വാഷിങ്ടൺ: നാറ്റോ സഖ്യരാജ്യങ്ങൾക്കു തുല്യമായ പദവി ഇന്ത്യയ്ക്കും നൽകുന്നതിനുള്ള നിയമവ്യവസ്ഥ യു.എസ്. സെനറ്റ് പാസാക്കി. ഈ നിർദേശമടങ്ങുന്ന 2020 സാമ്പത്തിക വർഷത്തെ നാഷണൽ ഡിഫൻസ് ഓതറൈസേഷൻ നിയമബിൽ (എൻ.ഡി.എ.എ.) കഴിഞ്ഞയാഴ്ച സെനറ്റിൽ പാസാക്കിയിരുന്നു. ഇസ്രയേൽ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുമായി പ്രതിരോധ സഹകരണം വർധിപ്പിക്കാനും സെനറ്റ് തിങ്കളാഴ്ച അനുമതി നൽകി. ഇന്ത്യ കോക്കസ് സെനറ്ററായ ജോൺ കോണിനാണ് നിർദേശം സെനറ്റിൽ അവതരിപ്പിച്ചത്. മാർക്ക് വാർനർ പിന്തുണച്ചു. നിയമം നടപ്പിലാകുന്നതോടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ മനുഷ്യത്വപരമായ സഹായം, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, സമുദ്ര സുരക്ഷ, കടൽക്കൊള്ള തടയൽ എന്നീ വിഷയങ്ങളിൽ ഇന്ത്യയും യു.എസുമായുള്ള പ്രതിരോധ സഹകരണം ശക്തമാകും. പ്രതിനിധിസഭയുടെ അംഗീകാരം കൂടി ലഭിച്ചാൽ ബിൽ നിയമമാകും. ജൂലായിൽ പ്രതിനിധിസഭയിൽ ബിൽ പരിഗണിച്ചേക്കും. യു.എസും ഇന്ത്യയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തം മെച്ചപ്പെടുത്താൻ സെനറ്റർമാരായ കോണിനും വാർണറും നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (എച്ച്.എ.എഫ്.) പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയെ നാറ്റോ രാജ്യങ്ങൾക്ക് തുല്യമായ പദവിയിലേക്കുയർത്തുന്നതോടെ ഇന്തോ-പസഫിക് മേഖലയ്ക്ക് മുഴുവൻ ഇത് ഗുണം ചെയ്യുമെന്ന് എച്ച്.എ.എഫ്. മാനേജിങ് ഡയറക്ടർ സമീർ കൽറ പറഞ്ഞു. 2016-ൽ ഇന്ത്യയെ യു.എസ്. 'പ്രധാന പ്രതിരോധ പങ്കാളി' എന്ന സ്ഥാനത്തേക്കുയർത്തിയിരുന്നു. Content Highlights:NATO, India, US
from mathrubhumi.latestnews.rssfeed https://ift.tt/2FOEppT
via
IFTTT