Breaking

Thursday, August 30, 2018

പ്രളയം ആസൂത്രണമില്ലായ്മ സൃഷ്ടിച്ച മഹാദുരന്തമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയം ഭരണാധികാരികളുടെ ആസൂത്രണമില്ലായ്മ സൃഷ്ടിച്ച മഹാദുരന്തമെന്ന് ചരിത്രം വിധിയെഴുതുമെന്ന് കോൺഗ്രസ് നേതാവ് വി.ഡി സതീശൻ. പ്രളയത്തെ കുറിച്ച് ചർച്ചചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ദുരിതബാധിതർക്ക് പ്രഖ്യാപിച്ച 10000 രൂപയുടെ നഷ്ട പരിഹാരം എത്രയും പെട്ടെന്ന് വിതരണം ചെയ്യണം. സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് നൂറിലൊരാൾക്ക് പോലും വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. എല്ലാ വീടുകളിലും കിറ്റ് എത്തിക്കാൻ കഴിയണം. ഈ മഹാദുരന്തം ഇനി ആവർത്തിക്കപ്പെടരുത്. ഈ പ്രളയം മനുഷ്യ നിർമിതമായ ദുരന്തമാണ്. മഴ തകർത്ത് പെയ്യുമ്പോൾ നദികൾ നിറയാൻ കാത്തുനിന്ന് എല്ലാ ഡാമുകളും ഒന്നിച്ച് തുറന്ന് ഈ മഹാ പ്രളയം സൃഷ്ടിച്ചത് ആരാണ്. ഡാം മാനേജ്മെന്റിന്റെ എ.ബി.സി.ഡി അറിയാത്തവരെ അതിന് ഏൽപ്പിച്ചത് ആരാണ്. വേലിയിറക്കമുള്ള സമയത്ത് വെള്ളം തുറന്നുവിടണമെന്ന് പ്രഥമിക ധാരണ പോലും പലർക്കുമില്ലായിരുന്നു. ജൂണിലും ജൂലൈയിലുംകനത്ത മഴയായിരുന്നു. ഡാമിൽ നിന്ന് കുറഞ്ഞ അളവിൽ വെള്ളം തുറന്നുവിടാനുള്ള സമയമുണ്ടായിട്ടും അത് ചെയ്തില്ല. വൈദ്യുതി വകുപ്പ് മന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും ഡാം തുറക്കുന്നതിനെ കുറിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ കാലാവസ്ഥ പ്രവചനത്തെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് പറഞ്ഞത്. വെള്ളം ഇറങ്ങിയതിന് ശേഷമാണ് രക്ഷാപ്രവർത്തനം നടത്തേണ്ടി വന്നത്. ആംബുലൻസ് പോലും ലഭിക്കാതെ മൃതശരീരങ്ങൾ ബസ്സിൽ കൊണ്ടുപോകേണ്ട അവസ്ഥ വരെ ഉണ്ടായി. മത്സ്യതൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനത്തിൽ മറ്റുള്ളവർ അഭിമാനം കൊള്ളേണ്ട ആവശ്യമില്ല. മഴ പെയ്തതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന മുഖ്യമന്ത്രിയുടെ നിലപാട് മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ നടുവൊടിക്കുന്നതാണെന്നും സതീഷൻ ആരോപിച്ചു. സതീശന്റെ പ്രസംഗം പലപ്പോഴും ബഹളത്തെ തുടർന്ന് തടസ്സപ്പെട്ടു. മന്ത്രി എം.എം മണി പ്രസംഗത്തിനിടെ തന്നോട് പരിഹസിക്കുന്ന ചേഷ്ട കാട്ടിയതായും സതീശൻ ആരോപിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2LF8IiT
via IFTTT