Breaking

Friday, July 26, 2019

മുപ്പതാണ്ടു കഴിഞ്ഞ് ശിഷ്യൻ കടം വീട്ടി, പതിനായിരം ഇരട്ടിയായി

തൃശ്ശൂർ:അരിവാങ്ങാനേൽപ്പിച്ച പണം കളിക്കിടെ നഷ്ടപ്പെട്ട കുട്ടികളുടെ സങ്കടം സ്വന്തം പണംകൊണ്ട് തീർത്തപ്പോൾ വാര്യർ മാഷ് കരുതിയില്ല, മൂന്ന് പതിറ്റാണ്ടിന് ശേഷം ഈ സമാഗമം. അധ്യാപകന് അന്നു നൽകിയ വാക്ക് പാലിക്കാൻ ശിഷ്യനെത്തിയത് 11രൂപ 35 പൈസയ്ക്ക് പകരം 1,13,500 രൂപയുമായാണെന്ന് മാത്രം. ചേർപ്പ് ഗവ. ഹൈസ്കൂളാണ് ഈ അപൂർവ കടംവീട്ടലിന് സാക്ഷിയായത്. സ്കൂളിൽ അധ്യാപകനായിരുന്ന കെ.ഡബ്ല്യു. അച്യുതവാര്യരിൽനിന്നു സ്വീകരിച്ച പണമാണ് മൂല്യമളക്കാനാവാത്ത കടപ്പാടായി തൈക്കാട്ടുശ്ശേരി സാഫല്യയിൽ ദിനേശ് എന്ന പഴയശിഷ്യൻ മടക്കിയത്. “കൂലിപ്പണിക്ക് പോയി അച്ഛൻ കൊണ്ടുവന്ന 11രൂപ 35 പൈസ തിരിച്ചുകൊടുത്തപ്പോൾ മാഷ് അന്ന് വാങ്ങിയില്ല. പകരം എന്നെ ചേർത്തുനിർത്തി പറഞ്ഞു, വലുതായി കാശുണ്ടാവുമ്പോൾ സ്കൂളിന് എന്തെങ്കിലും നൽകിയാൽ മതി''-ദിനേശ് ഒാർക്കുന്നു. സ്കൂളിലെ കായികമത്സരങ്ങളിൽ പങ്കെടുക്കുന്നതിനിടയിൽ കൂട്ടുകാരൻ പോക്കറ്റിൽ ഉണ്ടായിരുന്ന രൂപ ദിനേശിനെ ഏല്പിച്ചു. വൈകീട്ട് പോകുമ്പോൾ അരി വാങ്ങാനുള്ളതാണ്, സൂക്ഷിക്കണമെന്ന് പറഞ്ഞു. തിരിച്ചുവന്ന് കൂട്ടുകാരൻ പൈസ തിരിച്ചുചോദിച്ചപ്പോഴേക്കും പണം നഷ്ടപ്പെട്ടിരുന്നു. എന്ത് ചെയ്യുമെന്നറിയാതെ, സങ്കടം സഹിക്കാനാവാതെ നിന്നപ്പോഴാണ് അതുവഴി വാര്യർ മാഷ് വന്നത്. ഒരു നിമിഷം കടിച്ചമർത്തിയ സങ്കടം പൊട്ടിയൊഴുകി. മാഷ് പോക്കറ്റിൽനിന്ന് പൈസയെടുത്ത് കൂട്ടുകാരന് കൊടുക്കാൻ പറഞ്ഞു. വൈകീട്ട് വീട്ടിലെത്തി സംഭവം പറഞ്ഞപ്പോൾ മകന്റെ കൈയിൽനിന്നു നഷ്ടപ്പെട്ട രൂപയുടെ ഉത്തരവാദിത്വം ദിനേശിന്റെ അച്ഛൻ ഏറ്റെടുത്തു. അന്നത്തെ കൂലി മകനെ ഏൽപ്പിച്ചിട്ട് അത് മാഷിന് കൊടുക്കാൻ പറഞ്ഞു. അച്ഛന്റെ ഒരുദിവസത്തെ കൂലിയാണിതെന്ന് മനസ്സിലാക്കിയ അധ്യാപകൻ പൈസ സ്നേഹപൂർവം തിരിച്ചുനൽകി. അന്ന് നൽകിയ വാക്ക് പാലിക്കാൻ വാര്യർ മാഷുമായാണ് ദിനേശ് സ്കൂളിലെത്തിയത്. 12 വർഷമായി അബുദാബിയിൽ ബിസിനസ് ചെയ്യുകയാണ് ദിനേശ്. പണം സ്കൂൾ ബസിന് വേണ്ടി ഉപയോഗിക്കുമെന്ന് ഗവ. ഹൈസ്കൂൾ പ്രഥമാധ്യാപിക യു.കെ. ഹസീന പറഞ്ഞു. Content Highlights: 11 rupees thrity five paisa borrowed, given back 1,13,500


from mathrubhumi.latestnews.rssfeed https://ift.tt/2ZcGXGb
via IFTTT