ബർമിങാം: തന്നെ പരിഹസിക്കാനെത്തിയ ഇംഗ്ലീഷ് ആരാധകരോട് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവൻ സ്മിത്ത് ബാറ്റുകൊണ്ട് മറുപടി പറഞ്ഞു. പന്തുചുരണ്ടൽ വിവാദത്തിൽപ്പെട്ട് ഒരുവർഷത്തെ വിലക്കുകഴിഞ്ഞ് ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് സ്മിത്ത് ആഘോഷമാക്കി. സ്മിത്തിന്റെ മാസ്റ്റർ ക്ലാസ് സെഞ്ചുറിയോടെ (144) ആഷസ് ടെസ്റ്റിന്റെ ഒന്നാംദിനം ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയ 284 റൺസെടുത്തു. ആഷസിലെ അവസാന ഒമ്പതു ഇന്നിങ്സുകളിൽ സ്മിത്തിന്റെ അഞ്ചാം സെഞ്ചുറിയാണിത്. മറുപടിയായി രണ്ട് ഓവർ ബാറ്റുചെയ്ത ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 10 റൺസെന്ന നിലയിലാണ്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റേത് മോശം തുടക്കമായിരുന്നു. കാമറോൺ ബാൻക്രോഫ്റ്റ് (8), ഡേവിഡ് വാർണർ (2), ഉസ്മാൻ ഖവാജ (13) എന്നിവർ 35 റൺസിനിടെ മടങ്ങി. ട്രാവിഡ് ഹെഡുമൊത്ത് (35) നാലാം വിക്കറ്റിൽ സ്മിത്ത് 64 റൺസ് ചേർത്തു. പിന്നാലെ വീണ്ടും തകർച്ച. മാത്യു വെയ്ഡ് (1), ക്യാപ്റ്റൻ ടിം പെയ്ൻ (5), ജെയിംസ് പാറ്റിൻസൺ (0), പാറ്റ് കമ്മിൻസ് (5) എന്നിവർ പുറത്താകുമ്പോൾ ഓസീസ് എട്ടിന് 122 റൺസ്. അവിടെ നിന്നായിരുന്നു സ്മിത്തിന്റേയും സിഡിലിന്റേയും രക്ഷാപ്രവർത്തനം. ഒമ്പതാം വിക്കറ്റിൽ 88 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഈ സഖ്യമാണ് ഓസീസ് സ്കോർ 200 കടത്തിയത്. എട്ടിന് 122 എന്ന നിലയിൽ തകർന്നിടത്തുനിന്ന് ഓസ്ട്രേലിയ പുനർജനിക്കുകയായിരുന്നു. അവസാന രണ്ടുവിക്കറ്റിൽ അവർ 162 റൺസാണ് അവർ സ്കോർ ബോർഡിലേക്ക് ചേർത്തത്. ഒമ്പതാം വിക്കറ്റിൽ പീറ്റർ സിഡിലും (44) പത്താം വിക്കറ്റിൽ നേഥൻ ലയണു (12*)മായിരുന്നു സ്മിത്തിന് കൂട്ട്. അവസാന വിക്കറ്റിൽ നേഥൻ ലയണിനെ കൂട്ടുപിടിച്ച് 74 റൺസ് ചേർത്ത സ്മിത്ത് പത്താമനായാണു പുറത്തായത്. ടീം നേടിയതിന്റെ പകുതിയിലേറെയും സ്മിത്തിന്റെ ബാറ്റിൽനിന്നാണ്. 219 പന്തിൽ 16 ബൗണ്ടറിയും രണ്ട് സിക്സും പറത്തി. ഇതിനിടെ മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുമുണ്ടാക്കി. ട്രവിസ് ഹെഡ് 35 റൺസെടുത്തു. ഓസീസിന്റെ ആറുപേർ രണ്ടക്കം കടന്നില്ല. ഇംഗ്ലണ്ടിനുവേണ്ടി സ്റ്റുവർട്ട് ബ്രോഡ് അഞ്ചുവിക്കറ്റും ക്രിസ് വോക്സ് മൂന്നുവിക്കറ്റും എടുത്തു. ബൗളിങ് ആരംഭിച്ച അധികം വൈകാതെ പ്രധാന ബൗളർ ജെയിംസ് ആൻഡേഴ്സൻ പരിക്കേറ്റ് പിൻമാറിയത് ഇംഗ്ലണ്ടിനു തിരിച്ചടിയായി. കഴിഞ്ഞവർഷം പന്തുചുരണ്ടലിൽപെട്ട ശേഷം നിരാശനായി പൊട്ടിക്കരയുന്ന സ്മിത്തിന്റെ ചിത്രം മുഖാവരണമായി ധരിച്ചാണ് ഒരുസംഘം ഇംഗ്ലണ്ട് ആരാധകർ കളി കാണാനെത്തിയത്. അതൊന്നും സ്മിത്തിന്റെ ഏകാഗ്രതയെ ബാധിച്ചില്ല. രണ്ടുവിക്കറ്റിന് 17 എന്ന നിലയിൽനിൽക്കേ ക്രീസിലെത്തിയ സ്മിത്ത് പത്താമനായാണ് മടങ്ങിയത്. ഇതിനിടെ ഒരു റണ്ണൗട്ടിൽനിന്ന് രക്ഷപ്പെട്ടു. തുടക്കത്തിൽ കരുതിക്കളിച്ചു. അവസാനഘട്ടത്തിൽ പൂർണമായും ആക്രമണ ബാറ്റിങ്ങിലേക്ക് തിരിഞ്ഞു. Content Highlights:England Vs Australia Ashes 2019 1st Test day 2
from mathrubhumi.latestnews.rssfeed https://ift.tt/2KbTEvZ
via
IFTTT