ന്യൂഡൽഹി: റഫാൽ യുദ്ധവിമാനക്കരാറിൽ കേന്ദ്രസർക്കാരിനെതിരേ ആക്രമണം ശക്തമാക്കിയ കോൺഗ്രസിനെതിരേ തിരിച്ചടിച്ച് കേന്ദ്രധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി രംഗത്ത്. കോൺഗ്രസ് നുണ വിൽക്കുകയും വ്യാജപ്രചാരണം നടത്തുകയുമാണെന്ന് ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി ദേശീയസുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുകയാണെന്നും ആരോപിച്ചു.ഫെയ്സ്ബുക്കിൽ രാഹുലിനെതിരേ 15 ചോദ്യങ്ങളുന്നയിച്ചായിരുന്നു ജെയ്റ്റ്‌ലിയുടെ കടന്നാക്രമണം. രാഹുലും കോൺഗ്രസും തന്റെ ചോദ്യങ്ങൾക്ക് ഉടൻ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.“നുണ വിൽക്കുന്നതിന്റെ ഭാഗമായാണ് കോൺഗ്രസ് റഫാൽ കരാറിൽ വ്യാജപ്രചാരണം നടത്തുന്നത്. റഫാൽ വിവാദം പൂർണമായും വ്യാജമാണ്. പ്രതിരോധ ഇടപാടുകളെക്കുറിച്ച് പൊതുജനമധ്യത്തിൽ പറയുമ്പോൾ അതേക്കുറിച്ചുള്ള അടിസ്ഥാനവസ്തുതകളെങ്കിലും ദേശീയപാർട്ടികളും അവയുടെ നേതാക്കളും അറിഞ്ഞിരിക്കണം” -ജെയ്റ്റ്‌ലി പറഞ്ഞു.2007-ൽ യു.പി.എ. സർക്കാർ അംഗീകരിച്ചതിനെക്കാൾ മികച്ച വ്യവസ്ഥകളുമായാണ് 2015 ഏപ്രിൽ 10-ന് ഫ്രാൻസുമായി എൻ.ഡി.എ. സർക്കാർ കരാറിൽ ഏർപ്പെട്ടതെന്ന് ജെയ്റ്റ്‌ലി അവകാശപ്പെട്ടു.മൂന്നുകാര്യങ്ങളിൽ കോൺഗ്രസും രാഹുലും തെറ്റുകാരാണെന്നും ജെയ്റ്റ്‌ലി ആരോപിച്ചു. “ഒന്ന്, ദേശീയസുരക്ഷയിൽ വിട്ടുവീഴ്ചചെയ്ത് ഒരു ദശാബ്ദത്തോളം കരാർ വൈകിപ്പിച്ചു. രണ്ട്, വിലയെക്കുറിച്ചും നടപടിക്രമത്തെക്കുറിച്ചും വ്യാജപ്രചാരണം നടത്തി. മൂന്ന്, ഈ വിഷയങ്ങൾ ഉയർത്തിക്കാട്ടി ഇടപാട് വൈകിപ്പിച്ചു.”കരാറിനെക്കുറിച്ചുള്ള കാര്യങ്ങൾ വിശദമാക്കാൻ അതിൽ പറഞ്ഞിരിക്കുന്ന നിബന്ധനപ്രകാരം തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ റഫാൽവിമാനങ്ങളെക്കുറിച്ച് പറഞ്ഞ തുകകളിലെ വൈരുധ്യത്തിന്റെ പേരിലും ജെയ്റ്റ്‌ലിയുടെ വിമർശനമുണ്ടായി. “ഒരു റഫാൽ വിമാനത്തിന്റെ വിലയെക്കുറിച്ച് ജയ്‌പുരിൽവെച്ച് രാഹുൽ പറഞ്ഞത് 520 കോടിയും 540 കോടിയുമെന്നാണ്. ഡൽഹിയിലും കർണാകടത്തിലുംവെച്ച് 700 കോടി എന്നുപറഞ്ഞു. പാർലമെന്റിൽ അത് 520 കോടിയായി കുറഞ്ഞപ്പോൾ റായ്‌പുരിൽ 540 കോടിയായി വർധിച്ചു. ഹൈദരാബാദിൽവെച്ച് 526 കോടിയെന്ന കണ്ടുപിടിത്തമാണ് രാഹുൽ നടത്തിയത്. സത്യത്തിന് ഒരു ഭേദമേയുള്ളൂ, നുണയ്ക്ക് പലതും”- ജെയ്റ്റ്‌ലി പരിഹസിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2wscDej
via
IFTTT