Breaking

Tuesday, August 31, 2021

പരസ്യപ്രസ്താവന നടത്തുന്നവരെ ഇനി ഭാരവാഹിയാക്കേണ്ടെന്ന് ഹൈക്കമാൻഡ്

ന്യൂഡൽഹി: പാർട്ടിയെ ദുർബലമാക്കുന്ന രീതിയിൽ പരസ്യപ്രസ്താവന നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ കെ.പി.സി.സി.യോട് ഹൈക്കമാൻഡ്. ഇത്തരക്കാരെ കെ.പി.സി.സി.യിലോ ഡി.സി.സി.യിലോ ഭാരവാഹികളാക്കേണ്ടെന്ന നിലപാട് നേതൃത്വത്തിന് കൈമാറാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിർദേശിച്ചതായറിയുന്നു. കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ സെമി കേഡർ രൂപത്തിലാക്കാൻ അധ്യക്ഷൻ കെ. സുധാകരൻ നടത്തുന്ന ശ്രമങ്ങൾക്ക് ഹൈക്കമാൻഡ് പൂർണ പിന്തുണ നൽകുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.പാർട്ടിക്ക് അവമതിപ്പുണ്ടാക്കി പ്രാഥമികാംഗത്വം രാജിവെച്ച പാലക്കാട്ടെ എ.വി. ഗോപിനാഥിനെ ഉൾപ്പെടെ തിരിച്ചുകൊണ്ടുവരാൻ ശ്രമങ്ങൾ നടത്തേണ്ടതില്ലെന്നും കെ.പി.സി.സി. നേതൃത്വത്തിന് ഹൈക്കമാൻഡ് നിർദേശം നൽകിയതായാണറിയുന്നത്. പാർട്ടിയിൽ ഉൾപ്പാർട്ടി ജനാധിപത്യം ശക്തമാക്കും. പാർട്ടി വേദികളിൽ ആർക്കും എന്തു വിമർശനവും പറയാം. എന്നാൽ, പൊതുവേദികളിൽ അത്തരം പരാമർശങ്ങൾ നടത്തുന്നവരുടെ വിവരങ്ങൾ ഹൈക്കമാൻഡിന് കൈമാറണം. എല്ലാവരുമായും കൂടിയാലോചന നടത്തിയാലും കെ.പി.സി.സി. അധ്യക്ഷനും പ്രതിപക്ഷനേതാവും ചേർന്നെടുക്കുന്ന തീരുമാനങ്ങൾക്ക് മാത്രമായിരിക്കും മുൻഗണന നൽകുകയെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി.വർഷങ്ങളുടെ പാരമ്പര്യമുള്ള പ്രവർത്തകരെ ഡി.സി.സി. അധ്യക്ഷന്മാരായി നിശ്ചയിച്ചപ്പോൾ ‘പെട്ടി തൂക്കി’കളെന്നു വിളിച്ചാക്ഷേപിച്ചത് രാഹുൽ ഗാന്ധിയെ പ്രകോപിപ്പിച്ചതായാണറിയുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നേതാക്കളുടെ പ്രസ്താവനയുടെ സമ്പൂർണ ഉള്ളടക്കം ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് താരിഖ് അൻവർ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറുമെന്നറിയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3DuYrlI
via IFTTT