കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന മാർ ജേക്കബ് മനത്തോടത്ത് ഭൂമിയിടപാടു സംബന്ധിച്ച് വത്തിക്കാനിൽ നൽകിയ റിപ്പോർട്ടുകൾ പഠിച്ചാണ് ഇപ്പോൾ നടപടികൾ ഉണ്ടായിരിക്കുന്നതെന്ന് സിറോ മലബാർ മീഡിയ കമ്മിഷൻ. ഇപ്പോഴത്തെ നടപടികൾ ആ റിപ്പോർട്ടുകൾ പരിഗണിച്ചല്ലെന്ന് കഴിഞ്ഞ ദിവസം മനത്തോടത്ത് പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് മീഡിയ കമ്മിഷൻ രംഗത്തെത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം പഠിച്ചതിനു ശേഷം മാർപാപ്പയ്ക്കു നൽകിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് മാർപാപ്പ തീരുമാനങ്ങൾ എടുത്തതെന്ന് പൗരസ്ത്യ തിരുസംഘത്തിൽനിന്നുള്ള കത്തിന്റെ ആമുഖത്തിൽ വ്യക്തമായി പറയുന്നുണ്ട്. ഇതിൽനിന്നു വ്യത്യസ്തമായി മാർ ജേക്കബ് മനത്തോടത്ത് അഭിപ്രായം പറഞ്ഞുവെന്ന രീതിയിലുള്ള വാർത്തകൾ ശരിയല്ലെന്നും മീഡിയ കമ്മിഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. മാർപാപ്പയുടെ തീരുമാനങ്ങളുമായി തെറ്റിദ്ധാരണകൾ പ്രചരിക്കുന്നുവെന്നും കമ്മിഷൻ പറഞ്ഞു. മാർപാപ്പയുടെ തീരുമാനങ്ങൾ വത്തിക്കാൻ പ്രതിനിധി വഴി മുൻകൂട്ടി അറിയാമായിരുന്ന മാർ ജോർജ് ആലഞ്ചേരി ജൂൺ 26-ാം തീയതി രാത്രി എട്ടു മണിയോടെ എറണാകുളം മേജർ ആർച്ച് ബിഷപ്സ് ഹൗസിൽ എത്തി. ഭക്ഷണമുറിയിലായിരുന്ന സഹായ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിനോടും മറ്റ് വൈദികരോടുമൊപ്പം അത്താഴം കഴിക്കുകയും ചെയ്തു. പിന്നീട് മാർ എടയന്ത്രത്തിനോട് വത്തിക്കാന്റെ തീരുമാനങ്ങൾ അറിയിച്ചു. 27-ാം തീയതി രാവിലെ, ചുണങ്ങംവേലി നിവേദിതയിലായിരുന്ന സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിലുമായി സംസാരിച്ചു. അഡ്മിനിസ്ട്രേറ്ററുടെ സേവനം മാർപാപ്പ അവസാനിപ്പിച്ചപ്പോൾ സ്വാഭാവികമായും അതിരൂപതയുടെ ഭരണച്ചുമതല കർദിനാളിൽ നിക്ഷിപ്തമായി. അഡ്മിനിസ്ട്രേറ്റർ ഉണ്ടായിരുന്ന സമയത്തും അതിരൂപതയുടെ മെത്രാപ്പോലീത്ത താനായിരുന്നതുകൊണ്ട് റോമിൽനിന്നു വന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകിച്ച് ചുമതലയേൽക്കേണ്ട സാഹചര്യമില്ല. വത്തിക്കാന്റെ തീരുമാനം അഡ്മിനിസ്ട്രേറ്ററെയും സഹായ മെത്രാന്മാരെയും വത്തിക്കാൻ പ്രതിനിധി മുൻകൂട്ടി അറിയിച്ചിരുന്നു. പോലീസിന്റെ സാന്നിദ്ധ്യത്തിൽ രാത്രിയിൽ അരമനയിൽ എത്തി ചാർജ് എടുത്തെന്ന പ്രചാരണം വസ്തുതാപരമല്ല. ഒരു വർഷത്തിനു മുൻപ് മാർ ജേക്കബ് മനത്തോടത്ത് അഡ്മിനിസ്ട്രേറ്റർ ആയി നിയമിക്കപ്പെട്ടപ്പോൾ സഹായ മെത്രാന്മാരെ അവർക്ക് നൽകപ്പെട്ടിരുന്ന അധികാരത്തിൽനിന്നാണ് മാറ്റി നിർത്തിയിരുന്നത്. എന്നാൽ, ഇത്തവണ ഭാരതത്തിലെ വത്തിക്കാൻ സ്ഥാനപതി നൽകിയിരിക്കുന്ന കത്തിലുള്ളത് ഈ മെത്രാന്മാരെ അതിരൂപതയുടെ സഹായ മെത്രാൻ സ്ഥാനത്തുനിന്ന് മാറ്റി നിർത്തിയിരിക്കുന്നു എന്നാണെന്നും കമ്മിഷൻ പറഞ്ഞു. content highlights:ernakulam angamaly archdiocese, george alancherry
from mathrubhumi.latestnews.rssfeed https://ift.tt/2RKYZMM
via
IFTTT