അതിരപ്പിള്ളി: ഔദ്യോഗികജീവിതം കാടിന്റെ സംരക്ഷണത്തിനായി നടന്നുതീർത്ത വനപാലകൻ വിരമിച്ചപ്പോൾ 200 കിലോമീറ്ററിലേറെ നടന്ന് വീട്ടിലേക്കു പോകുന്നു. ആനക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.പി. സുരേഷ്‌കുമാറാണ് കുട്ടനാട് വൈശ്യംഭാഗത്തെ വീട്ടിലേക്ക് ആവേശത്തോടെ നടന്നുകൊണ്ടിരിക്കുന്നത്. വിരമിച്ചവരെ ജീവനക്കാർ വീട്ടിൽ കൊണ്ടാക്കുന്ന പതിവുണ്ട്. ഇതിനായി സഹപ്രവർത്തകർ ഒരുങ്ങിയപ്പോൾ അത് നിരസിച്ചാണ് ആരോഗ്യ, പ്രകൃതിസംരക്ഷണ സന്ദേശവുമായി കാൽനടയായി പോകാൻ ഇദ്ദേഹം തീരുമാനിച്ചത്. വനഭൂമിയിൽ ഒരു മരം നട്ടാണ് സുരേഷ്‌കുമാറിന്റെ പടിയിറക്കം. വനമധ്യത്തിലുള്ള ആനക്കയം ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് ഇരുനൂറ് കിലോമീറ്ററിലേറെ നടന്ന് നാലോ അഞ്ചോ ദിവസംകൊണ്ട് വീട്ടിലെത്താനാണ് ലക്ഷ്യമിടുന്നത്. പ്രകൃതിയെ സംരക്ഷിക്കാൻ വാഹന ഉപയോഗം കുറയ്ക്കണമെന്നും ആരോഗ്യമുള്ള തലമുറയ്ക്കായി നടത്തം ശീലമാക്കണമെന്നുമാണ് സുരേഷ്‌കുമാർ പറയുന്നത്. ഈ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ കൂടിയാണ് കാൽനടയാത്ര. വർഷങ്ങൾക്കുമുമ്പ് മലമ്പുഴ ഗവ. ഐ.ടി.ഐ.യിൽ നിയമിതനായ അദ്ദേഹം വൈകാതെ വനംവകുപ്പിലെത്തുകയായിരുന്നു. പിന്നീട് നാട്ടകം പോളിടെക്നിക്കിൽ ക്ലറിക്കൽ ജോലി കിട്ടിയെങ്കിലും കാടിനോടും പ്രകൃതിയോടുമുള്ള താത്‌പര്യം നിമിത്തം വനപാലകനായി തുടർന്നു. കാൽനടയാത്രയ്ക്ക് വ്യാഴാഴ്ച രാവിലെ എട്ടിന് ആനക്കയം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി.കെ. ലോഹിതാക്ഷൻ അഭിവാദ്യമർപ്പിച്ചു. ആനക്കയം, കൊല്ലത്തിരുമേട്, പൊകലപ്പാറ, വാഴച്ചാൽ, അതിരപ്പിള്ളി തുടങ്ങിയ സ്റ്റേഷനുകളിലെ വനപാലകർ അദ്ദേഹത്തിന് സ്വീകരണം നൽകി. വാഴച്ചാൽ വനം ഡിവിഷന്റെ അതിർത്തിയായ അതിരപ്പിള്ളി വരെ വിവിധ സ്റ്റേഷനുകളിലെ വനപാലകരും സുഹൃത്തുക്കളും സുരേഷ്‌കുമാറിനെ അനുഗമിച്ചു. രാവിലെ മുതൽ നടന്ന് വൈകീട്ട് വിശ്രമിച്ച് പിറ്റേന്ന് യാത്ര തുടരാനാണ് സുരേഷ്‌കുമാറിന്റെ തീരുമാനം. ഐ.ടി.ഐ.യിലെ ഇൻസ്ട്രക്ടറായ ഭാര്യ മീനയോടൊപ്പം കൃഷിചെയ്യാനാണ് സുരേഷ്‌കുമാറിന്റെ തീരുമാനം.
from mathrubhumi.latestnews.rssfeed https://ift.tt/2KjcC2y
via
IFTTT