Breaking

Friday, August 2, 2019

അയോധ്യയില്‍ മധ്യസ്ഥ ചര്‍ച്ച പരാജയം; റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: അയോധ്യയിലെ രാമ ജന്മഭൂമി-ബാബറി മസ്ജിദ്കേസിൽ മൂന്നംഗ മധ്യസ്ഥസമിതി സമർപ്പിച്ച റിപ്പോർട്ട് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. തർക്കത്തിൽ ഉൾപ്പെട്ട കക്ഷികൾ തമ്മിൽ യോജിപ്പിലെത്തിക്കാൻ സമിതിക്കായിട്ടില്ലെന്നാണ് സൂചന. വ്യാഴാഴ്ചയാണ് മൂന്നംഗ സമിതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാകും പരഗിണിക്കുക. പതിറ്റാണ്ടുകളായി നീണ്ടുനിൽക്കുന്ന അയോധ്യ ഭൂമിതർക്കത്തിൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിനുള്ള സാധ്യതകൾ തേടി മാർച്ച് എട്ടിനാണ് സുപ്രീംകോടതി മധ്യസ്ഥ സമിതിയെ നിയമിച്ചത്. നാലര മാസത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എസ്.എ.ബോബ്ദെ, ഡി.വൈ.ചന്ദ്രചൂഡ്,അശോക് ഭൂഷൻ,എസ്.അബ്ദുൾ നസീർ എന്നിവരുൾപ്പെട്ടതാണ് ഭരണഘടനാ ബെഞ്ച്. ചർച്ച പരാജയപ്പെട്ടെന്ന് മധ്യസ്ഥ സമിതി അംഗീകരിക്കുകയാണെങ്കിൽ കേസിൽ വാദം തുടരാൻ സുപ്രീംകോടതി ഉത്തരവിട്ടേക്കും. മധ്യസ്ഥചർച്ചയിൽ ഫലം കാണുന്നില്ലെന്നും കേസ് സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഹർജിക്കാരനായ ഗോപാൽ സിങ് വിശാരദ് രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ഖലീഫുള്ളയ്ക്ക് പുറമേ ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരുൾപ്പെട്ട സമിതിയാണ് രഹസ്യമായി മധ്യസ്ഥചർച്ചകൾ നടത്തുന്നത്. 1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട അയോധ്യയിലെ 2.77 ഏക്കർ സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചുനൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീംകോടതിക്കു മുന്നിലുള്ളത്. Content Highlights:Ayodhya mediation fails, Supreme Court repot takes it up today


from mathrubhumi.latestnews.rssfeed https://ift.tt/2ytU3mE
via IFTTT