Breaking

Wednesday, August 29, 2018

ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡുകള്‍ സെപ്തംബര്‍ 2 മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്കും നനഞ്ഞ് ഉപയോഗ്യമല്ലാതാകുകയും സെപ്തംബര്‍ രണ്ടു മുതല്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യും. സെപ്തംബര്‍ 10-ാം തീയതിയോടെ ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. 

സിഡിറ്റ്, ഐടി മിഷന്‍, എന്‍ഐസി എന്നിവയുടെ നേതൃത്വത്തില്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതിനുള്ള സംവിധാനം എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും ഒരുക്കും. പ്രത്യേകം തയാറാക്കിയ അപേക്ഷാ ഫോമിനൊപ്പം സ്വന്തം നിലയിലുള്ള സത്യവാങ്ങ്മൂലവും സമര്‍പ്പിച്ചാല്‍ മതിയാകും. അപേക്ഷ ഫോമുകള്‍ എല്ലാ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാകും. കൂടാതെ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. 

ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് എല്ലാ സപ്ലൈ ഓഫീസുകളിലും പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിക്കും. അപേക്ഷ ലഭിച്ച്‌ മൂന്നു ദിവസത്തിനകം ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്ത് നല്‍കും. ഇത്തരത്തില്‍ വിതരണം ചെയ്യുന്ന കാര്‍ഡുകളില്‍ 2018 ജൂലൈ - ഓഗസ്റ്റ് മാസത്തിലെ പ്രളയത്തോടനുബന്ധിച്ച്‌ വിതരണം ചെയ്തത് എന്ന് സീല്‍ ചെയ്തിരിക്കും. കൂടാതെ ഉപയോഗശൂന്യമായ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കണം. പഞ്ചായത്ത് തലത്തിലോ താലൂക്ക് അടിസ്ഥാനത്തിലോ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ജില്ല സപ്ലൈ ഓഫീസര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

വിവിധ ആവശ്യങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് അവശ്യരേഖയായതിനാലാണ് കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ കാര്‍ഡ് ലഭ്യമാക്കുന്നത്. നാളെ വൈകിട്ട് മുതല്‍ എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും പ്രിന്റര്‍, ടോണര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ എന്നീ സൗകര്യങ്ങള്‍ സിഡിറ്റ് സജ്ജമാക്കും. 



from Anweshanam | The Latest News From India https://ift.tt/2MCcSgX
via IFTTT