ആലപ്പുഴ: പ്രളയത്തിൽ നിലയില്ലാക്കയത്തിലായ വ്യാപാരമേഖല മെല്ലെ കരകയറുന്നു. പ്രത്യേകിച്ചും ഗൃഹോപകരണ വിപണി. സാധാരണ ഓണം കഴിഞ്ഞാൽ വ്യാപാര സ്ഥാപനങ്ങളിൽ കാര്യമായ കച്ചവടമുണ്ടാകാറില്ല്ല. ഇത്തവണ ഗൃഹോപകരണ വ്യാപാരശാലകളിൽ പതിവ് തെറ്റുകയാണ്. പ്രളയ പ്രദേശങ്ങളിലാണ് ഈ ഉണർവ്. വെള്ളപ്പൊക്കത്തിൽ റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ടെലിവിഷൻ, മിക്സി, ഗ്യാസ് സ്റ്റൗ തുടങ്ങിയവ വൻതോതിൽ നശിച്ചിട്ടുണ്ട്. പലതും അറ്റകുറ്റപ്പണികളിലൂടെ വീണ്ടെടുക്കാൻ പറ്റാത്തവയായിട്ടുണ്ട്. പുതിയത് വാങ്ങുകയെന്നതാണ് സാധ്യമായ മാർഗം. ഇതാണ് വ്യാപാരമേഖലയ്ക്ക് പ്രതീക്ഷനൽകുന്നത്. ഓണം കഴിഞ്ഞുള്ള വ്യാപാരത്തിൽ 30 ശതമാനം വർധന പ്രതീക്ഷിക്കുന്നതായി ചെങ്ങന്നൂരിലെ പ്രമുഖ ഗൃഹോപകരണശാലയുടെ മാർക്കറ്റിങ് മാനേജർ പറഞ്ഞു. ഓണക്കാലത്ത് തിരുവനന്തപുരം ഒഴികെ എല്ലായിടത്തും കച്ചവടം മോശമായിരുന്നു. പലയിടത്തും കച്ചവടം നടന്നിട്ടേയില്ലെന്ന് കൊല്ലം ആസ്ഥാനമായുള്ള ഒരു പ്രമുഖ വ്യാപാര ശൃംഖലയുടെ മാർക്കറ്റിങ് വിഭാഗത്തിലുള്ളയാൾ പറഞ്ഞു. മിക്ക സ്ഥാപനങ്ങളുടെയും വാർഷിക വിറ്റുവരവിന്റെ 30 മുതൽ 40 ശതമാനംവരെ നടന്നിരുന്നത് ഓണക്കാലത്താണ്. ഇത്തവണ ഈ സീസൺ പ്രളയത്തിൽ മുങ്ങി. പ്രളയം നശിപ്പിച്ച സാധനങ്ങൾക്കു പകരം വാങ്ങാനുള്ള തിരക്ക്, നഷ്ടപ്പെട്ട കച്ചവടം തിരികെ കൊണ്ടുവരുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഗൃഹോപകരണരംഗത്തെ പുത്തനുണർവ് ഊർജസ്വലമാക്കാൻ ഡീലേഴ്സ് അസോസിയേഷൻ ടി.വി. ആൻഡ് അപ്ളയൻസസ് (ഡേറ്റ) സംസ്ഥാനസമിതി പ്രത്യേക പദ്ധതി ആവിഷ്കരിച്ചതായി വൈസ് പ്രസിഡന്റ് സുനിൽ കുമാർ ഇന്ദ്രപ്രസ്ഥം പറഞ്ഞു. ഏപ്രിൽ 29-ന് അവസാനിക്കത്തക്കവിധം ഒരു കോടി രൂപയുടെ സമ്മാന പദ്ധതിയാണ് ഏർപ്പെടുത്തുന്നത്. 'ഡേറ്റ'യുടെ അംഗത്വമുള്ള സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് സമ്മാനക്കൂപ്പൺ നൽകി വ്യാപാരം പ്രോത്സാഹിപ്പിക്കും. ഒപ്പം പലിശരഹിത വായ്പയിൽ തവണവ്യവസ്ഥയോടെ സാധനങ്ങൾ വാങ്ങാൻ സൗകര്യവും പ്രത്യേക വിലക്കിഴിവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2NuJLsg
via
IFTTT