Breaking

Thursday, August 30, 2018

സഭാ സമ്മേളനം: രാജു ഏബ്രഹാമിനേയും സജി ചെറിയാനേയും ചര്‍ച്ചയില്‍ നിന്നൊഴിവാക്കി

തിരുവനന്തപുരം:പ്രളയവും തുടർനടപടികളും ചർച്ചചെയ്യാൻ വിളിച്ചുകൂട്ടിയ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച രണ്ട് സ്ഥലങ്ങളിലെ എംഎൽഎമാരെ ചർച്ചയിൽ നിന്ന് ഒഴിവാക്കി. ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനേയും റാന്നി എംഎൽഎ രാജു ഏബ്രഹാമിനേയുമാണ് ചർച്ചയിൽ നിന്ന് ഒഴിവാക്കിയത്. പ്രളയബാധിത പ്രദേശങ്ങളിലെ ജനപ്രതിനിധികൾക്കാണ് പ്രത്യേക സമ്മേളനത്തിൽ സംസാരിക്കാൻ അനുവദിച്ചത്. താരതമ്യേന പ്രളയ ദുരിതം രൂക്ഷമായി ബാധിക്കാത്ത കായംകുളം എംഎൽഎ യു.പ്രതിഭയ്ക്ക് വരെ സംസാരിക്കാൻ അനുമതി നൽകിയപ്പോഴാണ് പ്രളയക്കെടുതി ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂരിന്റെയും റാന്നിയുടേയും എംഎൽഎമാരെ ഒഴിവാക്കിയത്. രക്ഷാപ്രവർത്തനവേളയിൽ പരസ്യമായി വിമർശിച്ചവരാണ് സജി ചെറിയാനും രാജു ഏബ്രഹാമും. സിപിഎമ്മിൽ നിന്ന് 11 പേർക്കായി 98 മിനിറ്റാണ് സംസാരിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. സൈന്യം യഥാസമയം എത്തിയില്ലെങ്കിൽ 10,000 പേരെങ്കിലും മരിക്കുമെന്ന സജി ചെറിയാന്റെ പരസ്യമായ അഭ്യർഥന രക്ഷാപ്രവർത്തനവേളയിൽ ഏറെ ചർച്ചയായിരുന്നു. കൃത്യമായ മുന്നറിയിപ്പ് നൽകാതെ ഡാമുകൾ തുറന്നതാണ് കാര്യങ്ങൾ വഷളാക്കിയതെന്ന് രാജു ഏബ്രഹാം പരസ്യമായി പറയുകയുണ്ടായി. ആറന്മുള എം.എൽ.എ വീണ ജോർജാണ് സിപിഎമ്മിൽ നിന്ന് ചർച്ചതുടങ്ങിവെക്കുക. സിപിഎമ്മിൽ നിന്ന് 10 പേരും സ്വതന്ത്രനായ നിലമ്പൂർ എംഎൽഎ പി.വി അൻവറുമാണ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുക.


from mathrubhumi.latestnews.rssfeed https://ift.tt/2MGTXSp
via IFTTT