Breaking

Friday, August 31, 2018

പ്രളയം: ആധുനിക മൊബൈല്‍ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: പ്രളയം കൂടുതലായി ബാധിച്ച 42 പഞ്ചായത്തുകളിലും 8 നഗരസഭകളിലുമുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ താത്കാലിക ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. 

സേവനകേന്ദ്രങ്ങളില്‍ ഈ താത്കാലിക ക്ലിനിക്കുകളുടെ സേവനം ലഭിക്കും. പ്രദേശങ്ങ്ളിലെ ജനങ്ങളുടെ മാനസിക ആരോഗ്യം, കിടപ്പു രോഗികളുടെ ശ്രദ്ധ, ജീവിതശൈലീ രോഗങ്ങളുള്ളവര്‍ക്കുള്ള ചികിത്സ എന്നിവയും ജീവനക്കാര്‍ നേരിട്ടെത്തി പരിശോധിക്കുമെന്നും ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. 

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാനും കൂടുതല്‍ ജനങ്ങള്‍ക്ക് ചികിത്സ ഉറപ്പുവരുത്താനുമാണ് അധിക ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ നിലവിലെ ഡോക്ടര്‍ക്ക് പുറമെ അധിക ഡോക്ടറും നഴ്സും ഉണ്ടാകും. ജനങ്ങള്‍ക്ക് ആശുപത്രിയില്‍ എത്തിപ്പെടാന്‍ പറ്റാത്ത ഇടങ്ങളില്‍ നേരിട്ടെത്തി മൊബൈല്‍ ക്ലിനിക്കുകളായും പ്രവര്‍ത്തിക്കും. ജനറല്‍ ഒപിയില്‍ ലഭിക്കുന്ന സേവനങ്ങള്‍ ലഭിക്കും.

കിടപ്പു രോഗികള്‍ക്കുള്ള ആശ്വാസമായി മുഴുവന്‍ രോഗികളെയും പാലിയേറ്റീവ് നഴ്സുമാര്‍ സന്ദര്‍ശിച്ച്‌ സാന്ത്വന പരിചരണം നല്‍കും. ഒരു കമ്മ്യൂണിറ്റി നഴ്സും ഇവരോടൊപ്പം ഉണ്ടാകും. രണ്ടു പേര്‍ ഉള്‍പ്പെടുന്ന 85 ടീം ഇതിനോടകം പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ഇതോടൊപ്പം ജീവിത ശൈലീ രോഗികളുടെ യും ക്ഷയരോഗബാധിതരുടെയും കുഷ്ഠരോഗബാധിതരുടെയും തുടര്‍ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിഗണിക്കും. എന്തെങ്കിലും കാരണവശാല്‍ മരുന്ന് മുടങ്ങുകയോ, നഷ്ടപ്പെടുകയോ ചെയ്തവര്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍വഴി വേണ്ട നടപടികള്‍ സ്വീകരിക്കും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും വകുപ്പ് ഊര്‍ജിതമാക്കി. ഇതിനായി 800 ഫീല്‍ഡ് സ്റ്റാഫുകളാണ് ഉള്ളത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 72 ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍മാരും ഉണ്ട്. രണ്ടു പേര്‍ വീതം 40 മുതല്‍ 50 വീടുകള്‍ വരെ സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തും. പനി, വയറിളക്കം മറ്റു രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരുടെ വിവരങ്ങള്‍ ശേഖരിക്കും. പകര്‍ച്ചാവ്യാധി നിയന്ത്രണമാണ് ലക്ഷ്യം. 



from Anweshanam | The Latest News From Health https://ift.tt/2Nzqia5
via IFTTT