Breaking

Wednesday, July 31, 2019

ഒടുവിൽ സ്കാനിങ്‌ ഫലം വന്നു; റാണിക്കും കൂട്ടുകാരികൾക്കും ‘വിശേഷ’മില്ല

കൊല്ലം : ആകാംക്ഷകൾക്ക് വിരാമമിട്ട് ഒടുവിൽ പരിശോധനാ ഫലം വന്നു. റാണിക്കും സാന്റിക്കും റിയയ്ക്കും മീനാക്ഷിക്കും ഗർഭമില്ല. ശൂരനാട് പതാരം സ്വദേശി റഷീദിന്റെയും കരുനാഗപ്പള്ളി സ്വദേശി മനുവിന്റെയും ഉടമസ്ഥതയിലുള്ള നാലു കുതിരകളും പൂർണ ആരോഗ്യവതികളും നാലുപേരും 'സിനിമാതാര'ങ്ങളുമാണ്. നാലു സുന്ദരിമാരെയും ഇണചേർത്തിരുന്നെങ്കിലും അവർ ഗർഭിണികളല്ലെന്ന് അറിഞ്ഞതോടെ ഉടമസ്ഥർ നിരാശരായി. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ടെലി വെറ്ററിനറി സർവീസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അൾട്രാ സൗണ്ട് സ്കാനിങ്, പോർട്ടബിൾ എക്സ്റേ, പാൽപേഷൻ തുടങ്ങിയ പരിശോധനാ മാർഗങ്ങളിലൂടെയാണ് നാലുപേരും ഗർഭിണികളല്ലെന്ന് സ്ഥിരീകരിച്ചത്. പതാരത്തെ റഷീദിന്റെ വീട്ടിലെത്തിയാണ് 'ഗർഭ പരിശോധന' നടത്തിയത്. സ്കാനിങ് മെഷീനും പോർട്ടബിൾ എക്സ്റേയും മറ്റു സജ്ജീകരണവുമൊക്കെ സ്ഥലത്തെത്തിയപ്പോൾ റാണിയൊഴികെ മറ്റു നാലു പേരുമൊന്ന് പകച്ചു. നേരത്തേ ടെലി വെറ്ററിനറി സർവീസ് യൂണിറ്റിന്റെ ആദ്യഗർഭ പരിശോധനയ്ക്ക് വിധേയയായതും റാണിയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഡി.ഷൈൻകുമാറിന്റെ നേതൃത്വത്തിൽ ഡോ. അജിത്പിള്ള, ഡോ. ആര്യ സുലോചനൻ, ഡോ. ആരതി, ഡോ. ജാസ്മി, നന്ദന എന്നിവരാണ് പരിശോധന നടത്തിയത്. സംസ്ഥാനത്ത് ആദ്യമായിട്ടാകും മൃഗങ്ങൾക്ക് ഗർഭമുണ്ടോയെന്നറിയാൻ ഇത്രയും വിപുലമായ ആധുനികസംവിധാനം ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നത്. നേരത്തേ റഷീദിന്റെ കുതിരകളായ റാണിയെയും റിയയെയും മീനാക്ഷിയെയും റഷീദിന്റെതന്നെ കുതിരയായ മുന്നയുമായും മനുവിന്റെ കുതിരയായ സാന്റിയെ മറ്റൊരു കുതിരയായ ലിംകയുമായും ഇണചേർത്തിരുന്നു. 320 മുതൽ 362 ദിവസംവരെയാണ് കുതിരകളുടെ ഗർഭകാലം. എന്നാൽ അഞ്ചുമാസം കഴിഞ്ഞിട്ടും നാലുപേരും ഗർഭലക്ഷണമൊന്നും കാട്ടിയില്ല. ഇക്കാലയളവിൽ ചില ഡോക്ടർമാരെ സമീപിച്ചെങ്കിലും തൊഴിപേടിച്ച് ആരും പരിശോധനയ്ക്ക് തയ്യാറായില്ല. ഒടുവിലാണ് കേസ് ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ പരിഗണനയിലെത്തിയത്. സാധാരണ പശുക്കളുടെ ഗർഭം പരിശോധിക്കുന്നതുപോലെ കൈകടത്തിയുള്ള പരിശോധന കുതിരകളിൽ നടക്കില്ല. ആകെ ഏഴ് കുതിരകളാണ് റഷീദിന്റെയും മനുവിന്റെയും ഉടമസ്ഥതയിലുള്ളത്. വിദ്യാർഥികളെ കുതിരസവാരി പരിശീലിപ്പിക്കാനാണ് പ്രധാനമായും ഇവരെ ഉപയോഗിക്കുന്നത്. ഇതിനുപുറമേ മേളകളിലും സിനിമ ഷൂട്ടിങ്ങിലുമൊക്കെ റാണിയെയും കൂട്ടുകാരികളെയും കൊണ്ടുപോയിട്ടുണ്ട്. content highlights:horse ultrasound pregnancy


from mathrubhumi.latestnews.rssfeed https://ift.tt/2YpXo4X
via IFTTT