Breaking

Thursday, August 30, 2018

അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന നിലപാടില്‍ അധികൃതര്‍

ന്യൂഡൽഹി: മാവോവാദി ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം വ്യാപിക്കുന്നതിനിടെ ഇവർക്ക് മാവോവാദി ബന്ധമുണ്ടെന്ന നിലപാടിലുറച്ച് അധികൃതർ. 2012 ൽ യുപിഎ സർക്കാരിന്റെ കാലത്ത് ഇടത് തീവ്രവാദ സംഘടനായ സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 128 സംഘടനകളുമായി ഇപ്പോൾ അറസ്റ്റിലായവർക്ക് ബന്ധമുണ്ടെന്നാണ് അധികൃതർ പറയുന്നത്. ദേശീയ മാധ്യമമായ ഡിഎൻഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2012ൽ അന്നത്തെ യുപിഎ സർക്കാരിന്റെ കാലത്ത് സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 128 സംഘടനകൾക്കെതിരെ നടപടിയെടുക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. അന്ന് ഈ സംഘടനകളുമായി ബന്ധമുള്ളവർക്കെതിരെയും നടപടി കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വരാവര റാവു, സുധ ഭരദ്വാജ്, സുരേന്ദ്ര ഗാഡ്ലിങ്, റോണ വിൽസൺ, അരുൺ ഫെരെരിയ, വെനോൺ ഗോൺസാൽവസ്, മഹേഷ് റൗട്ട് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ പലരും പലസമയങ്ങളിലായി മാവോവാദി ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായിരുന്നുവെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പറയുന്നു. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സിപിഐ മാവോയിസ്റ്റ് കേഡർമാർ നടത്തിയ അതിക്രമങ്ങളിൽ നിന്ന് കൈകഴുകാൻ ഇവർക്ക് സാധിക്കില്ലെന്നും അവർ വിശദീകരിക്കുന്നു. രാജ്യത്തെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് മാവോയിസ്റ്റ് ഭരണക്രമം കൊണ്ടുവരികയെന്നതാണ് സിപിഐ മാവോയിസ്റ്റിന്റെ ലക്ഷ്യം. ഇതിനായി നഗരങ്ങളിൽ നിന്ന് പിന്തുണനേടിയെടുക്കുകയാണ് അറസ്റ്റിലായവരുടെ ദൗത്യമെന്നും അധികൃതർ പറയുന്നു.മാവോവാദികൾക്കാവശ്യമായ വിവരങ്ങൾ, സാങ്കേതിക സഹായം, വിദഗ്ദ സേവനം, സാധനങ്ങളുടെ കൈമാറ്റം എന്നിവ നടത്തിക്കൊടുക്കുന്നതും ഇവരാണെന്നും അധികൃതർ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2BZGYpB
via IFTTT