Breaking

Tuesday, August 31, 2021

യു.എസ്. ഇന്ന് അഫ്ഗാൻ വിടും

കാബൂൾ/വാഷിങ്ടൺ: അഫ്ഗാനിസ്താനിൽനിന്ന് ചൊവ്വാഴ്ച ദൗത്യം പൂർത്തിയാക്കി മടങ്ങാൻ ലക്ഷ്യമിട്ട്് യു.എസ്. അവസാനഘട്ട ഒഴിപ്പിക്കൽ നടത്തുന്നതിനിടെ തിങ്കളാഴ്ച രാവിലെ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിനുനേരെ ഐ.എസ്. അഞ്ചു റോക്കറ്റുകൾ തൊടുത്തു. സലിം കർവാൻ മേഖലയിലാണ് റോക്കറ്റ് പതിച്ചതെന്ന് നാട്ടുകാരൻ പറഞ്ഞു. എന്നാൽ, സി-റാം മിസൈൽ പ്രതിരോധസംവിധാനമുപയോഗിച്ച് അവ തടഞ്ഞതായി യു.എസ്. സേന പഞ്ഞു. എല്ലാ റോക്കറ്റുകളും പ്രതിരോധിക്കാനായോ എന്ന് വ്യക്തമല്ല. ആറ് കത്യുഷ റോക്കറ്റുകളാണ് തങ്ങൾ തൊടുത്തതെന്ന് തങ്ങളുടെ ആമാഖ് വാർത്താ ഏജൻസിയിലൂടെ ഐ.എസ്. അവകാശപ്പെട്ടു. ഖൈർ ഖാന മേഖലയിലെ ഒരു കാറിൽ നിന്നാണ് റോക്കറ്റ് തൊടുത്തതെന്നും അവ നഗരത്തിന്റെ വിവിധഭാഗങ്ങളിൽ പതിച്ചെന്നും അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എസ്. സേനാംഗങ്ങൾ മരിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. റോക്കറ്റ് പ്രതിരോധിക്കുന്ന ശബ്ദം നഗരത്തിലുടനീളം മുഴങ്ങിക്കേട്ടതായി യു.എസ്. സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ബിൽ അർബൺ പറഞ്ഞു. ആക്രമണപശ്ചാത്തലത്തിലും രക്ഷാപ്രവർത്തനം തുടരുന്നുണ്ടായിരുന്നു. വ്യാഴാഴ്ച വിമാനത്താവളത്തിൽ ഐ.എസ്. നടത്തിയ ചാവേർ ആക്രമണത്തിൽ 180-ലേറെപ്പേർ മരിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3sZJAe1
via IFTTT