Breaking

Friday, May 28, 2021

ലക്ഷദ്വീപ്; കപ്പലിലും പിടിമുറുക്കുന്നു , തൊഴിൽ നഷ്ടമാകുന്നവരിൽ 25 ശതമാനം മലയാളികൾ

കൊച്ചി: ലക്ഷദ്വീപ് ഡവലപ്‌മെന്റ് കോർപ്പറേഷന് കഴിഞ്ഞ 20 വർഷമായുണ്ടായിരുന്ന കപ്പൽ വിഭാഗത്തിന്റെ അധികാരങ്ങൾ എടുത്തുമാറ്റി. കപ്പൽ ജീവനക്കാരുടെ നിയമനങ്ങളിൽ പിടിമുറുക്കാനാണ് അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ നീക്കം. കപ്പൽ ജീവനക്കാരെ നിയമിക്കാനുള്ള കരാർ ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് കൈമാറാനാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതു ലക്ഷദ്വീപുകാരും മലയാളികളുമായ 850-ലേറെപ്പേരുടെ തൊഴിൽ നഷ്ടത്തിന് ഇടയാക്കും. ആറു മാസത്തിനകം കപ്പലുകൾ ഏറ്റെടുക്കുമെന്നാണ് ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. നിലവിൽ ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്നത് ഏഴു യാത്രക്കപ്പലുകളും എട്ട് ചരക്കുകപ്പലുകളും എട്ടു ഹൈ സ്പീഡ് വെസ്സലുകളുമാണ്. ഇതിലെല്ലാമായി 850-ലേറെ അധികം ജീവനക്കാരുണ്ട്. ഇതിൽ 75 ശതമാനത്തോളം പേർ ലക്ഷദ്വീപ് നിവാസികളും 25 ശതമാനം മലയാളികളുമാണ്. നിലവിലെ ജീവനക്കാരിൽ പലരും 20 വർഷമായി കപ്പലുകളിൽ സേവനം അനുഷ്ഠിക്കുന്നവരാണ്.എല്ലാ വകുപ്പുകളിലെയും ജീവനക്കാരുടെ വിശദാംശങ്ങൾ ഭരണകൂടം ശേഖരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കപ്പലിലെ ജീവനക്കാരുടെ വിശദാംശങ്ങൾ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.“ഇപ്പോൾ നൂറു കണക്കിനു വിദ്യാർഥികൾ കപ്പൽ കോഴ്‌സുകൾ പഠിക്കാൻ ലക്ഷദ്വീപിൽ രംഗത്തെത്തുന്നുണ്ട്. നിയമനം ആര്‌ ഏറ്റെടുത്താലും ഞങ്ങളുടെ തൊഴിൽ നഷ്ടപ്പെടരുതെന്നാണ് ആഗ്രഹിക്കുന്നത്.” കപ്പലിലെ ക്രൂവായി ജോലിചെയ്യുന്ന ലക്ഷദ്വീപ് സീമെൻ വെൽഫെയർ അസോസിയേഷൻ അംഗം അഗത്തിയിലെ സി.പി. അബ്ദുൽ സലിം പറഞ്ഞു. തൊഴിലവസരത്തെ ബാധിക്കും : കപ്പലുകളിലെ ക്രൂ നിയമനം സംബന്ധിച്ച ആശങ്ക പരിഹരിക്കപ്പെടണം. ഇവിടെ തൊഴിൽ നഷ്ടപ്പെട്ടാൽ മറ്റൊരിടത്ത് ചെന്നു പുതിയ ജോലിയിൽ പ്രവേശിക്കാൻ ഭൂരിപക്ഷം പേർക്കും സാധിക്കില്ല. പുതിയ തീരുമാനം തൊഴിലവസരം കാര്യമായി കുറയ്ക്കുമെന്ന ആശങ്കയുമുണ്ട്. ടി.പി. സബീർ, ലക്ഷദ്വീപ് സീമെൻ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ്


from mathrubhumi.latestnews.rssfeed https://ift.tt/3oVxj8u
via IFTTT