ബംഗളുരു ഇൻഫൻട്രി റോഡിൽനിന്ന് കണ്ണിംഗ്ഹാം റോഡിലേക്ക് ഒരു പാതയുണ്ട്. അലി അസ്കർ റോഡ്. ആഗാ അലി അസ്കറിന്റെ ഓർമ്മ. ബംഗളുരുവിലെ രാജ് ഭവൻ അടക്കം പണി തീർത്ത പേർഷ്യൻ വ്യാപാരിയാണ് അസ്കർ. 1824-ൽ ആഗാ അലി അസ്കർ വന്നു. ഇറാനിലെ ഷിറാസിൽനിന്ന് ബംഗളുരുവിലേക്ക്. കുതിരക്കച്ചവടത്തിന്. ആദ്യം മൈസൂർ മഹാരാജാവുമായി. പിന്നെ ബ്രിട്ടീഷുകാർക്കും. കുതിരക്കച്ചവടം ഇപ്പോൾ കുളമ്പടിക്കുന്നത് കർണാടക വിധാൻ സൗധത്തിലാണ്. കലുഷിതമാണ് ബംഗളുരു രാഷ്ട്രീയം. പൂന്താനം പറഞ്ഞ പോലെ കാര്യങ്ങൾ. ഇന്നലെയോളം എന്തെന്നറിഞ്ഞീലാ, ഇനി നാളെയും എന്തെന്നറിവീലാ. തിരഞ്ഞെടുപ്പ് ചെലവ് തിരിച്ചു പിടിച്ചിരിക്കണം എം.എൽ.എമാർ. കൂറുമാറ്റങ്ങളിൽ എല്ലിൽ വറ്റ് കുത്തുന്ന സ്വാസ്ഥ്യക്കേട് കാണാം. മോദിയുടെ രണ്ടാമൂഴം വെറും രാഷ്ട്രീയമാറ്റം അല്ല. അതിനെ സാംസ്കാരിക മാറ്റമാക്കാൻ നോക്കുന്നു ബി.ജെ.പി. കോൺഗ്രസ് മുക്ത ഭാരതത്തിന് അമിത് ഷാ. കർണാടകം തുടക്കം. ഗോവ തുടർച്ച. രാജസ്ഥാനും മധ്യപ്രദേശും ഭാവി. എളുപ്പമല്ല കാര്യങ്ങൾ. കോൺഗ്രസ്സിന് മാത്രമല്ല മുഴുവൻ പ്രതിപക്ഷങ്ങൾക്കും. ബംഗ്ലാ യുദ്ധം ജയിച്ച് ഇന്ദിര ഗാന്ധി നിന്ന അതേ മേധാവിത്തമുണ്ടിപ്പോൾ മോദിക്ക്. മൂന്നിലൊന്നു ജനതയും പട്ടിണി കിടക്കുന്ന രാജ്യത്ത് മൂത്തു നിൽക്കുന്നു ദേശാഭിമാനം. അപ്പോഴും പരസ്പരം കടിച്ചു കീറുന്നു മോദി വിരുദ്ധർ. കൂട്ടത്തിൽ ഏറ്റവും നിസ്സഹായരാണ് കോൺഗ്രസ് എം.എൽ.എമാർ. കുറ്റപ്പെടുത്തിയിട്ട് കാര്യമൊന്നുമില്ല. ഒരു ദേശീയ പ്രസിഡണ്ട് പോലുമില്ലാത്ത പാർട്ടിയിൽ എത്രകാലം മുന്നോട്ട് പോകാനാവും. ഇരുപത്തിയെട്ടിനും കല്ല്യാണത്തിനും ചാക്കാലയ്ക്കും അടിയന്തിരത്തിനും എം.പിമാരും എം.എൽ.എമാരും ചെല്ലുന്ന നാട് ഇന്ത്യ മഹാരാജ്യത്തിൽ കേരളം മാത്രമേ ഉള്ളൂ. മറ്റിടങ്ങളിൽ കാലു മാറുമ്പോൾ കാശെണ്ണി നോക്കണം. അത്രതന്നെ. ഇപ്പോൾ കാറ്റ് ബി.ജെ.പിയിലേക്കാണ്. കാശുമഴ കണ്ടിട്ട് തന്നെയാണ് യാത്ര. കാശിയുടെ കാര്യം പിന്നീടാവാം. അരശുംമൂട്ടിൽ അപ്പുക്കുട്ടനിൽനിന്ന് തൈപ്പറമ്പിൽ അശോകനിലേക്ക് ദൂരം ഒരുപാടുണ്ട്. അത് തിരിച്ചറിയുന്നില്ല രാഹുൽ ഗാന്ധി. നെഹ്റു കുടുംബാംഗം കോൺഗ്രസ് പ്രസിഡണ്ട് ആവരുത് എന്നത് ബി.ജെ.പി. അജണ്ട. ആ ചൂണ്ടയിൽ കൊത്തി. രാഹുൽ. നല്ല ഇര കൊരുക്കുന്നത് നല്ല രാഷ്ട്രീയം. ആ കല വശഗമുള്ളവൻ ഇപ്പോൾ അമിത് ഷാ. പ്രധാനമന്ത്രിക്കസേര എളുപ്പമല്ല. അത് മനസ്സിലാക്കലാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ആദ്യ പാഠം. ജനാധിപത്യ വൈവിദ്ധ്യങ്ങളെ കോർത്തെടുക്കണം. അതിനുള്ള ചരട് കൈവശം വേണം. കോൺഗ്രസിന് ആ ചരട് കൈമോശം വന്നിരിക്കുന്നു. നൂലു കണ്ടെത്താൻ ജനങ്ങളിലേക്ക് വീണ്ടും ഇറങ്ങണം. പണ്ട് ഗാന്ധിജി ഒരു ചർക്ക കണ്ടുപിടിക്കാൻ അലഞ്ഞു. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളിലുണ്ട് ആ കഥ. അന്ന് പരുത്തി മുഴുവൻ ബ്രിട്ടീഷുകാർ കൊണ്ടുപോയി. വസ്ത്രം ഇറക്കുമതി ചെയ്തു. കൈത്തറി നിലച്ചു. അന്നത്തെ ഇന്ത്യ മുഴുവൻ ഗാന്ധിജി ചർക്ക തേടി. ഇന്നത്തെ മൂന്നു രാജ്യങ്ങളിൽ അലഞ്ഞു. അവസാനം കിട്ടി. ബറോഡയിലെ പഴയൊരു തട്ടിൻപുറത്തുനിന്ന്. സബർമതിയിലെ സഹോദരിമാർ നൂൽപ് പഠിച്ചു. അത് രാജ്യമെമ്പാടും പടർന്നു. സ്ത്രീകൾക്ക് അഭിമാനമായി. കോൺഗ്രസിന് വേരുപിടിച്ചു. കെസി വേണുഗോപാലിന് സ്ത്രീകൾ നൂലു നൂറ്റ കഥ അറിയണമെന്നില്ല. സോളാർ വെളിച്ചത്തിലായിരുന്നില്ലല്ലോ സുതാര്യമായ ആ ഇടപാടുകൾ. വ്യത്യസ്തമല്ല മറ്റു ഉപദേശകരും. നാടിന് വേണ്ടാതായി. അപ്പോൾ ഉപദേശിയായി. അഹമ്മദ് പട്ടേലായാലും ദിഗ്വിജയ് സിംഗായാലും ഗുലാം നബിയായാലും വോറയായാലും. എ.കെ. ആന്റണി അവസാനം നാലു നാട്ടുകാരോട് മിണ്ടിയത് എന്നാണ്? കാലമേറെയായി. അമ്മയുടെ കല്ലറയിലെ ആണ്ടു തോറുമുള്ള നാടകമുണ്ടല്ലോ. അത് മതിയാവില്ല പുതിയ കുട്ടികൾക്ക്. ഗ്രഹണി പിടിച്ച കുട്ടിയാണ് ഇന്ന് കോൺഗ്രസ്. ആദ്യത്തെ തീറ്റയൊക്കെ വിര തിന്നും. കുട്ടിക്ക് കിട്ടാൻ കാലമെടുക്കും. രോഗം അറിയണം ആദ്യം. എന്നിട്ടാവാം ചികിത്സ. വൈദ്യന്മാർ പക്ഷേ പരമദരിദ്രർ. സോണിയ ഗാന്ധിയെ നോക്കൂ. ഹിന്ദിയിൽ പ്രസംഗിച്ച എം.പിമാരെ സോണിയ വിലക്കി. അത് ബി.ജെ.പിയെ സഹായിക്കും എന്ന് സംശയം. ഇത്ര കാലമായിട്ടും ഇന്ത്യയിലെ അങ്ങാടി മരുന്നും പച്ചമരുന്നും തിരിച്ചറിഞ്ഞില്ലെന്ന് സാരം. മാഡം ഇംഗ്ലീഷിൽ പ്രസംഗിച്ചത് പാവം ഉത്തേരന്ത്യൻ ഗ്രാമീണന് മനസ്സിലായില്ല. അത് മാഡത്തിനും മനസ്സിലായില്ല. പറഞ്ഞിട്ട് കാര്യമില്ല. ഹിന്ദിയിൽ കൊള്ളാവുന്നൊരു പ്രസംഗത്തിന് കെൽപുള്ള ഒറ്റ നേതാവും കോൺഗ്രസ്സിൽ ഇല്ലാതായി. അതും ബി.ജെ.പിയുടെ നേട്ടം. ഒരിക്കൽ കൂടി ഗാന്ധിജിയെ ഓർക്കാം. ബാരിസ്റ്റർ മോഹൻ ദാസ് കരംചന്ദ് ഹിന്ദിയിൽ പ്രസംഗിച്ച് തുടങ്ങിയപ്പോൾ മറ്റ് നേതാക്കൾക്ക് പ്രിയം ആംഗലേയം ആയിരുന്നു. സംശയമുണ്ടോ? ഉള്ളവർ തീൻ മൂർത്തി ലൈബ്രറിയിൽ പോയി കോൺഗ്രസ് ചരിത്രം വായിച്ചാൽ മതി. രാഹുലും പ്രിയങ്കയും പാഞ്ഞു നടന്നു തിരഞ്ഞെടുപ്പിൽ. പലപ്പോഴും പ്രിയങ്ക നല്ല ക്രൗഡ് മാനേജരായി. രാഹുൽ മുമ്പെന്നത്തേക്കാൾ നന്നായി സംസാരിച്ചു. പക്ഷേ ജനം വിശ്വാസിക്കാൻ സമയമെടുക്കും. കുലപ്പേര് മാത്രം പോര. ഒപ്പമുണ്ടെന്ന് വിശ്വാസം വരണം. എതിരാളിയേക്കാൾ മികച്ചവനെന്ന് തോന്നണം. അതിന് ഇനിയും ഒരുപാട് വിയർക്കണം. തിരഞ്ഞെടുപ്പിന് താണ്ടിയ ആകാശദൂരമല്ല ഇന്ത്യ. ഉടുതുണിയില്ലാത്തവർക്കു മേൽമുണ്ട് നൽകി അർദ്ധനഗ്നനായി പഴയ ഫക്കീർ. അദ്ദേഹം പോലും അടിമുടി ചോദ്യം ചെയ്യപ്പെട്ടു. ഗാന്ധിയാവാൻ എളുപ്പമല്ല, രാഹുൽ. ആദ്യം സുതാര്യമാവണം ജീവിതം. സിനിമാ ടിക്കറ്റിന് പണം കിട്ടാതെ നക്സലൈറ്റായ തമാശയാണ് രാഹുലിന്റെ പലായനം. തോറ്റതിനാൽ അഴിക്കുന്നു പടച്ചട്ട. കോൺഗ്രസ് ജയിച്ചിരുന്നെങ്കിലോ? ഇതേ പ്രശ്നങ്ങൾ അപ്പോഴും നിങ്ങളെ വേട്ടയാടുമായിരുന്നു. ഉപദേശികൾ ഇവരാണല്ലോ. നിങ്ങളുടെ മാതൃക അധികാരം വലിച്ചെറിഞ്ഞ ശ്രീബുദ്ധനല്ല. 1757-ൽ പ്ലാസിയിലെ പാടത്തുനിന്ന് തോറ്റോടിയ ബംഗാൾ നവാബ് സിറാജ് ഊദ് ദൗളയാണ്. വംഗനാട്ടിലും നവാബുമാരെ തോൽപ്പിക്കുകയാണ് കോർപറേറ്റുകൾ. ഇസഡ് കാറ്റഗറി തോക്കിൻമുനകൾക്ക് നടുവിലായിരുന്നു എന്നും രാഹുലും പ്രിയങ്കയും. ബാല്യവും കൗമാരവും യൗവനവും നഷ്ടമായ കുട്ടികൾ. അവരിൽനിന്ന് മറ്റൊന്നും പ്രതീക്ഷിക്കുക വയ്യ. പക്ഷേ കോൺഗ്രസ് ഹൈക്കമാൻഡ് ഉണ്ടല്ലോ. ഗുവാഹതി എ.ഐ.സി.സിയിൽ ഇന്ദിര ഗാന്ധിയെ വെല്ലുവിളിച്ചെന്ന് നാഴികയ്ക്ക് നാൽപതു വട്ടം ഓർമ്മിപ്പിക്കുന്ന ആന്റണിമാർ. അവരാണ് കോൺഗ്രസിന്റെ യഥാർത്ഥ ശാപം. പാദസേവയുടെ പരകോടിയിലേക്ക് എത്ര എളുപ്പം അവർ പതിച്ചു. മോദിക്കും അമിത് ഷായ്ക്കും അവർ വഴിയൊരുക്കി. നെഹ്റു കുടുംബത്തെ വിമർശിക്കാൻ. അവരാണ് കോൺഗ്രസിന്റെ നാണക്കേട്. കോഴി കൂവും മുമ്പേ മൂന്നു വട്ടം തള്ളിപ്പറയുന്നവരും അതേ ജനുസ്സിലുള്ളവർ. മോദി പോയി രാഹുൽ വന്നാൽ ജനാധിപത്യമാവില്ല. ജനങ്ങൾക്ക് ഒപ്പം നിൽക്കാൻ ത്രാണി വേണം. രാജ്യം മുഴുവൻ കുടിയൊഴിക്കപ്പെട്ട ഗ്രാമീണരുണ്ട്. പലായനം ചെയ്യുന്ന ജനകോടികൾ. പട്ടിണി കിടക്കുന്ന കുട്ടികൾ. മാനം കെട്ട് ജീവിക്കേണ്ടി വരുന്നവർ. ജാതിയും മതവും തടവിലിട്ടവർ. അവരുടെ വികാരം ആവുന്നില്ലെങ്കിൽ കോൺഗ്രസ് പഴയ ഞായറാഴ്ച കോൺഗ്രസാണ്. ആണവ കരാറിന്റെ കാലം. വിദർഭയിലെ കലാവതിയുടെ വീട്ടിലേക്കു വിരുന്നു പോയി രാഹുൽ. ആ വീട് പിന്നെ അടിച്ചു പിരിഞ്ഞു. വഴി പിഴച്ച ഉപദേശങ്ങളിൽ ഒന്ന്. പിന്നീട് ഉപദേശങ്ങൾ കൂടി. തോറ്റപ്പോഴൊക്കെ അത് സംസ്ഥാന കോൺഗ്രസ്സുകാരുടെ തോൽവി. ജയിച്ചപ്പോഴോ? എല്ലാം രാഹുലിന്റെ വിജയം. ഫലത്തിൽ ജയിച്ചപ്പോഴും നിങ്ങൾ തോറ്റുപോയി രാഹുൽ. തോൽവിയുടെ മൂർച്ച അറിയാൻ അമേത്തി തന്നെ വേണ്ടി വന്നു. എളുപ്പമല്ല ഭാവി. പൊരുതാൻ മനസ്സു വേണം. എതിരാളി ശക്തനാണ്. ഇപ്പോഴത്തെ ഉപദേശികളെ പറഞ്ഞുവിട്ടാൽ തന്നെ പകുതി നന്നാവും. വേണമെങ്കിൽ പഴയ ആ ട്രബിൾ ഷൂട്ടറെ ഓർക്കാം. മോദിയും ബഹുമാനിക്കുന്ന പ്രണബ് മുഖർജിയെ. അതു പോലെ പലപ്പോഴും അനിഷ്ടം കാട്ടി ഒഴിവാക്കിയവരെ. കടൽക്കിഴവന്മാരെ അടിച്ചു പുറത്താക്കണം. വൈതാളികർക്ക് മേൽ ചാണകം തളിക്കണം. അതിനുള്ള ആർജവം വേണം. ആ ആർജവം ജനങ്ങൾ അംഗീകരിക്കണം. അതിനും അറിയണം. ചാണകം ഗോസംരക്ഷകരുടെ മാത്രം ആയുധമല്ല ഇന്ത്യയിൽ. അത് മനസ്സിലാക്കാനും ചരിത്രം പഠിച്ചാൽ മതി. മൊത്തം സ്വാതന്ത്യ സമര നായകന്മാരേയും മോദിയും ഷായും അടിച്ചു മാറ്റും മുമ്പ് പഠിച്ചാൽ പിടിച്ചു നിർത്താം കോൺഗ്രസിനെ. നിങ്ങൾക്ക് വേണ്ടെങ്കിലും അലൻ ഒക്ടേവിയൻ ഹ്യൂം തുടങ്ങിയ ആ പ്രസ്ഥാനത്തിന് വിലയുണ്ട്. കാരണം ഇവിടെ വൈവിദ്ധ്യങ്ങളുടെ സംഗീതം കേൾക്കണം. ഉളി കൊണ്ടും ചുറ്റിക കൊണ്ടും ഒറ്റക്കല്ലിൽ കൊട്ടി പാട്ടു കേൾക്കേണ്ട മണ്ഡപമാവരുത് ഇന്ത്യ. വണിക്കുകൾ എന്നും വന്നിട്ടുണ്ട് ഇവിടേക്ക്. അവരെ ആകർഷിക്കുന്നത് അധികാരവും പണവുമാണ്. അപ്പോഴും അറിയണം. അലി അസ്കറിനെപ്പോലെ കുതിരക്കച്ചവടക്കാർ പടച്ചുണ്ടാക്കിയതല്ല നമ്മുടെ ഇന്ത്യ. Content Highlights: Congress in deep trouble
from mathrubhumi.latestnews.rssfeed https://ift.tt/2NWe9AG
via
IFTTT