Breaking

Friday, August 31, 2018

പകര്‍ച്ചവ്യാധി വ്യാപനത്തിന്‍റെ അഞ്ച് ഘട്ടങ്ങള്‍

കേരളം വലിയൊരു പ്രളയത്തില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുകയാണ്. മണ്ണിനെയും മനുഷ്യനെയും മറ്റ് ജീവജാലങ്ങളെയും നടുക്കി ആര്‍ത്തലച്ചു വന്നൊരു പ്രളയത്തില്‍ പകച്ചുനില്‍ക്കുന്ന ജീവിതത്തെ തിരിച്ചു പിടിക്കാന്‍ രക്ഷാപ്രവര്‍ത്തനം, പുനരധിവാസം, പുനര്‍ നിര്‍മ്മാണം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് ആവശ്യമായി വരുന്നത്. ഇതില്‍ ഒന്നാം ഘട്ടമായ രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി പുനരധിവാസവും പുനര്‍നിര്‍മ്മാണവുമാണുള്ളത്. ഒന്നാം ഘട്ടത്തില്‍ എന്ന പോലെ തന്നെ രണ്ടാം ഘട്ടത്തിലും വളരെ പ്രാധാന്യം കൊടുക്കേണ്ട ഒരു മേഖലയാണ് ആരോഗ്യരംഗം. പ്രളയ പുനരധിവാസത്തിന്റെ ഈ ഘട്ടത്തില്‍ സാംക്രമിക രോഗങ്ങളെ വളരെ കരുതലോടു കൂടി സമീപിക്കേണ്ടിയിരിക്കുന്നു.

പകര്‍ച്ചവ്യാധി വ്യാപനം അഞ്ച് ഘട്ടങ്ങളെ ആശ്രയിച്ചിരിക്കുന്നു

1. ഇപ്പോള്‍ നമ്മുടെ സാഹചര്യങ്ങളില്‍ നിലനില്‍ക്കുന്ന സ്ഥിരമായി കണ്ടുവരുന്ന അസുഖങ്ങള്‍

നിലവിലെ നമ്മുടെ സാഹചര്യം ഒന്ന് വിശകലനം ചെയ്താല്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഡെങ്കിപനി ഒരു സാംക്രമിക തലത്തിലേക്ക് എത്തുകയും നിരവധി പേര്‍ മരണമടയുകയും ചെയ്തു. അതുപോലെ 2017 ല്‍ എലിപനി ഒരു സാംക്രമിക തലത്തിലേക്ക് എത്തിയില്ലെങ്കിലും എല്ലാ വര്‍ഷവും എലിപനി നമ്മുടെ നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. 2018 ല്‍ ആകട്ടെ കേരളത്തില്‍ തന്നെ ചില സ്ഥലങ്ങളില്‍ എലിപ്പനി ഒരു സാംക്രമിക തലത്തിലേക്ക് എത്തിയിരിക്കുന്നു. ഈ വര്‍ഷം ഇതിനോടകം 520 എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രളയാനന്തര കാലത്ത് എലിപനി കൂടുതല്‍ പേരിലേക്ക് വ്യാപിക്കാനുള്ള സാധ്യത നില നില്‍ക്കുന്നു. ഇതു കൂടാതെ നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടു വരുന്ന അസുഖങ്ങളായ വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ്, മലമ്പനി, ക്ഷയരോഗം, എന്നിവ കൂടിയ തോതിലും കോളറ, ചിക്കന്‍ഗുനിയ, ഡിഫ്ത്തീരിയ, ചെള്ളുപനി, ജപ്പാന്‍ജ്വരം എന്നിവ താരതമ്യേന കുറഞ്ഞ തോതിലും പ്രളയാനന്തര കാലത്ത് കൂടുതല്‍ പേരെ ബാധിക്കാന്‍ സാധ്യത ഉണ്ട്.

2. പ്രളയം മൂലം ഉണ്ടായ പാരിസ്ഥിതിക വ്യതിയാനങ്ങളാല്‍ വന്നേക്കാവുന്ന അസുഖങ്ങള്‍

പ്രളയം പോലുള്ള ദുരന്തങ്ങള്‍ പരിസ്ഥിതിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ രോഗവ്യാപാനത്തിലും മാറ്റങ്ങള്‍ വരുത്താവുന്നതാണ്. നമ്മുടെ നാട്ടില്‍ സാധാരണ കാണാത്ത രോഗങ്ങളായ പ്ലേഗ്, പേവിഷബാധ (റാബീസ്), വെസ്റ്റ്‌നൈല്‍ ഫീവര്‍, പക്ഷിപനി തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. പൊതുജനാരോഗ്യരംഗത്തെ ശാസ്ത്രീയ പഠനങ്ങള്‍, പ്ലേഗ്, ചെള്ളുപനി തുടങ്ങിയവ ആണ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും നമ്മുടെ സാഹചര്യത്തില്‍ പ്രാണിജന്യ രോഗങ്ങളില്‍ ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, ജപ്പാന്‍ജ്വരം എന്നിവയും ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ്സ് എ, വയറിളക്ക രോഗങ്ങള്‍ എന്നിവയാണ് പ്രാധാന്യം അര്‍ഹിക്കുന്നത്. അതിനാല്‍ തന്നെ അവയുടെ പ്രതിരോധവും അനിവാര്യമാണ്.

3. മനുഷ്യ ആവാസ വ്യവസ്ഥയിലെ വ്യതിയാനം

പ്രത്യേക സ്ഥലങ്ങളില്‍ ഉള്ള ജനസാന്ദ്രതാ വര്‍ദ്ധനവ് കാരണം (ഉദാഹരണം ക്യാമ്പുകള്‍) വെള്ളം, ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയവയുടെ മേല്‍ സമ്മര്‍ദ്ദം കൂടുകയും ആ ഇടങ്ങളിലെ ജനങ്ങളെ പുതിയ രോഗ ഹേതുക്കളിലേക്കും രോഗവാഹകരിലേക്കും (Agents & Vectors) കൊണ്ടെത്തിക്കുകയും ചെയ്യുന്നു. പുനരധിവാസ ക്യാമ്പുകളില്‍ ഉണ്ടായേക്കാവുന്ന പ്രധാന അസുഖങ്ങള്‍ വയറിളക്ക രോഗങ്ങള്‍, അഞ്ചാം പനി, ചിക്കന്‍ പോക്‌സ്, വില്ലന്‍ ചുമ, മലമ്പനി, ത്വക് രോഗങ്ങള്‍ തുടങ്ങിയവ ആണ്.

4. പൊതു സംവിധാനങ്ങള്‍ക്കും പൊതുജനാരോഗ്യ സേവനങ്ങള്‍ക്കും വരുന്ന പരിമിതികള്‍

ജലവിതരണ പൈപ്പ്‌ലൈന്‍, മലിനജല ഓടകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതു വഴി ജലജന്യ രോഗങ്ങളും, വയറിളക്ക രോഗങ്ങളും വരാനുള്ള സാധ്യത കൂടുന്നു. മലിനജലവുമായി നേരിട്ട് തുടര്‍ച്ചയായി സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍, ചെങ്കണ്ണ്, തൊണ്ട ചെവി മൂക്ക് എന്നിവിടങ്ങളിലെ അണുബാധ, കാലില്‍ വളംകടി, തുടങ്ങിയവയും ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ട്. പൊതുജനാരോഗ്യ സേവന സംവിധാനത്തിനുള്ള പരിമിതി കാരണം രോഗ പ്രതിരോധ നടപടികള്‍ കൊണ്ട് തടയാവുന്ന രോഗങ്ങളായ (Vaccine Preventable Diseases) അഞ്ചാംപനി, വില്ലന്‍ചുമ, ക്ഷയരോഗം തുടങ്ങിയ രോഗങ്ങള്‍ക്കും വഴിവക്കാം.

5. വ്യക്തിതല രോഗപ്രതിരോധത്തില്‍ വരുന്ന കുറവ്

ഒരു ദുരന്തം മൂലം പോഷകാഹാരത്തിലുണ്ടായേക്കാവുന്ന കുറവ് കാരണം ക്ഷയരോഗം, മലമ്പനി, രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ അഞ്ചാംപനി, തുടങ്ങിയ രോഗങ്ങള്‍ സങ്കീര്‍ണ്ണതകളിലേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്.



from Anweshanam | The Latest News From Health https://ift.tt/2NzFX9b
via IFTTT