ലഖ്നൗ: ഉത്തർപ്രദേശിലെ ഫൈസാബാദ് സ്വദേശി ഗുംനാമി ബാബ യഥാർഥത്തിൽ നേതാജി സുഭാഷ് ചന്ദ്ര ബോസാണോ എന്ന വിവാദം തീർപ്പിലേക്ക്. ഗുംനാമി ബാബയെക്കുറിച്ചുള്ള അന്വേഷണറിപ്പോർട്ട് ജസ്റ്റിസ് വിഷ്ണു സഹായ് കമ്മിഷൻ ചൊവ്വാഴ്ച യു.പി. മന്ത്രിസഭയ്ക്ക് സമർപ്പിച്ചു. ബാബ നേതാജിയാണോയെന്ന് ഉറപ്പാക്കുക പ്രയാസമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗുംനാമി ബാബ തന്നെയോ നേതാജി എന്നുറപ്പിക്കാൻ 2016-ലാണ് യു.പി. സർക്കാർ ജസ്റ്റിസ് വിഷ്ണു സഹായ് കമ്മിഷൻ രൂപവത്കരിച്ചത്. നേതാജി അനായാസം കൈകാര്യം ചെയ്തിരുന്ന ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളിൽ ബാബ നിപുണനായിരുന്നെന്ന് റിപ്പോർട്ട് പറയുന്നു. നേതാജിയെഴുതിയ പുസ്തകങ്ങളും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്ന എഴുത്തുകാരുടെ പുസ്തകങ്ങളും ബാബയുടെ പാർപ്പിടത്തിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. നേതാജിയെപ്പോലെ ജനങ്ങളെ സ്വാധീനിക്കാൻ ശേഷിയുണ്ടായിരുന്ന ആളായിരുന്നു ഗുംനാമി ബാബയുമെന്ന് റിപ്പോർട്ടിലുണ്ട്. താൻ സുഭാഷ് ചന്ദ്ര ബോസാണെന്ന അഭ്യൂഹം പ്രചരിക്കുമ്പോഴും ബാബ ഫൈസാബാദിലെ വീട്ടിൽത്തന്നെയുണ്ടായിരുന്നു. പിന്നീട് അവിടം വിട്ടുപോയി. ഗുംനാമി ബാബയ്ക്ക് പാട്ടിനോടും ചുരുട്ടിനോടുമുള്ള ഇഷ്ടത്തെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു. ഗുംനാമി ബാബ നേതാജിയാണെന്നവകാശപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധു ലളിതാ ബോസും മറ്റു രണ്ടുപേരും നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ച അലഹബാദ് ഹൈക്കോടിയുടെ ഉത്തരവനുസരിച്ചാണ് സർക്കാർ കമ്മിഷനുണ്ടാക്കിയത്. റിപ്പോർട്ടു തയ്യാറാക്കാനായി ഒട്ടേറെപ്പേരുമായി അഭിമുഖം നടത്തിയെന്നും അവരിൽപ്പലരും ബാബ നേതാജിതന്നെ എന്ന മുൻധാരണയോടെയാണു സംസാരിച്ചതെന്നും ജസ്റ്റിസ് സഹായ് പറയുന്നു. ബാബ 1985-ൽ മരിച്ചു. സാക്ഷികൾ കമ്മിഷനോടു സംസാരിക്കുന്നത് 2016-17 കാലത്താണ്. അതിനാൽ വിശ്വാസ്യതയുള്ള തെളിവുകൾ ശേഖരിക്കുക പ്രയാസമായിരുന്നെന്നും അദ്ദേഹം പറയുകയുണ്ടായി. ഉത്തർപ്രദേശിൽ അറിയപ്പെടുന്ന ആളായിരുന്നു ഗുംനാമി ബാബ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി, പൊതുവിടത്തിൽനിന്നകന്നാണ് ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവിട്ടത്. 'ഭഗവാൻജി'യെന്നാണ് അനുയായികൾ വിളിച്ചിരുന്നത്. മരണശേഷമാണ് അദ്ദേഹം വാർത്തകളിൽ നിറഞ്ഞത്. ഇദ്ദേഹത്തിന്റെ മുറിയിൽനിന്ന് നേതാജിയുമായി ബന്ധപ്പെട്ട കത്തുകളും കുറിപ്പുകളും കണ്ടെടുത്തതിനെത്തുടർന്നായിരുന്നു ഇത്. നേതാജിയുടെ ബന്ധു ലളിതാ ബോസ് ഫൈസാബാദിലെത്തി ഇവ പരിശോധിച്ച് ഗുംനാമി ബാബ അദ്ദേഹംതന്നെ എന്നുറപ്പിച്ചു. അതിനുശേഷമാണ് പൊതുതാത്പര്യ ഹർജി നൽകിയത്. content highlights:Was Gumnami Baba Netaji?
from mathrubhumi.latestnews.rssfeed https://ift.tt/2OglhrG
via
IFTTT