ന്യൂഡൽഹി: വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാൻ അധികാരം നൽകുന്ന യു.എ.പി.എ. ഭേദഗതി ബിൽ (നിയമവിരുദ്ധപ്രവർത്തന നിരോധന ഭേദഗതി ബിൽ) ലോക്സഭ ബുധനാഴ്ച പാസാക്കി. ഭീകരപ്രവർത്തനവുമായി ബന്ധമുള്ളവരുടെ വസ്തുവകകൾ പിടിച്ചെടുക്കാൻ സംസ്ഥാനത്തിന്റെ അനുമതിയും വേണ്ടാതായി. ഭേദഗതിബിൽ സഭാസമിതിക്കു വിടണമെന്ന ആവശ്യം തള്ളിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ഡി.എം.കെ., സി.പി.എം., തൃണമൂൽ കോൺഗ്രസ് കക്ഷികൾ ഇറങ്ങിപ്പോയി. 287 എം.പി.മാർ ബില്ലിനെ അനുകൂലിച്ചു. എട്ടുപേർ എതിർത്തു. മുസ്ലിംലീഗ് അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീർ, പി.കെ. കുഞ്ഞാലിക്കുട്ടി, നവാസ് കനി എന്നിവർ എതിർത്തു വോട്ടുചെയ്തു. ഭീകരരെ ഉന്മൂലനം ചെയ്യാൻ ശക്തമായ നിയമങ്ങൾ ആവശ്യമാണെന്നു ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഭീകരവിരുദ്ധ നിയമങ്ങൾ ദുരുപയോഗിക്കാൻ അനുവദിക്കില്ല. ഭീകരപ്രവർത്തനത്തെ മുളയിലേ നുള്ളിക്കളയാനാണ് നിയമം ഭേദഗതിചെയ്യുന്നത്. യു.എ.പി.എ. നിയമം കൊണ്ടുവന്നത് 1967-ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്. ആദ്യ മൂന്നു ഭേദഗതികൾ കൊണ്ടുവന്നത് കോൺഗ്രസ് സർക്കാരാണ്. അന്ന് അതു ശരിയായിരുന്നെങ്കിൽ ഈ സർക്കാരിന്റെ ഭേദഗതിയും ശരിയാണെന്ന് ഷാ അവകാശപ്പെട്ടു. ചില ആദർശങ്ങളുടെ പേരിൽ 'നഗര മാവോവാദ'ത്തെ ചിലർ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ, സർക്കാരിന് അവരോട് ഒരു അനുകമ്പയുമില്ല. മോദിസർക്കാർ ഫെഡറലിസത്തെ തകർക്കുകയാണെന്നാണ് ചില അംഗങ്ങൾ ആരോപിക്കുന്നത്. ഫെഡറലിസത്തിനു തകർച്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് യു.എ.പി.എ. നിയമം പാസാക്കിയ സർക്കാരിന്റെ കാലത്താണു സംഭവിച്ചത്. ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനയ്ക്കെതിരേ നടപടി സ്വീകരിച്ചാൽ, അതിലുള്ളവർ വേറെ സംഘടന രൂപവത്കരിക്കും. ഈ സംഘടനയും നിരോധിച്ചുകഴിയുമ്പോൾ അടുത്തതു പൊങ്ങിവരും. ഭീകരപ്രവർത്തനത്തിൽ ഏർപ്പെടുന്നവരുടെ മാനസികാവസ്ഥയാണു പ്രശ്നം. അതിനാൽ, അത്തരം വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കുന്നതിൽ തകരാറില്ല. അറസ്റ്റ്-ജാമ്യ വ്യവസ്ഥകളിൽ മാറ്റമില്ല. അതിനാൽ മനുഷ്യാവകാശലംഘനത്തിന്റെ പ്രശ്നമുദിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്കോ, സെലക്ട് കമ്മിറ്റിക്കോ വിടണമെന്ന് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു നിയമത്തിലെ മാറ്റം ഇങ്ങനെ നിലവിൽ: ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ അതിൽ പങ്കാളികളാകുകയോ ചെയ്യുക, ഭീകരതയ്ക്കു തയ്യാറെടുക്കുക, ഭീകരതയെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാരണങ്ങളാൽ കേന്ദ്രസർക്കാരിന് ഒരു സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിക്കാം. ഇതേ കാരണങ്ങളാൽ വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാൻ സർക്കാരിന് അധികാരം. നിലവിൽ: ഭീകരപ്രവർത്തനവുമായി ബന്ധമുള്ളവരുടെ വസ്തുവകകൾ പിടിച്ചെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് അതതു സംസ്ഥാനങ്ങളിലെ ഡി.ജി.പി.യുടെ അനുമതി വേണം. എൻ.ഐ.എ. ഉദ്യോഗസ്ഥൻ അന്വേഷിക്കുന്ന കേസുകളിൽ സ്വത്തു കണ്ടുകെട്ടുന്നതിന് എൻ.ഐ.എ. ഡയറക്ടർ ജനറലിന്റെ അനുമതി മതി. നിലവിൽ: ഡെപ്യൂട്ടി സൂപ്രണ്ട് അല്ലെങ്കിൽ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ അല്ലെങ്കിൽ അതിനുമുകളിലുള്ള ഉദ്യോഗസ്ഥർക്ക് കേസുകളുടെ അന്വേഷണം നടത്താം. എൻ.ഐ.എ.യിലെ സബ് ഇൻസ്പെക്ടർ റാങ്കിലോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥർക്ക് കേസന്വേഷിക്കാം. content highlights: Lok Sabha passes UAPA Amendment Bill
from mathrubhumi.latestnews.rssfeed https://ift.tt/2Y3V048
via
IFTTT