Breaking

Sunday, July 28, 2019

പുതിയ കോൺഗ്രസ് അധ്യക്ഷൻ: പ്രവർത്തകസമിതി യോഗം 10-നകം, രഹസ്യബാലറ്റിനും ആലോചന

പുതിയ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രവർത്തകസമിതിയോഗം ഓഗസ്റ്റ് 10-നകം ചേരും. പാർലമെന്റുസമ്മേളനം ഏഴുവരെ നീട്ടിയതിനാലാണു തീയതിയുടെ കാര്യത്തിൽ അനിശ്ചിതത്വം. ഓഗസ്റ്റ് മൂന്നിനോ പാർലമെന്റു സമ്മേളനം കഴിഞ്ഞയുടൻ എട്ടിനോ നടത്താനാണ് ആലോചന. രണ്ടുമൂന്നു ദിവസത്തിനകം അന്തിമതീരുമാനമുണ്ടാകും. കർണാടകയിലെ വിശ്വാസവോട്ടെടുപ്പു കഴിഞ്ഞാൽ ഓഗസ്റ്റ് ആദ്യംതന്നെ പ്രവർത്തകസമിതി യോഗം ചേരാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, പാർലമെന്റു സമ്മേളനം നീട്ടിയതോടെ ഇതു മാറ്റി. അധ്യക്ഷനെ തിരഞ്ഞെടുക്കാൻ പ്രവർത്തകസമിതി അംഗങ്ങൾക്കു രഹസ്യബാലറ്റ് നൽകണമെന്ന ആവശ്യവും പരിഗണിക്കുന്നുണ്ട്. നിലവിലുള്ള 52 പ്രവർത്തകസമിതിയംഗങ്ങൾക്കു നൽകുന്ന രഹസ്യബാലറ്റിൽ നാലുപേരുകൾ വീതം രേഖപ്പെടുത്തണം. എന്തുകൊണ്ടീ നേതാവിനെ തിരഞ്ഞെടുത്തു എന്ന കാര്യവും രേഖപ്പെടുത്തണം. മറ്റാർക്കും ഈ പേരുകൾ കൈമാറരുത്. ഇവ പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധിക്കു കൈമാറും. ഏറ്റവും കൂടുതൽ ആളുകൾ നിർദേശിച്ച പേരുകൾ പ്രവർത്തകസമിതി യോഗത്തിൽ സോണിയ അവതരിപ്പിക്കും. കൂടുതൽ ജനകീയമായ പേരിൽ സമവായത്തിലെത്തിയാവും അധ്യക്ഷനെ പ്രഖ്യാപിക്കുക. രണ്ടാമതെത്തുന്നയാളെ വർക്കിങ് പ്രസിഡന്റാക്കണമെന്ന നിർദേശവും ഉയർന്നുവന്നിട്ടുണ്ട്. പ്രവർത്തകസമിതിയിലെ വലിയൊരു വിഭാഗം ഇതിനനുകൂലമാണ്. അധികാരം ഒരാളിൽമാത്രം കേന്ദ്രീകരിക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. മേയ് 25-നു നടന്ന പ്രവർത്തക സമിതി യോഗത്തിലാണു രാഹുൽ ഗാന്ധി രാജി പ്രഖ്യാപിച്ചത്. ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നു മുതിർന്ന നേതാക്കൾക്കു നിർദേശവും നൽകി. കാലാവധി കഴിഞ്ഞിട്ടും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാതിരുന്നതോടെ ജൂലായ് മൂന്നിനു രാഹുൽ രാജി പരസ്യമായി പ്രഖ്യാപിച്ചു. രാജി അടുത്ത പ്രവർത്തകസമിതി യോഗം ഔദ്യോഗികമായി സ്വീകരിക്കുന്നതുവരെ രാഹുൽതന്നെയാണു പാർട്ടി ഭരണഘടനപ്രകാരം അധ്യക്ഷനെന്നു കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2YbjY1O
via IFTTT