Breaking

Thursday, August 30, 2018

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലക്കി ഉത്തരവ്

തിരുവനന്തപുരം:ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളിൽ തകർന്ന വീടുകളും കെട്ടിടങ്ങളും പുനർനിർമ്മിക്കാൻ അനുമതി നൽകേണ്ടെന്ന് സർക്കാർ. ഇതുസംബന്ധിച്ച് ജില്ലാ, പ്രാദേശിക ഭരണസ്ഥാപനങ്ങൾക്ക് ചീഫ് സെക്രട്ടറി ഉത്തരവ് നൽകി. നിർമാണ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ ശാസ്ത്രീയമായ പഠനത്തിലൂടെ കണ്ടെത്തണമെന്നും ഉത്തരവിൽ പറയുന്നു. ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ പരിസ്ഥിതി ദുർബലമായ പ്രദേശങ്ങളുണ്ട്. ഇവിടങ്ങളിൽ തകർന്ന കെട്ടിടങ്ങളും മറ്റും പുനർനിർമ്മിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇത്തരത്തിലുള്ള നിർമാണപ്രവർത്തനങ്ങൾക്ക് തത്കാലം അനുമതി നൽകേണ്ടതില്ലെന്ന ഉത്തരവാണ് ചീഫ് സെക്രട്ടറി നൽകിയിട്ടുള്ളത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവിടങ്ങളിൽ വീണ്ടും വീടുകളോ കെട്ടിടങ്ങളോ നിർമ്മിക്കാൻ അനുവദിക്കരുതെന്നും അത്തരം നിർമാണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അവ തടസ്സപ്പെടുത്തണമെന്നും ജില്ലാ കളക്ടർ, പോലീസ് ഉദ്യോഗസ്ഥർ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവർക്കയച്ച ഉത്തരവിൽ പറയുന്നുണ്ട്. എവിടെ കെട്ടിടങ്ങൾ നിർമിക്കാമെന്നതിനെ പറ്റി സർക്കാർ ശാസ്ത്രീയ പഠനം നടത്തും. ഈ പഠനത്തിലൂടെ കണ്ടെത്തിയ സ്ഥലങ്ങളിൽ മാത്രമേ ഇനി നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കു. മാത്രമല്ല പഠനത്തിൽ പരിസ്ഥിതി ലോല പ്രദേശങ്ങളെന്ന് കണ്ടെത്തുന്ന സ്ഥലങ്ങളിൽ മേലിൽ നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകില്ലെന്നും ഉത്തരവിൽ പറയുന്നു. ഇപ്പോൾ താത്കാലികമായെങ്കിലും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അത് തടയണമെന്ന് ജില്ലാകളക്ടർമാരോട് ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം മേഖലകളിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി ആളുകൾ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കാനാണ് സർക്കാരിന്റെ നീക്കം. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളിൽ മാപ്പിങ് നടത്തി നൽകാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും ശാസ്ത്രീയമായ പരിശോധന നടക്കുക. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ചുവടെ


from mathrubhumi.latestnews.rssfeed https://ift.tt/2LD098g
via IFTTT