കൊൽക്കത്ത: രാജ്യമെങ്ങും ജനങ്ങളെ തല്ലാനുള്ള മുദ്രാവാക്യമായി ജയ് ശ്രീ റാം മാറുകയാണെന്നു നൊബേൽ സമ്മാനജേതാവ് അമർത്യ സെൻ പറഞ്ഞു. ഇത്തരത്തിലുള്ള ജയ് ശ്രീ റാം വിളി ഞാൻ കേട്ടിട്ടില്ല. ഇതിപ്പോൾ ജനങ്ങളെ തല്ലാനാണ് ഉപയോഗിക്കുന്നത്. ഇതിനു ബംഗാളി സംസ്കാരവുമായി ഒരു ബന്ധവുമില്ലെന്നാണു ഞാൻ കരുതുന്നത് -കൊൽക്കത്തയിലെ ജാദവ്പുർ സർവകലാശാലയിൽ പൊതുചടങ്ങിൽ പ്രസംഗിക്കവേ സെൻ പറഞ്ഞു. ബംഗാളിൽ രാമനവമി ആഘോഷിച്ചിരുന്നതായി കേട്ടിട്ടില്ലെന്നും ഇപ്പോൾ അതിനു പ്രചാരം കിട്ടിക്കൊണ്ടിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. നാലുവയസ്സുള്ള പേരക്കുട്ടിയോട് ആരാണു നിന്റെ ഇഷ്ടദൈവം എന്നു ഞാൻ ചോദിച്ചു. മാ ദുർഗ എന്നായിരുന്നു അവളുടെ മറുപടി. മാ ദുർഗയുടെ മാഹാത്മ്യത്തെ രാമനവമിയുമായി താരതമ്യപ്പെടുത്താനാകില്ല- അദ്ദേഹം പറഞ്ഞു. ചില മതത്തിൽപ്പെട്ടവർ പേടിയോടെയാണ് സഞ്ചരിക്കുന്നതെങ്കിൽ അതു ഗൗരവമുള്ള കാര്യമാണെന്നും സെൻ പറഞ്ഞു. പാർക്കിങ് സ്ഥലത്തിനായി ഇരുവിഭാഗം ആളുകൾതമ്മിൽ കലഹിക്കുകയും ഓൾഡ് ഡൽഹിയിൽ ക്ഷേത്രത്തിനു കേടുവരുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. പശ്ചിമബംഗാളിലെ മണിക്ഗഞ്ജിൽ ജനിച്ച സെന്നിന് 1998-ലാണ് സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ചത്. പശ്ചിമബംഗാൾ ബി.ജെ.പി. അധ്യക്ഷൻ ദിലീപ് ഘോഷ് അമർത്യ സെന്നിനെ വിമർശിച്ചു. അമർത്യ സെന്നിനു ബംഗാളെന്തെന്ന് അറിവുണ്ടാവില്ല. അദ്ദേഹത്തിനു ബംഗാളി സംസ്കാരമോ ഇന്ത്യൻ സംസ്കാരമോ അറിയുമോ? ജയ് ശ്രീ റാം വിളി എല്ലാ ഗ്രാമത്തിലുമുണ്ട്. ഇപ്പോൾ ബംഗാൾ മുഴുവനും അതു വിളിക്കുന്നു -അദ്ദേഹം പറഞ്ഞു. മേയിൽ നോർത്ത് 24 പർഗാനാസ് ജില്ലയിൽ ജയ് ശ്രീ റാം വിളിച്ചവരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിമർശിച്ചിരുന്നു. ഈ വിളി ബി.ജെ.പി. രാഷ്ട്രീയ മുദ്രാവാക്യമാക്കിയെന്നും അവർ പറയുകയുണ്ടായി. content highlights:Amartyasen on Jaisriram slogans
from mathrubhumi.latestnews.rssfeed https://ift.tt/2NButq6
via
IFTTT