കടുത്തുരുത്തി: സാമൂഹികവിരുദ്ധർ രാത്രിയിൽ മീൻകുളത്തിന്റെ വാൽവ് തുറന്നുവിട്ടതിനെത്തുടർന്ന് മത്സ്യം കൂട്ടത്തോടെ ചത്തു. വെള്ളം മുഴുവൻ ഒഴുകിപ്പോയതോടെ എണ്ണായിരത്തോളം മത്സ്യമാണു ചത്തത്.അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ ഇരവിമംഗലം കൊച്ചുപറമ്പിൽ ജോസ്(സൈജു) പറഞ്ഞു. പ്രവാസിമലയാളികൂടിയായ ഇദ്ദേഹം വീടിനുസമീപം നടത്തുന്ന അക്വാപോണിക് ഫിഷ് ഫാമിന്റെ വാൽവാണ് വെള്ളിയാഴ്ച രാത്രിയിൽ സാമൂഹികവിരുദ്ധർ തുറന്നുവിട്ടത്. രാത്രി 8.30-ഓടെയാണ് പണികഴിഞ്ഞു വീട്ടുകാർ ഫാമിന്റെ വാൽവ് പൂട്ടി വീട്ടിലേക്കുപോയത്. ശനിയാഴ്ച രാവിലെ ആറോടെ സൈജു ഫാമിലെത്തിയപ്പോൾ മത്സ്യം മുഴുവൻ ചത്തുകിടക്കുന്നതാണു കണ്ടത്. തുടർന്നു പരിശോധിച്ചപ്പോഴാണ്, തലേദിവസം അടച്ച വാൽവ് പൂർണമായും തുറന്നുവെച്ചിരിക്കുന്നതു കണ്ടത്. ഇൻഷുറൻസ് പരിരക്ഷയില്ലായിരുന്നു.ഏതാനും ദിവസം മുമ്പാണ് മീനുകളെ വിറ്റുതുടങ്ങിയത്. ദിവസം 70 കിലോ മത്സ്യംവരെ വിറ്റിരുന്നു. കിലോയ്ക്ക് 250 രൂപയ്ക്കായിരുന്നു വില്പന.വിവരമറിഞ്ഞ് കടുത്തുരുത്തി എസ്.എച്ച്.ഒ. പി.കെ.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ പോലീസും ഫിഷറീസ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് അധികൃതരും വാർഡംഗം ബിജു മറ്റപ്പള്ളിയും സൈജുവിന്റെ വീട്ടിലെത്തി. ആരോഗ്യവകുപ്പ് പരിശോധിച്ചു സർട്ടിഫിക്കറ്റ് നൽകിയശേഷം ജെ.സി.ബി. ഉപയോഗിച്ച് വീട്ടുവളപ്പിൽത്തന്നെ കുഴിയെടുത്ത് മീനുകളെ അതിലിട്ടുമൂടി. കേസെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2NElEfh
via
IFTTT