Breaking

Friday, August 31, 2018

എലിപ്പനി: ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: എലിപ്പനി പടര്‍ന്ന് പിടിക്കാതിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും ജനങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. വീട് വൃത്തിയാക്കുന്നവരും വെള്ളത്തില്‍ ഇറങ്ങുന്നവരുമെല്ലാം മുന്‍കരുതലുകളെടുക്കണം. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. കൂടാതെ എലിപ്പനിയുടെ പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നും മന്ത്രി ആവശ്യപെട്ടു.

എന്താണ് എലിപ്പനി?

ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകര്‍ച്ചവ്യാധികളില്‍ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്.

രോഗവ്യാപനം

രോഗാണുവാഹകരയായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 4 മുതല്‍ 20 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു.

രോഗ ലക്ഷണങ്ങള്‍

പനി, പേശി വേദന (കാല്‍ വണ്ണയിലെ പേശികളില്‍) തലവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്നതാണ്.

ആരംഭത്തില്‍ ചികിത്സ തേടാതിരുന്നാല്‍?

ആരംഭത്തില്‍ ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും.



from Anweshanam | The Latest News From India https://ift.tt/2NwO3iP
via IFTTT