുതിയടക്കം 442 രൂപ നൽകേണ്ടിവന്ന ബോളിവുഡ് നടൻ രാഹുൽ ബോസിനുണ്ടായ അനുഭവത്തിന് ചുവടുപിടിച്ച് 'രാഹുൽ ബോസ് മൂവ്മെന്റ്' സാമൂഹിക മാധ്യമങ്ങളിലും വിപണിയിലും വൻ ഹിറ്റായിരിക്കുകയാണ്. ജി.എസ്.ടി.യുടെ പേരിൽ നക്ഷത്രഹോട്ടലുകൾ ഉൾപ്പെടെ വൻചൂഷണം നടത്തുന്നുവെന്ന പ്രചാരണം ഒരുവശത്ത് ചൂടുപിടിക്കുന്നതിനിടെ, ഈ 'പഴംവിവാദം' സ്വന്തം ബ്രാൻഡുകളുടെ മേന്മകൂട്ടാനാണ് പല വൻകിടകമ്പനികളും ശ്രമിക്കുന്നത്. രണ്ട് ദിവസത്തിനകം ഹോട്ടൽ താജ് ഉൾപ്പെടെയുള്ള പത്തോളം ബ്രാൻഡുകളാണ് ഈ മൂവ്മെന്റ് അവരുടെ പരസ്യത്തിലുപയോഗിച്ചത്. പിസ ഹട്ട്, ഗോദ്റേജ് നേച്വേഴ്സ് ബാസ്കറ്റ്, അരേ ന്യൂസ് പോർട്ടൽ, ആമസോൺ, റിലയൻസ് ജിയോ, ഓയോ റൂം, ദ പാർക്ക് തുടങ്ങിയ ബ്രാൻഡുകളാണ് 'രാഹുൽ ബോസ് മൂവ്മെന്റി'ന്റെ പശ്ചാത്തലത്തിൽ പരസ്യങ്ങളുമായെത്തിയത്. രണ്ടുപഴത്തിന് 442 രൂപ ഈടാക്കിയ മാരിയറ്റ് പഞ്ചനക്ഷത്ര ഹോട്ടലിന് 25,000 രൂപ പിഴശിക്ഷ ലഭിച്ച വാർത്തയും ഈ പരസ്യങ്ങൾക്ക് പ്രചാരം കൂട്ടി. രണ്ടുപഴത്തിന് 442 രൂപ നൽകുന്നതിനുപകരം രുചിയേറിയ പിസ 99 രൂപയ്ക്ക് ഞങ്ങൾ നൽകുമെന്നതാണ് പിസ ഹട്ടിന്റെ പരസ്യം. നിങ്ങൾ ആഗ്രഹിക്കുന്ന പഴം പുതുമയോടെ സൗജന്യമായി തരാമെന്നതാണ് ഹോട്ടൽരംഗത്ത് മാരിയറ്റിന്റെ എതിരാളിയായ താജിന്റെ പ്രഖ്യാപനം. പഴത്തെ വേണ്ടെന്നുവെക്കാൻ ഒരു കാരണവുമില്ലെന്ന ടാഗ് ലൈനോടെയാണ് ഗോദ്റേജിന്റെ ഭക്ഷ്യവിതരണ ശൃംഖലയായ നേച്വേഴ്സ് ബാസ്കറ്റ് പരസ്യമിറക്കിയത്. 442 രൂപയ്ക്കുപകരം 14 രൂപ മാത്രം നൽകിയാൽ മതിയെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈൻ വാർത്താ പോർട്ടലായ അരേ, പി.വി.ആർ. ഗ്രൂപ്പ് ജെ.ഡബ്ള്യു. മാരിയറ്റിന് 'ഫ്രൻഡ് റിക്വസ്റ്റ്' അയച്ചുവെന്ന പരിഹാസമാണ് ചൊരിഞ്ഞത്. നികുതി ഈടാക്കുന്നതിന് കുപ്രസിദ്ധരായ പി.വി.ആർ. സമാനരീതിയിൽ നികുതി ചുമത്തുന്ന മറ്റൊരാളെ കണ്ടപ്പോൾ സൗഹൃദം കൂടാനെത്തിയെന്നതാണ് ഇതിന്റെ സാരം. 442 രൂപയ്ക്ക് രണ്ട് പഴം ലഭിക്കുമ്പോൾ മൂന്നുമാസത്തെ പ്രൈം വീഡിയോ, സൗജന്യ എത്തിക്കൽ, ഉടനടി ഷിപ്പിങ്, മ്യൂസിക് സ്ട്രീമിങ്, ഇ-ബുക്സ് എന്നിവയും 55 രൂപയുടെ ഇളവും നൽകാമെന്നതാണ് ആമസോൺ പ്രൈമിന്റെ പരസ്യം. 399 രൂപയ്ക്ക് 84 ദിവസത്തേക്ക് ദിവസം 1.5 ജി.ബി. ഇന്റർനെറ്റ് നൽകാമെന്നതാണ് റിലയൻസ് ജിയോയുടെ പോസ്റ്റ്.


from mathrubhumi.latestnews.rssfeed https://ift.tt/2KdEFAb
via IFTTT