Breaking

Saturday, August 24, 2019

സ്വപ്‌ന ഫൈനലില്‍ ഗോകുലം മോഹന്‍ ബഗാനെതിരേ; ജയിച്ചാല്‍ ചരിത്രനേട്ടം

കൊൽക്കത്ത: ഒരു ജയം, ഒരൊറ്റ ജയംകൂടി സ്വന്തമാക്കിയാൽ ഗോകുലം കേരള എഫ്.സി. കാത്തിരിക്കുന്നത് ചരിത്രനേട്ടമാണ്. അതിന്റെ ആവേശമുൾക്കൊണ്ടാകും ഡ്യൂറന്റ് കപ്പ് കിരീടപോരാട്ടത്തിന് കേരള ടീം ഇറങ്ങുന്നത്. എതിരാളി ചില്ലറക്കാരല്ല, കൊൽക്കത്ത വമ്പൻമാരായ മോഹൻ ബഗാൻ. ഗോകുലത്തിന്റെ ചോരത്തിളപ്പും ബഗാന്റെ പരിചയസമ്പത്തും മാറ്റുരയ്ക്കുമ്പോൾ ഫൈനൽ തീപാറും. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ചുമണിക്കാണ് മത്സരം. വിജയകുലം ഗ്രൂപ്പിൽ തോൽവിയറിയാതെ സെമിയിലെത്തിയ ടീം ആതിഥേയരായ ഈസ്റ്റ് ബംഗാളിനെ ഷൂട്ടൗട്ടിൽ കീഴടക്കി. ഇഞ്ചുറി ടൈംവരെ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷവും തളരാതെ പൊരുതിയ ടീം അവസാനനിമിഷത്തിലാണ് പെനാൽട്ടി സമ്പാദിച്ചതും സമനിലഗോൾ നേടിയതും. തുടർന്ന് എക്സ്ട്രാ ടൈമിലും മികച്ച കളി പുറത്തെടുത്ത കേരള ടീം ഷൂട്ടൗട്ടിൽ അർഹിച്ച വിജയം നേടിയെടുത്തു. മുന്നിൽനിന്നു നയിക്കുന്ന നായകൻ മർക്കസ് ജോസഫാണ് ടീമിന്റെ കരുത്ത്. ടൂർണമെന്റിൽ രണ്ടു ഹാട്രിക് സഹിതം ഒമ്പത് ഗോളാണ് ട്രിനിഡാഡ് താരം നേടിയത്. പരിക്കുമാറി യുഗാൺഡ സ്ട്രൈക്കർ ഹെന്റി കിസിക്കെ തിരിച്ചെത്തിയതോടെ ആക്രമണനിരയ്ക്ക് ശക്തികൂടി. വിങ്ങർമാരായ മാലേംഗാമ്പ മീത്തിയും ഷിബിൽ മുഹമ്മദും ഡിഫൻസീവ് മിഡ്ഫീൽഡറായ മുഹമ്മദ് റാഷിദും മികച്ച ഫോമിലാണ്. ട്രിനിഡാഡ് താരം ആന്ദ്രെ എറ്റീൻ, ഇർഷാദ്, ജസ്റ്റിൻ ജോർജ് എന്നിവർ കളിക്കുന്ന പ്രതിരോധവും മികച്ചതാണ്. സെമിയിൽ വിജയശില്പിയായ ഗോൾ കീപ്പർ ഉബൈദിൽ ടീം ഒരിക്കൽക്കൂടി വിശ്വാസമർപ്പിക്കുന്നു. 3-4-3 ശൈലിയിലാണ് പരിശീലകൻ സാന്റിയാഗോ വരേല ടീമിനെ കളിപ്പിക്കുന്നത്. വേഗവും താളവും ഒരേപോലെ നിലനിർത്തിയുള്ള ആക്രമണമാണ് വലേര ഇതുവരെ നടപ്പാക്കിയത്. സ്പാനിഷ് കരുത്തിൽ ബഗാൻ സ്പാനിഷ് കരുത്തിലാണ് ബഗാൻ വിശ്വാസമർപ്പിക്കുന്നത്. മുന്നേറ്റത്തിൽ സാൽവ ചമോറോ, മധ്യനിരയിൽ ജോസെബ ബെയ്റ്റിയ, ഫ്രാൻ ഗോൺസാലസ്, പ്രതിരോധത്തിൽ ഫ്രാൻ മൊറാന്റെ ഒപ്പം പരിശീലകൻ കിബു വിക്കുനയും സ്പെയിൻകാരാണ്. മൂന്നുഗോൾ നേടിയ സാൽവയ്ക്ക് ടീമിന്റെ കുതിപ്പിൽ നിർണായക പങ്കുണ്ട്. സെമിയിൽ റിയൽ കശ്മീരിനെതിരേ എക്സ്ട്രാ ടൈമിൽ ഇരട്ടഗോൾ നേടിയ മലയാളി താരം വി.പി. സുഹൈറും മികച്ച ഫോമിലാണ്. ജയിച്ചാൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമെന്ന റെക്കോഡ് ബഗാനെ കാത്തിരിക്കുന്നുണ്ട്. നിലവിൽ ബഗാനും ഈസ്റ്റ് ബംഗാളും 16 കിരീടങ്ങളുമായി ഒപ്പമാണ്. കൗതുകം 1997-ൽ എഫ്.സി. കൊച്ചിൻ കിരീടം നേടുമ്പോഴും ഫൈനലിൽ എതിരാളി ബഗാനായിരുന്നു. അന്ന് 3-1നാണ് കേരള ടീം ജയിച്ചത്. ഇത്തവണ ഗോകുലത്തിനും അതേ എതിരാളി. ബഗാൻ മികച്ച ടീമാണ്. ചമോറോയും ബെയ്റ്റിയയും മികച്ച താരങ്ങളാണ്. എന്നാൽ, ടീമിന്റെ കരുത്ത് പൂർണമായും പുറത്തെടുത്ത് പോരാടും. ഏതെങ്കിലും ഒരു താരത്തെ കേന്ദ്രീകരിച്ചല്ല ടീമിന്റെ ഗെയിംപ്ലാൻ. ഗോകുലം പരിശീലകൻസാന്റിയാഗോ വരേല പറയുന്നു. Content Highlights: Durand Cup Final Gokulam vs Mohun Bagan Football


from mathrubhumi.latestnews.rssfeed https://ift.tt/2Zqkt3E
via IFTTT