ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഒബിസി പട്ടികയിലുള്ള 17 ജാതിവിഭാഗങ്ങളെ കൂടി പട്ടികജാതി വിഭാഗങ്ങളുടെ പട്ടികയിൽ പെടുത്താനുള്ള യോഗി ആദിത്യനാഥ് സർക്കാരിനെതിരെ കേന്ദ്രസർക്കാർ. യു.പി സർക്കാരിന്റെ നീക്കം ശരിയല്ലെന്നും നടപടിക്രമങ്ങൾ പാലിച്ചുള്ളതല്ലെന്നും കേന്ദ്ര സാമൂഹിക നീതി - ശാക്തീകരണ വകുപ്പ് മന്ത്രി തൻവർചന്ദ് ഗെഹ്ലോട്ട് പറഞ്ഞു. യുപി സർക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി രാജ്യസഭയെ അറിയിച്ചു. നീക്കവുമായി മുന്നോട്ടുപോകണമെന്നുണ്ടെങ്കിൽ കേന്ദ്രത്തിന് ശുപാർശ നൽകുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്നും ശുപാർശ പരിശോധിച്ച് കേന്ദ്രം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യസഭയിൽ ശൂന്യവേളയിൽ ബിഎസ്പി അംഗം എസ്.സി മിശ്രയാണ് വിഷയം ഉന്നയിച്ചത്. ഏതെങ്കിലും ഒരു ജാതിയെ ഒരു വിഭാഗത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാനുള്ള അവകാശം പാർലമെന്റിന് മാത്രമാണ് ഉള്ളതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മുൻകാലങ്ങളിൽ ഇത്തരം ശുപാർശകൾ എത്തിയിരുന്നുവെങ്കിലും അവയൊക്കെ പാർലമെന്റ് നിരാകരിക്കുകയായിരുന്നു ചെയ്തിരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കശ്യപ്, രാജ്ഭർ,ധിവാർ, ബിൻഡ്, കുമാർ, കഹാർ, കേവത്, നിഷാദ്, ഭർ,മല്ല, പ്രജാപതി,ധിമാർ,ബാതം,തുര, ഗൊദിയ, മാഞ്ചി, മച്ചുവ തുടങ്ങിയ ഒബിസി പട്ടികയിലുള്ള ജാതികളെയാണ് പട്ടികജാതിയിലേക്ക്മാറ്റാൻ യോഗി ആദിത്യനാഥ് സർക്കാർ തീരുമാനിച്ചത്. 12 നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും 2022ലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. എന്നാൽ വെറുമൊരു ഉത്തരവിന്റെ പുറത്ത് ജാതി സർട്ടിഫിക്കറ്റ് നൽകാൻ പാടില്ലെന്നും അങ്ങനെ ചെയ്യുന്നത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും നിലനിൽക്കില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഭരണഘടന പ്രകാരം പട്ടികജാതി ലിസ്റ്റിൽ മാറ്റം വരുത്താൻ രാഷ്ട്രപതിക്ക് പോലും അധികാരമില്ല. പാർലമെന്റിന് മാത്രമാണ് അധികാരമെന്നും ഇക്കാര്യത്തിൽ പാർലമെന്റിന്റെ അധികാരത്തെ മറികടക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്നും ബിഎസ്പി അംഗം സഭയിൽ പറഞ്ഞു. എന്നാൽ 2017ലെ അലഹബാദ് ഹൈക്കോടതി വിധി തങ്ങളുടെ നീക്കം ശരിവെക്കുന്നുവെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. Content Highlights:Yogi Adityanaths Caste Move Criticised By Union Minister
from mathrubhumi.latestnews.rssfeed https://ift.tt/2YrQBnS
via
IFTTT