ചികിത്സയിൽ കഴിയുന്ന ഹക്കീം നെടുങ്കണ്ടം: രാജ്കുമാറിന്റെ കരച്ചിൽ കേട്ടതായി അന്ന് നെടുങ്കണ്ടം പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന യുവാവിന്റെ വെളിപ്പെടുത്തൽ. താനും ക്രൂരമർദനത്തിനിരയായെന്ന് മുണ്ടിയെരുമ ബ്ലോക്ക് നമ്പർ 997-ൽ ഹക്കിം(31) മാതൃഭൂമിയോടു പറഞ്ഞു. 16 ദിവസത്തെ റിമാൻഡിനുശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയതും വെളിപ്പെടുത്തൽ നടത്തിയതും. മർദനത്തിനിടെ ഗ്രില്ല് തകർന്നു; ഉമ്മയെക്കൊണ്ട് നന്നാക്കിച്ചു ജൂൺ 14-ന് കുടുംബപ്രശ്നത്തിൽ ഭാര്യാപിതാവിന്റെ പരാതിയെത്തുടർന്ന് വിളിച്ചുവരുത്തിയശേഷം എസ്.ഐ.യുടെയും എ.എസ്.ഐ.യുടെയും നേതൃത്വത്തിൽ ഹക്കിമിനെ വളഞ്ഞിട്ടു മർദിച്ചതായാണ് ആരോപണം. സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ലോക്കപ്പിന്റെ ഗ്രില്ലിൽ ചാരിനിർത്തിയാണ് മർദിച്ചത്. സി.സി.ടി.വി.യിൽ ദൃശ്യങ്ങൾ പതിയാതിരിക്കാൻ ക്യാമറ മറഞ്ഞുനിന്നായിരുന്നു മർദനം. വയറിനിട്ട് ചവിട്ടുകയും ദേഹമാസകലം ഇടിക്കുകയും ചെയ്തു. സഹിക്കാതായപ്പോൾ കുതറിയോടി സെല്ലിന്റെ ഗ്രില്ലിൽ പിടിച്ചുനിന്നു. ഇതിനിടെ ഗ്രില്ലിന്റെ ഒരുഭാഗം അടർന്നുപോകുകയും ബാക്കിഭാഗം വളയുകയും ചെയ്തു. രാത്രി വേദനകൊണ്ട് പുളയുന്നതിനിടെ മറ്റൊരാളുടെ നിലവിളി പോലീസ് സ്റ്റേഷന്റെ വിശ്രമമുറിയിൽനിന്ന് കേട്ടതായി ഹക്കിം പറഞ്ഞു. പിറ്റേന്നു രാവിലെ ഉമ്മ സ്റ്റേഷനിൽ കാണാനെത്തിയപ്പോൾ താൻ സെല്ലിൽ അവശനിലയിലായിരുന്നു. ഈ സമയംവരെ വെള്ളമോ ഭക്ഷണമോ നൽകിയില്ല. ഉമ്മയുടെ മുന്നിലിട്ടും പോലീസ് മർദിക്കാൻ ശ്രമിച്ചു. മകന്റെ അവസ്ഥകണ്ട് വാവിട്ടു കരഞ്ഞതോടെയാണ് പോലീസ് ഇടി നിർത്തിയതെന്നു ഹക്കീമിന്റെ ഉമ്മ സുൽഫത്ത് ബഷീർ പറഞ്ഞു. സെല്ലിന്റെ ഗ്രിൽ നന്നാക്കാൻ 4,000 രൂപയും പോലീസ് ആവശ്യപ്പെട്ടു. ഇതു നൽകിയില്ലെങ്കിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും ഉമ്മയെ ഭീഷണിപ്പെടുത്തി. പണമില്ലെന്നു പറഞ്ഞതോടെ ഗ്രിൽ നന്നാക്കിത്തരണമെന്ന് ഒരു എ.എസ്.ഐ. പറഞ്ഞു. പിന്നീട് ഒരു ലെയ്ത്തുകാരനെ വിളിച്ചുവരുത്തി 700 രൂപയ്ക്ക് ഗ്രിൽ നന്നാക്കി. ജൂൺ 15-നു റിമാൻഡിലായ ഹക്കിം ജാമ്യം ലഭിച്ച് ജൂലായ് ഒന്നിനു രാത്രിയാണ് പുറത്തിറങ്ങുന്നത്. കടുത്ത ദേഹാസ്വാസ്ഥ്യവും ശരീരവേദനയുംമൂലം ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകുമെന്ന് ഹക്കിമും മാതാവും പറഞ്ഞു. സുൽഫത്താണ് തന്നെക്കൊണ്ട് ഗ്രില്ല് നന്നാക്കിച്ചതെന്ന് പോലീസ് സ്റ്റേഷനു സമീപത്തെ ലെയ്ത്ത് ഉടമ മാതൃഭൂമിയോടു പറഞ്ഞു. എന്നാൽ, ഹക്കിം മദ്യലഹരിയിലാണ് സ്റ്റേഷനിൽ എത്തിയതെന്നും സ്റ്റേഷന്റെ ഗ്രില്ല് ചവിട്ടിത്തകർക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. content highlights:peerumedu custodial death of rajkumar
from mathrubhumi.latestnews.rssfeed https://ift.tt/2YrCY8c
via
IFTTT