Breaking

Wednesday, August 21, 2019

‘‘എവിടെയാണ് ഞങ്ങളുടെ മക്കൾ?’’ വിങ്ങലടങ്ങാതെ അവർ വഴിയരികിൽ

: രാജ്ബാഗ് പോലീസ് സ്റ്റേഷനു മുന്നിൽ തളർന്നിരിക്കുകയായിരുന്നു അലി മുഹമ്മദ്. രാവിലെ മുതൽ കേണപേക്ഷിച്ചിട്ടും അലമുറയിട്ടിട്ടും ഫലമില്ലാതെ നിസ്സഹാനായി നിൽക്കുകയാണ് മെഹ്ജൂർ നഗർ ഏരിയയിലെ ഈ വഴിയോരകച്ചവടക്കാരൻ. മക്കളായ യൂനസ് അഹമ്മദിനെയും ഷബീറിനെയും തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിക്ക് പോലീസെത്തി പിടിച്ചു കൊണ്ടുപോയി. കാര്യമെന്താണെന്ന് ഒരു പിടിയുമില്ല. വാതിൽ ചവിട്ടിത്തുറന്ന് വീട്ടിനുള്ളിൽ കടന്നു മക്കളെ പിടിച്ചു കൊണ്ടു പോയ പോലീസുകാരോടു വിവരം തിരക്കിയപ്പോൾ മിണ്ടരുതെന്നായിരുന്നു ഭീഷണി. കാര്യമറിയണമെങ്കിൽ രാവിലെ സ്റ്റേഷനിൽ എത്തിയാൽ മതിയെന്നും പറഞ്ഞു. സ്റ്റേഷനു മുന്നിലെ വഴിയരികിൽ കുത്തിയിരിക്കുകയാണ് അലി മുഹമ്മദ് ഉൾപ്പെടെ ഒട്ടേറെ രക്ഷിതാക്കൾ. “പോലീസ് പിടികൂടിയ മക്കളിൽ ഒരാൾക്കു വയറിനു സുഖമില്ല. മരുന്നു നൽകണമെന്നു പറഞ്ഞപ്പോൾ അതു പോലും പോലീസ് സമ്മതിച്ചില്ല.”-അലിമുഹമ്മദ് പറഞ്ഞു. “എന്റെ ഭാര്യ ഹൃദ്രോഗിയാണ്. മക്കളെ പിടിച്ചുകൊണ്ടുപോയതിന്റെ വേദനയിൽ അവൾ രാവിലെ തളർന്നു വീണു. ആസ്പത്രിയിലാക്കി ഞാൻ മകനെ കാണാൻ സ്റ്റേഷനിലെത്തിയതാണ്. ഇതുവരെയും ഒരു വിവരവുമില്ല. മക്കൾ ഒരു കുറ്റവും ചെയ്തിട്ടില്ല. ഞങ്ങൾ പാവങ്ങളാണ്. ഏതെങ്കിലും പണക്കാരന്റെ മക്കളെ ഇതുപോലെ കൊണ്ടുവന്ന് ഇങ്ങനെ പോലീസ് സ്റ്റേഷനിൽ ഇടുമോ?” - സങ്കടം വിവരിച്ചുവിവരിച്ച് സ്റ്റേഷനിലെ പോലീസുകാരെ നോക്കി അലി മുഹമ്മദ് രോഷം കൊണ്ടു. ദിവസവും രാജ്ബാഗിൽ വന്ന്‌ മകനു വേണ്ടി കാത്തുനിൽക്കുകയാണ് രാംബാഗ് മേഖലയിൽ താമസിക്കുന്ന മുഹമ്മദ് യൂസഫ്. ‘‘ഈദിനു രണ്ടു ദിവസം മുമ്പ് പതിന്നാലുകാരനായ മകൻ ആഷുവിനെ വീട്ടിലെത്തി പോലീസ് പിടിച്ചുകൊണ്ടുപോയി. കല്ലെറിയലും അക്രമവും നടത്തിയെന്നാണ് കേസ്. എന്നാൽ, അവൻ അങ്ങനെയുള്ളയാളല്ല. ഇത്ര ദിവസമായിട്ടും മകനെപ്പറ്റി ഒരു വിവരവുമില്ല.’’ -മുഹമ്മദ് പറഞ്ഞു. മേഹ്ജൂർ നഗറിൽ തന്നെയുള്ള റായ്ജയും മകൾ ബിവീനയും സ്റ്റേഷനു മുന്നിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. റായ്ജയുടെ മകൻ മുഷ്താക് അഹമ്മദിനെയും കഴിഞ്ഞ ദിവസം പോലീസ് പിടിച്ചുകൊണ്ടുപോയി. രാത്രി രണ്ടു മണിക്കാണ് തന്റെ മകൻ ഗുൽഷൻ അഹമ്മദിനെ പിടിച്ചു കൊണ്ടുപോയതെന്ന് വയോധികനായ അബ്ദുൾ അസീസ് പറഞ്ഞു. ‘‘മേൽക്കുപ്പായമിടാൻ പോലും അവനെ സമ്മതിച്ചില്ല. ഞങ്ങളുടെ മുന്നിൽ വെച്ച് മർദിക്കുകയും ചെയ്തു. കാര്യം തിരക്കിയപ്പോൾ വെടിവെക്കുമെന്നായിരുന്നു പോലീസിന്റെ ഭീഷണി. ഞാൻ രാവിലെ ഏഴു മുതൽ ഇവിടെ കാത്തിരിപ്പാണ്. ഇതുവരെ മകനെ കാണാൻ പോലും സമ്മതിച്ചിട്ടില്ല.’’ -അബ്ദുൾ അസീസ് വിങ്ങിപ്പൊട്ടി. കുഞ്ഞിനെ കൈയിലേന്തിയ ഒരു സ്ത്രീയെയും കൂട്ടത്തിൽ കണ്ടു. റോഡിൽ മണിക്കൂറുകളോളം കുത്തിയിരുന്ന സ്ത്രീകളടക്കമുള്ളവരെ പോലീസുകാർ അകത്തു കയറ്റിയില്ല. അവരോടു സംസാരിക്കാൻ ശ്രമിച്ചതിനു മാധ്യമപ്രവർത്തകർക്കും പോലീസ് താക്കീതു നൽകി. രക്ഷിതാക്കളെ വിരട്ടിയോടിക്കാൻ ഉച്ചയ്ക്കു രണ്ടു മണിയോടെ ലാത്തിച്ചാർജും നടത്തി. രാജ്ബാഗ് സ്റ്റേഷൻ അതിർത്തിയിൽ 21 പേരെ ഇങ്ങനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി. ഇതിൽ 12 മുതൽ 16 വരെ വയസ്സുള്ളവരുണ്ട്. എന്നാലിതിൽ ചിലരെ വിട്ടയച്ചെന്നാണ് ഔദ്യോഗികവൃത്തങ്ങൾ നൽകുന്ന സൂചന. രാജ്ബാഗിലേതു പോലെ കശ്മീരിലെ പലയിടങ്ങളിൽ നിന്നായി ഇതുവരെ 2200 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അറിയുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.ശ്രീനഗറിലെ പലയിടങ്ങളിലും തിങ്കളാഴ്ച സർക്കാർ കർഫ്യൂ പിൻവലിച്ചെങ്കിലും കടകൾ തുറക്കാതെയും പുറത്തിറങ്ങാതെയും ജനങ്ങൾ സിവിൽ കർഫ്യൂ നടത്തി പ്രതിഷേധിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/33PcZKU
via IFTTT