Breaking

Wednesday, July 3, 2019

ബഹിരാകാശ യാത്രികർക്ക് പരിശീലനം നൽകാൻ റഷ്യൻ കമ്പനിയുമായി കരാർ

ബെംഗളൂരു: രാജ്യത്തിന്റെ ഗഗൻയാൻ ദൗത്യത്തിന് ബഹിരാകാശ യാത്രികർക്ക് പരിശീലനം നൽകാൻ റഷ്യൻ കമ്പനിയുമായി കരാറുണ്ടാക്കി. ഇന്ത്യൻ ബഹിരാകാശ യാത്രികരുടെ തിരഞ്ഞെടുപ്പ്, മെഡിക്കൽ പരിശോധന, ബഹിരാകാശ പരിശീലനം എന്നിവയ്ക്കായാണ് റഷ്യൻ കമ്പനിയായ ഗ്ലാവ്കോസ്മോസുമായി കരാറുണ്ടാക്കിയത്. കമ്പനി ഡെപ്യൂട്ടി ഡയറക്ടർ നടാലിയ ലൊക്ടാവയും ഐ.എസ് .ആർ.ഒ. ഹ്യൂമൺ സ്പേസ് ഫ്ളൈറ്റ് സെന്റർ ഡയറക്ടർ എസ്. ഉണ്ണികൃഷ്ണൻ നായരുമാണ് കരാറിൽ ഒപ്പിട്ടത്. ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കുന്നതിനും പരിശീലനത്തിനും വേണ്ട സഹായം റഷ്യൻ കമ്പനി നൽകും. യാത്രികർക്കുള്ള പ്രാഥമിക പരിശീലനം ഇന്ത്യയിലും കൂടുതൽ സാങ്കേതിക പരിശീലനം റഷ്യയിൽ വെച്ചുമായിരിക്കും നൽകുന്നത്. ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കുന്നതിനും പരിശീലനം നൽകുന്നതിനും വ്യോമസേനയും സഹായിക്കുന്നുണ്ട്. ഇതിനായി ഐ. എസ്.ആർ.ഒ.യും വ്യോമസേനയും തമ്മിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്. 2022-ൽ സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ ബഹിരാകാശത്ത് എത്തിക്കുകയാണ് ലക്ഷ്യം. ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കുന്ന നടപടി പൂർത്തിയാക്കുന്നതിന് 14 മാസം വരെ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. വ്യോമസേനയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോസ്പേസ് മെഡിസിനിലായിരിക്കും യാത്രികരെ തിരഞ്ഞെടുക്കുന്നത്. ആദ്യഘട്ടത്തിൽ താത്പര്യമുള്ള 30 പേരെ തിരഞ്ഞെടുക്കും. ഇതിൽ നിന്ന് തിരഞ്ഞെടുത്ത 15 പേർക്ക് അടിസ്ഥാന പരിശീലനം നൽകും. തുടർന്ന് മൂന്ന് പേരെ വീതം ഉൾപ്പെടുത്തി മൂന്ന് ടീമുകൾ രൂപവത്കരിക്കും. വർഷങ്ങൾ നീളുന്ന കഠിന പരിശീലനത്തിന് ശേഷം ഇവരിൽ നിന്നുമാണ് യാത്രയ്ക്കുള്ള മൂന്ന് പേരെ തിരഞ്ഞെടുക്കുക. ദൗത്യത്തിനായി രൂപവത്കരിച്ച ഹ്യൂമൺ സ്പേസ് ഫ്ളൈറ്റ് സെന്റർ ഡയറക്ടറാണ് ഉണ്ണികൃഷ്ണൻ നായർ. മലയാളിയായ ആർ. ഹട്ടനാണ് പ്രോജക്ട് ഡയറക്ടർ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിന് മുന്നോടിയായി മനുഷ്യനില്ലാത്ത പേടകം ബഹിരാകാശത്ത് എത്തിച്ച് തിരിച്ചിറക്കണം. ഇത്തരത്തിലുള്ള രണ്ട് ദൗത്യങ്ങൾ വിജയകരമായി പരീക്ഷിച്ചതിന് ശേഷമായിരിക്കും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നത്. content highlights:ISRO teams up with Russian company to train Indian astronauts


from mathrubhumi.latestnews.rssfeed https://ift.tt/2FOZ4dt
via IFTTT