Breaking

Friday, August 31, 2018

83 ബാങ്ക് ശാഖകളും 168 എ.ടി.എമ്മും ‘വെള്ളത്തിൽ’ തന്നെ

കൊച്ചി: സംസ്ഥാനത്ത് 168 എ.ടി.എമ്മുകൾ ഇപ്പോഴും 'വെള്ളത്തിൽ'. പ്രളയബാധിത മേഖലകളിലെ 83 ബാങ്ക് ശാഖകൾക്കും പ്രവർത്തനം പുനരാരംഭിക്കാനായിട്ടില്ല. വെള്ളപ്പൊക്കത്തിൽ എ.ടി.എം. കൗണ്ടറുകളിൽ പലതും പൂർണമായി തകർന്നു. യന്ത്രങ്ങളും നശിച്ചു. ഇവയിൽ ചിലതൊന്നും ഇതുവരെ തുറക്കാൻ പോലുമായിട്ടില്ല. എ.ടി.എമ്മിനുള്ളിൽ കുടുങ്ങിയ പണം നനഞ്ഞ് പൾപ്പ് രൂപത്തിലായി. ആകെ 520 എ.ടി.എമ്മുകളെയും 324 ബാങ്ക് ശാഖകളെയുമാണ് പ്രളയം ബാധിച്ചതെന്നാണ് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കണക്ക്. എ.ടി.എമ്മുകളിൽ 352 എണ്ണത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസങ്ങളിൽ പുനഃസ്ഥാപിച്ചു. പത്തനംതിട്ടയിൽ മാത്രം 52 എ.ടി.എമ്മുകൾ ഇനിയും തുറക്കാനുണ്ട്. വെള്ളപ്പൊക്കത്തിലായ ബാങ്ക് ശാഖകളിൽ 241 എണ്ണം പ്രവർത്തിച്ചു തുടങ്ങി. പത്തനംത്തിട്ടയിൽ 52, എറണാകുളത്ത് 14, ഇടുക്കിയിൽ രണ്ട് ശാഖകളും ഇനി തുറക്കണം. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പല ബാങ്കുകളും താത്കാലിക സംവിധാനമൊരുക്കിയിട്ടുണ്ട്. വൃത്തിയാക്കൽ ഉൾപ്പെടെയുള്ള ജോലികൾ നടക്കുകയാണ്. ഒരാഴ്ചയ്ക്കകം ഇവയെല്ലാം പ്രവർത്തിച്ച് തുടങ്ങുമെന്നും അധികൃതർ പറഞ്ഞു. നനഞ്ഞ നോട്ട് മാറ്റി നൽകും വെള്ളപ്പൊക്കത്തിൽ നനഞ്ഞ നോട്ടുകൾ മാറ്റി നൽകും. ഇവ ഏതു ബാങ്കിൽ നൽകിയാലും അവയ്ക്കു പകരം നോട്ടുകൾ ലഭിക്കുമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനർ ജി.കെ. മായ പറഞ്ഞു. പ്രളയബാധിത മേഖലകളിലെ പല വീടുകളും നാലു ദിവസത്തിലേറെ വെള്ളത്തിലായിരുന്നു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബാങ്കുകൾ നനഞ്ഞ നോട്ടുകൾ മാറ്റി നൽകുന്നുണ്ട്. എ.ടി.എമ്മിനകത്ത് കുടുങ്ങിയ പണം റിസർവ് ബാങ്കുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് മാറ്റിയെടുക്കാനാകുമെന്നും അവർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2NzMWii
via IFTTT