സതാംപ്ടൺ: വിരാട് കോലി നായകനായശേഷം കഴിഞ്ഞ 38 ടെസ്റ്റുകളിലും ഇന്ത്യ തൊട്ടുമുൻമത്സരത്തിലെ ടീമിനെ നിലനിർത്തിയിട്ടില്ല. ചിലപ്പോൾ ഭാഗ്യം തേടിയും മറ്റുചിലപ്പോൾ ജയം ഉറപ്പായതിനാലും പുതിയ ഇലവനെ പരീക്ഷിച്ചുകൊണ്ടിരുന്നു. ഒടുവിൽ, ടീമിനെ നിലനിർത്താൻ കോലിക്കും ടീം മാനേജ്മെന്റിനും അവസരം വന്നിരിക്കുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയിച്ച ടീമിനെ നാലാം ടെസ്റ്റിലും കളിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ട്. എന്നാൽ, ആർ. അശ്വിന്റെ പരിക്ക് സംശയങ്ങൾക്ക് ഇടനൽകുന്നുമുണ്ട്. ഇന്ത്യൻ സമയം വ്യാഴാഴ്ച വൈകീട്ട് 3.30 മുതൽ സതാംപ്ടണിലാണ് മത്സരം. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യ, മൂന്നാം ടെസ്റ്റിൽ തകർപ്പൻ ജയത്തോടെ തിരിച്ചുവരികയായിരുന്നു. ആദ്യടെസ്റ്റിൽ തോൽവി 31 റൺസിനായിരുന്നെങ്കിൽ രണ്ടാം ടെസ്റ്റിൽ ഇന്നിങ്സിനും 159 റൺസിനും തോറ്റു. മൂന്നാം ടെസ്റ്റിൽ 203 റൺസിന്റെ ജയത്തോടെ ആത്മവിശ്വാസം തിരിച്ചുപിടിച്ചു എന്നുമാത്രമല്ല, പരമ്പരയിൽ തിരിച്ചുവരാനുള്ള അവസരവും തുറന്നു. മൂന്നാം ടെസ്റ്റിൽ ടീമിൽ കാര്യമായ മാറ്റമുണ്ടായിരുന്നു. ഓപ്പണിങ്ങിൽ സ്ഥിരസാന്നിധ്യമായിരുന്ന മുരളി വിജയിനെ മാറ്റി ലോകേഷ് രാഹുൽ-ശിഖർ ധവാൻ സഖ്യത്തെയും വിക്കറ്റിനു പിന്നിൽ ഋഷഭ് പന്തിനെയും ബൗളിങ്ങിൽ ജസ്പ്രീത് ബുംറയെയും കളിപ്പിച്ചു. ഇത് വിജയത്തിൽ പ്രധാനപങ്കുവഹിച്ചെന്നാണ് വിലയിരുത്തൽ. നാലാം ടെസ്റ്റിലും പിച്ച് പേസ് ബൗളിങ്ങിനെ പിന്തുണയ്ക്കുന്നതാകും. അതുകൊണ്ടുതന്നെ ടീമിൽ മാറ്റംവരുത്തേണ്ട സാഹചര്യമില്ല. മൂന്നു പേസ് ബൗളർമാരും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും അടങ്ങിയ പേസ് ഡിപ്പാർട്ട്മെന്റ് ശക്തമാണ്. എന്നാൽ, സ്പിന്നർ അശ്വിൻ പൂർണസജ്ജനല്ല. പരിക്ക് ഭേദമായില്ലെങ്കിൽ അശ്വിനുപകരം രവീന്ദ്ര ജഡേജയെ കളിപ്പിക്കാൻ സാധ്യതയുണ്ട്. ടെസ്റ്റിലെ ആറ് ഇന്നിങ്സിൽ രണ്ടു സെഞ്ചുറിയടക്കം 440 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയുടെ ഫോം തന്നെയാണ് ഇന്ത്യയുടെ കരുത്ത്. അഞ്ച് ഇന്നിങ്സിൽ 206 റൺസെടുത്ത ഇംഗ്ലീഷുകാരനായ ജോണി ബെയർസ്റ്റോയാണ് റൺവേട്ടയിൽ രണ്ടാമതുള്ളത്. ഇതിൽനിന്നുതന്നെ കോലിയുടെ മുൻതൂക്കം വ്യക്തം. ഹനുമ വിഹാരി, പ്രിഥ്വി ഷാ എന്നിവരെ ഇന്ത്യ പുതുതായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവസരം കിട്ടാനിടയില്ല. പരമ്പരയിൽ ഇംഗ്ലണ്ടിനുവേണ്ടി കൂടുതൽ റൺസ് നേടിയ ജോണി ബെയർസ്റ്റോയ്ക്ക് കൈവിരലിന് പരിക്കുള്ളതിനാൽ വിക്കറ്റ് കീപ്പറുടെ പണി ജോസ് ബട്ലറെ ഏൽപ്പിച്ചേക്കും. ബെൻ സ്റ്റോക്സിനും പരിക്ക് ഭീഷണിയുണ്ട്. സാധ്യതാ ടീം - ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ചേതേശ്വർ പുജാര, അജിൻക്യ രഹാനെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ. അശ്വിൻ/ ജഡേജ. ഇംഗ്ലണ്ട്: അലെസ്റ്റർ കുക്ക്, കീറ്റൺ ജെന്നിങ്സ്, ജോ റൂട്ട് (ക്യാപ്റ്റൻ), ബെയർസ്റ്റോ, സ്റ്റോക്സ്, ജോസ് ബട്ലർ (കീപ്പർ), മോയിൻ അലി, സാം കറൻ, ക്രിസ് വോക്സ്,സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൻ. Content Highlights: india vs england 4th test to start today
from mathrubhumi.latestnews.rssfeed https://ift.tt/2C2shSU
via
IFTTT