Breaking

Saturday, December 4, 2021

കരിക്ക് വില്പനക്കാരൻ ആംബുലൻസ് ഓടിക്കാൻ ശ്രമിച്ചു, മൂന്ന് വാഹനങ്ങളിലിടിച്ച്‌ നാലുപേർക്ക് പരിക്ക്

കിടങ്ങൂർ : കട്ടച്ചിറ മാവിൽചുവട്ടിൽ വഴിയോരക്കച്ചവടക്കാൻ നിർത്തിയിട്ടിരുന്ന ആംബുലൻസ് ഓടിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ആംബുലൻസ് മൂന്നു വാഹനങ്ങളിലിടിച്ചു നാലുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെ കട്ടച്ചിറ മാവിൻചുവട്ടിലായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ആംബുലൻസ് ഓടിക്കാനുള്ള കരിക്ക് വില്പനക്കാരന്റെ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. പാലാ ജനറലാശുപത്രിയുടെ ആംബുലൻസ് ഡ്രൈവർ കരിക്ക് കുടിക്കാനായി വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം കരിക്ക് വില്പനക്കാരനായിരുന്ന പിറയാർ സ്വദേശിയായ മുരുകൻ ആംബുലൻസിൽ കയറി വാഹനം സ്റ്റാർട്ട് ചെയ്തു. മെഡിക്കൽ കോളേജിൽ രോഗിയെ എത്തിച്ചതിന് ശേഷം തിരിച്ചു വരുകയായിരുന്നു ആംബുലൻസ്. താക്കോൽ വാഹനത്തിൽ തന്നെയുണ്ടായിരുന്നു. ഗിയറിട്ടതോടെ വാഹനം പിന്നോട്ട് ഓടി. പിന്നാലെവന്ന രണ്ട് ഓട്ടോറിക്ഷകളിലും നിർത്തിയിട്ടിരുന്ന ബൈക്കിലും ആംബുലൻസ് ഇടിച്ചുകയറി. ബൈക്കിൽ ഇരിക്കുകയായിരുന്ന കടപ്പൂർ സ്വദേശി കുഞ്ഞുമോന് സാരമായി പരിക്കേറ്റു. ആംബുലൻസിനും മരത്തിനും ഇടയിൽപെട്ട് ബൈക്ക് ഞെരിഞ്ഞമർന്നു. പാലാ ഭാഗത്തേക്ക് പോയ രണ്ട് ഓട്ടോറിക്ഷകളിലും ആംബുലൻസ് ഇടിച്ചു. ഒരു ഓട്ടോ റോഡിൽ തലകീഴായിമറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്കും നിസ്സാര പരിക്കേറ്റു. ഈരാറ്റുപേട്ട സ്വദേശി ജബാർ, പാലാ സ്വദേശി സണ്ണി ജോസഫ് എന്നിവരുടേതാണ് ഓട്ടോറിക്ഷകൾ. ജബ്ബാറിന്റെ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവർക്കും നിസ്സാര പരിക്കുണ്ട്. വാഹനത്തിനിടയിൽപെട്ട സണ്ണി ജോസഫ് നിസ്സാര പരിക്കോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ കുഞ്ഞുമോനെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കിടങ്ങൂർ എസ്.ഐ. കുര്യൻ മാത്യുവിന്റെ നേതൃത്വത്തിൽ പോലീസ് അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിച്ചു. കരിക്ക് വില്പനക്കാരനായ മുരുകനെതിരേ കേസെടുത്തിട്ടുണ്ടെന്ന് എസ്.ഐ. കുര്യൻ മാത്യു പറഞ്ഞു. കരിക്കുകടയുടെ മുന്നിൽ പാർക്കുചെയ്ത ശേഷമാണ് ഡ്രൈവർ കരിക്ക് കുടിച്ചത്. റോഡിന് മറുവശത്തേക്ക് പോയപ്പോൾ മുരുകൻ വാഹനം മാറ്റിയിടാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ഇയാൾ വാഹനം ഓടിക്കുന്നയാളാണെന്നും പോലീസ് പറഞ്ഞു. Content Highlights:tender coconut seller tries to drive ambulance collides with three vehicles, injures four


from mathrubhumi.latestnews.rssfeed https://ift.tt/3om2fA3
via IFTTT