ദുബായ്: കേന്ദ്രബജറ്റിൽ സ്വർണത്തിന്റെ തീരുവ രണ്ടര ശതമാനം കൂടി വർധിപ്പിച്ചതോടെ ഗൾഫ് രാജ്യങ്ങളിലെ സ്വർണവിലയുമായുള്ള ഇന്ത്യൻ വിപണിവിലയുടെ വ്യത്യാസം ഏറും. പുതിയ പരിഷ്കാരത്തോടെ പവന് 1500 മുതൽ 1600 രൂപ വരെ വ്യത്യാസമുണ്ടാകും. ഇത് ഗൾഫിലെ സ്വർണവിപണിക്ക് വീണ്ടും ഉണർവേകും. ഇന്ത്യയിലെ ഇറക്കുമതിത്തീരുവ നേരത്തേ പത്ത് ശതമാനമായിരുന്നു. ഇതാണ് ഇപ്പോൾ 12.5 ശതമാനമായി ഉയർത്തിയിരിക്കുന്നത്. സിറ്റി ഓഫ് ഗോൾഡ് എന്ന വിശേഷണമുള്ള ദുബായിലാണ് ഇന്ത്യയിലെ പുതിയ നികുതിനിർദേശം കൂടുതൽ ചലനമുണ്ടാക്കുന്നത്. യു.എ.ഇ.യിലെത്തുന്ന സഞ്ചാരികൾ സ്വർണം വാങ്ങുന്നത് കൂടുമെന്നാണ് എല്ലാ ജൂവലറി ഉടമകളും പ്രതീക്ഷിക്കുന്നത്. അതേസമയം ഇന്ത്യയിലേക്കുള്ള സ്വർണക്കടത്ത് കൂടാനും സാധ്യതയേറെയാണ്. യു.എ.ഇ.യിൽ മൂല്യവർധിത നികുതി (വാറ്റ്) നടപ്പാക്കിയതോടെ സ്വർണവിപണിക്ക് ചെറിയ തോതിൽ മങ്ങലേറ്റിരുന്നു. വിലയുടെ അഞ്ച് ശതമാനമാണ് വാറ്റ്. എന്നാലും അറുനൂറ് മുതൽ എണ്ണൂറ് രൂപയോളം വില വ്യത്യാസമുണ്ടായിരുന്നു. അതാണ് ഇപ്പോൾ ഇരട്ടിയോളമായത്. ശനിയാഴ്ച കേരളത്തിൽ 22 കാരറ്റിന്റെ ഒരു ഗ്രാമിന് വില 3210 രൂപയാണ്. അത് യു.എ.ഇ.യിൽ 169 ദിർഹം (ഏകദേശം 3150 രൂപ) വരും. എന്നാൽ ശനിയാഴ്ച ദുബായിലെ വില ഗ്രാമിന് 159 (ഏകദേശം 2960 രൂപ )ദിർഹമാണ്. രൂപയിലെ വിനിമയ നിരക്ക് കണക്കാക്കിയാൽ ഇതിലെ വ്യത്യാസം പവന് 1520 രൂപയാണ്. ഇന്ത്യയിൽ സ്വർണത്തിന് ഏറ്റവും വിലക്കുറവ് കേരളത്തിലാണ്. ശനിയാഴ്ച കേരളത്തിലെ സ്വർണവില ഗ്രാമിന് 3210 രൂപയാണെങ്കിൽ മുംബൈയിൽ 3,360 ഉം ഡൽഹിയിൽ 3350 ഉം രൂപയാണ്. അതേസമയം യു.എ.ഇ.യിൽനിന്ന് 24 കാരറ്റ് സ്വർണമാണ് വാങ്ങുന്നതെങ്കിൽ വ്യത്യാസം 1800 രൂപയോളം വരും. 24 കാരറ്റിന് യു.എ.ഇ.യിൽ വാറ്റ് ഇല്ല. യു.എ.ഇ.യിലെത്തുന്ന സന്ദർശകർക്ക് അവർ വാങ്ങുന്ന സാധനങ്ങളുടെ വാറ്റ് തുക വിമാനത്താവളത്തിൽ വെച്ച് തിരിച്ചുനൽകുന്നുമുണ്ട്. വിദേശങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് പോകുമ്പോൾ കൈയിൽ കരുതാവുന്ന സ്വർണത്തിന് പരിധി വെച്ചിട്ടുണ്ടെങ്കിലും ശരീരത്തിൽ അണിയുന്ന സ്വർണത്തിന്റെ തോത് കസ്റ്റംസ് അധികൃതർ സാധാരണഗതിയിൽ കണക്കിലെടുക്കാറില്ല. അതുകൊണ്ടുതന്നെ ഇവിടെനിന്ന് വാങ്ങുന്ന സ്വർണം അണിഞ്ഞുതന്നെയാണ് മിക്കവരും നാട്ടിലേക്ക് കൊണ്ടുപോകാറുള്ളത്. ഇപ്പോൾതന്നെ ലക്ഷങ്ങളുടെ സ്വർണമാണ് മിക്കദിവസങ്ങളിലും കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്ന് പിടികൂടുന്നത്. ഇവിടെനിന്ന് കടത്തുന്ന സ്വർണത്തിന്റെ ചെറിയൊരംശം മാത്രമാണ് ഇങ്ങനെ പിടിയിലാകുന്നതെന്നാണ് പൊതു സംസാരം. വിലയിലെ അന്തരം കൂടുന്നതോടെ നാട്ടിലേക്ക് സ്വർണക്കടത്തും കൂടും. Content Highlights:gulf-gold price
from mathrubhumi.latestnews.rssfeed https://ift.tt/2JqLNsJ
via
IFTTT