കണ്ണൂർ: കഴിഞ്ഞദിവസം ആന്ധ്രയിലെ വിജയവാഡയ്ക്കു സമീപം ഭീമാവാരത്ത് കല്ലുമ്മക്കായ ശേഖരിക്കവെ വനംവകുപ്പധികൃതരുടെ പിടിയിലായ നാലു കണ്ണൂരുകാർ തിങ്കളാഴ്ച മോചിതരായി. കണ്ണൂർ ആദികടലായി സ്വദേശികളായ സമീർ, സൽമാൻ ഫാരിസ്, ഷറഫുദ്ദീൻ, താഴെ ചൊവ്വയിലെ എം.നവാസ് എന്നിവരും രണ്ട് അസം സ്വദേശികളുമാണ് കൃതിമന്ന പോലീസിന്റെ പിടിയിലായത്. കൃഷ്ണാനദിയുടെ വിവിധ കൈവഴികളിൽനിന്ന് കല്ലുമ്മക്കായ ശേഖരിക്കുമ്പോഴാണ് വനംവകുപ്പുകാർ ഇവരെ പിടിച്ചത്. അനധികൃതമായി വനവിഭവങ്ങൾ ശേഖരിക്കുന്നുവെന്ന പരാതിയെത്തുടർന്നായിരുന്നു നടപടി. കല്ലുമ്മക്കായ ശേഖരിക്കുന്നവരാണെന്ന് കേരളാ പോലീസും വനംവകുപ്പും ആന്ധ്രാ പോലീസിനെ അറിയിച്ചതിനെത്തുടർന്നാണ് ഇവരെ വിട്ടയച്ചത്. ഗുജറാത്ത്, തമിഴ്നാട്, ഒഡിഷ, ബംഗാൾ, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ കല്ലുമ്മക്കായ അന്വേഷിച്ചുകണ്ടെത്തി വ്യാപാരം നടത്തുന്നവരാണ് സമീറിന്റെ നേതൃത്വത്തിലുള്ള സംഘം. അഞ്ചുവർഷമായി രാജ്യത്തെ നൂറോളം സ്ഥലങ്ങളിൽ യാത്രചെയ്ത് ഇവർ കല്ലുമ്മക്കായ കച്ചവടംചെയ്തിട്ടുണ്ട്. ഭീമാവാരത്ത് വൻതോതിൽ കല്ലുമ്മക്കായശേഖരമുണ്ടെന്നറിഞ്ഞാണ് അവിടെയെത്തിയത്. തദ്ദേശീയരായ തൊഴിലാളികളെ നിയോഗിച്ച് കല്ലുമ്മക്കായ പറിച്ചെടുത്തു. ഭക്ഷ്യവസ്തുവായി കല്ലുമ്മക്കായ ഉപയോഗിക്കാത്തവരാണ് ഈ ഗ്രാമവാസികൾ. ആദ്യമായാണ് കല്ലുമ്മക്കായയെക്കുറിച്ച് ഒന്നുമറിയാത്ത ഗ്രാമത്തിലെത്തിയതെന്ന് സമീർ പറ്ഞ്ഞു. ഭീമാവാരത്തെ ഒരു ഏജന്റ് കൂടുതൽ പണമാവശ്യപ്പെട്ടത് കൊടുക്കാത്തതിന്റെ പേരിൽ വനംവകുപ്പിനെ തെറ്റിദ്ധരിപ്പിച്ച് കസ്റ്റഡിയിലെടുപ്പിച്ചതാണെന്നും ഇവർ വിശദീകരിച്ചു. ശേഖരിച്ച കുറെ കല്ലുമ്മക്കായ പുഴയിലുപേക്ഷിച്ചു. 350 കിലോ കല്ലുമ്മക്കായയാണ് ഉപേക്ഷിച്ചത്. ശേഖരിക്കുന്ന കല്ലുമ്മക്കായ കണ്ണൂരുൾപ്പെടെ കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് തീവണ്ടിയിൽ ബുക്കുചെയ്തോ മറ്റു വാഹനങ്ങളിലോ ഒറ്റദിവസംകൊണ്ട് എത്തിക്കുകയാണ് പതിവ്. അനുമതി വാങ്ങിയശേഷം കല്ലുമ്മക്കായ ശേഖരിക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. കല്ലുമ്മക്കായ തേടി 200-ഒാളം പേർ ആന്ധ്രയിലെ കാക്കിനഡയിലും ഭീമാവാരത്തും മറ്റും കടൽപ്പാലത്തിനടിയിൽ കല്ലുമ്മക്കായ വൻതോതിൽ പറ്റിപ്പിടിച്ചുവളരുന്നുണ്ട്. എൺപത് കിലോ വരുന്ന ഒരു ചാക്ക് പറിച്ചെടുത്താൽ അവിടത്തെ ഏജന്റിന് 500 രൂപ നൽകണം. വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് കല്ലുമ്മക്കായ കണ്ടെത്തി ശേഖരിക്കുന്നവർ കേരളത്തിൽ 200-ഓളം പേരുണ്ട്. കൂടുതൽപേരും എറണാകുളം കേന്ദ്രീകരിച്ചാണ് പ്രവർത്തനം. കല്ലുമ്മക്കായക്കു പുറമെ എളമ്പക്കയും ശേഖരിക്കാറുണ്ട്. content highlights:kallummakkaya,bhimavaram,mussels
from mathrubhumi.latestnews.rssfeed https://ift.tt/2STV94v
via
IFTTT