Breaking

Friday, August 31, 2018

ഭാര്യയെ കൊന്ന് കത്തിച്ചു; തൊണ്ണൂറ്റൊന്നുകാരൻ പിടിയിൽ

കൊച്ചുത്രേസ്യ മറ്റത്തൂർ (തൃശ്ശൂർ): 80 വയസ്സുള്ള ഭാര്യയെ അടിച്ചുകൊന്ന് കത്തിച്ച കേസിൽ 91 വയസ്സുള്ള ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. വെള്ളിക്കുളങ്ങര മുക്കാട്ടുകരക്കാരൻ ചെറിയക്കുട്ടിയുടെ ഭാര്യ കൊച്ചുത്രേസ്യയാണ് കൊല്ലപ്പെട്ടത്. ചെറിയക്കുട്ടി പോലീസ് കസ്റ്റഡിയിലാണ്. വഴക്കിനെ തുടർന്നാണ് കൊല നടന്നതെന്ന നിഗമനത്തിലാണ് പോലീസ്. കൊച്ചുത്രേസ്യയെ നാലുദിവസമായി കാണാനില്ലായിരുന്നു. വ്യാഴാഴ്ച വീടിനോട് ചേർന്നുള്ള വിറകുപുരയിലാണ് കത്തിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ മുകൾനിലയിലുള്ള മുറിയിൽവെച്ച് കൊലപ്പെടുത്തിയശേഷം വീടിനു പിന്നിലെ ഷെഡിനടുത്ത് കത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പൂർണമായി കത്തിത്തീർന്നു. കൊച്ചുത്രേസ്യയും ഭർത്താവ് ചെറിയക്കുട്ടിയും മാത്രമാണ് വലിയ പുരയിടത്തിലെ വീട്ടിൽ താമസിക്കുന്നത്. ഇവർക്ക് ഏഴ് മക്കളുണ്ട്. ഏഴുപേരും വേറെ വീടുകളിലാണ് താമസം. ഇരുവരും നിരന്തരമായി വഴക്കിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നാലുദിവസം മുമ്പും വഴക്കുണ്ടായപ്പോൾ വടികൊണ്ട് ചെറിയക്കുട്ടി കൊച്ചുത്രേസ്യയുടെ തലയിലടിച്ചു. മരിച്ചെന്നു മനസ്സിലായപ്പോൾ മൃതദേഹം മുണ്ടിൽ പൊതിഞ്ഞ് മുകളിലെ നിലയിൽനിന്ന് ഗോവണിപ്പടിയിലൂടെ വലിച്ച് താഴെയിറക്കി വീടിനോട് ചേർന്നുള്ള സ്ഥലത്തെത്തിച്ച് കത്തിച്ചു. ഗോവണിപ്പടിയിലെ ചോരപ്പാടുകൾ ചെറിയക്കുട്ടി തുടച്ചുകളയാൻ ശ്രമിച്ചിട്ടുണ്ട്. കത്തിച്ചത് പെട്രോൾ ഒഴിച്ചാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കത്തിക്കുന്നതിനു മുമ്പ് കൊച്ചുത്രേസ്യയുടെ കഴുത്തിൽ നിന്ന് സ്വർണമാല അഴിച്ചെടുത്ത് കുഴിച്ചിട്ടു. അമ്മയെ കാണാനില്ലെന്ന് മക്കൾ വെള്ളിക്കുളങ്ങര പോലീസിൽ പരാതി നൽകിയിരുന്നു. വെള്ളിക്കുളങ്ങര എസ്.ഐ. എസ്.എൽ. സുധീഷ് വീടിനു പുറകിലും പരിസരത്തും നടത്തിയ അന്വേഷണത്തിലാണ് കത്തിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടത്. തുടർന്ന് ചെറിയക്കുട്ടിയെ ചോദ്യംചെയ്തതിൽ നിന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ശാരീരിക അസ്വസ്ഥതകൾ കാണിച്ചതിനാൽ കൂടുതൽ അന്വേഷിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും. മക്കൾ: ജെസി, ജെയ്സൻ, ജോസ്, ജോൺസൺ, ചുമ്മാർ, മോളി, ജോബി.


from mathrubhumi.latestnews.rssfeed https://ift.tt/2C3EJSm
via IFTTT