Breaking

Thursday, August 30, 2018

ഇന്ത്യക്കാര്‍ക്ക് നിങ്ങളേക്കാള്‍ വിവരമുണ്ട്- രാഹുലിനോട് അമിത് ഷാ

ന്യൂഡൽഹി: റാഫേൽ കരാറിൽ സംയുക്ത പാർലമെന്ററി സമിതി(ജെപിസി)യുടെ അന്വേഷണം ആവശ്യപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ രംഗത്ത്. ജെപിസി എന്നതിന് കോൺഗ്രസിനെ പരിഹസിച്ച് ഝൂഠി പാർട്ടി കോൺഗ്രസ് ( തട്ടിപ്പ് പാർട്ടി) യെന്ന വിശേഷണവും അമിത് ഷാ നൽകി. സ്വയം ബോധ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് രാഹുൽ ഗാന്ധി രാജ്യത്തെജനങ്ങളെവിഡ്ഡികളാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പലസ്ഥലങ്ങളിൽ വെച്ചും റാഫേൽ വിമാനങ്ങളുടെ വിലയെക്കുറിച്ച് വ്യത്യസ്തമായ വിവരങ്ങളാണ് രാഹുൽ ഗാന്ധി പറയുന്നതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. കർണാടക, ഡൽഹി, റായ്പുർ, ഹൈദരാബാദ്, ജെയ്പുർ, പാർലമെന്റ് ഇവിടങ്ങളിലൊക്കെ വ്യത്യസ്തമായ വിവങ്ങളാണ് റാഫേൽ വിലയെക്കുറിച്ച് രാഹുൽ ഗാന്ധി പറയുന്നത്. എന്നാൽ ഇന്ത്യക്കാർക്ക് നിങ്ങളേക്കാൾ വിവരമുണ്ടെന്ന് രാഹുൽ മനസ്സിലാക്കണം-അമിത്ഷാ പറഞ്ഞു. ഇതിന് ഉപോത്ബലകമായി വിവിധ സ്ഥലങ്ങളിൽ റാഫേൽ കരാറിനേക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ വിമാനത്തിന്റെ വിലയിലെ വ്യത്യാസങ്ങൾ പരാമർശിച്ചുകൊണ്ടാണ് അമിത് ഷാ വിമർശനം ഉന്നയിച്ചത്. ജെപിസി അന്വേഷണം എന്തുകൊണ്ട് ആയിക്കൂടാ, 24 മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കൂ എന്ന് രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. എന്തിനാണ് 24 മണിക്കൂറിനായി കാത്തിരിക്കുന്നത്. നിങ്ങൾക്ക് സ്വന്തമായി ഝൂഠി പാർട്ടി കോൺഗ്രസ് ( തട്ടിപ്പ് പാർട്ടി)യുള്ളപ്പോൾ- അമിത് ഷാ തിരിച്ചടിച്ചു. റാഫേൽ കരാറിൽ രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് ധനമന്ത്രി അരുൺ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. ഇതിന് മറുപടിയായി റാഫേൽ കൊള്ളയേക്കുറിച്ച് രാജ്യത്തിന്റെ ശ്രദ്ധ തിരികെ കൊണ്ടുവന്നതിൽ നന്ദിയുണ്ടെന്ന് കാട്ടി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് അമിത് ഷാ രംഗത്ത് വന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2olOBgv
via IFTTT