നെന്മാറ: പ്രസവത്തിന്റെ പത്താംനാൾ യുവതി എച്ച് 1 എൻ 1 രോഗംമൂലം മരിച്ചു. തിരുവേഗപ്പുറയിലെ 30 വയസ്സുള്ള യുവതി ജൂൺ 24-നാണ് മരിച്ചതെന്നും രോഗം സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. പാലക്കാട് ജില്ലയിൽ തിരുവേഗപ്പുറയിലെ യുവതി ചില ആരോഗ്യപ്രശ്നങ്ങളാൽ അയൽജില്ലയിലെ ആശുപത്രിയിലാണ് പ്രസവിച്ചത്. പ്രസവത്തിന്റെ മൂന്നാംനാൾ തിരുവേഗപ്പുറയിൽ തിരിച്ചെത്തിയെങ്കിലും പനിയും രോഗലക്ഷണങ്ങളും കാരണം വീണ്ടും പ്രസവംനടന്ന ആശുപത്രിയിലേക്ക് കൊണ്ടുപോയതായും അവിടെെവച്ചാണ് മരിച്ചതെന്നും ആരോഗ്യവകുപ്പധികൃതർ പറഞ്ഞു. പരിശോധനാഫലം വന്നപ്പോഴാണ് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. കുഞ്ഞിന് രോഗം ബാധിച്ചിട്ടില്ലെന്നും പ്രതിരോധചികിത്സ നൽകുന്നുണ്ടെന്നും ഡോക്ടർ അറിയിച്ചു. രോഗവ്യാപനത്തിന്റെ ഈ സീസണിൽ ആദ്യമായാണ് ഗർഭിണിയായിരുന്ന സ്ത്രീക്ക് എച്ച് 1 എൻ 1 രോഗവും മരണവും റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു. യുവതി താമസിക്കുന്ന സ്ഥലത്തുനിന്നല്ല രോഗം പിടിപെട്ടതെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു. ഏതായാലും പ്രദേശത്ത് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. ജില്ലയിൽ ഒരാഴ്ചയ്ക്കിടെ ഏഴ് എച്ച് 1 എൻ 1 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയവരുടെ എണ്ണം ഇതിനു പുറമെയാണ്. നെന്മാറയിൽ എച്ച് 1 എൻ 1 രോഗം കണ്ടെത്തിയവരുടെ പനി കുറഞ്ഞിട്ടുണ്ട്. ജില്ലയിൽ പനിബാധിച്ച് കഴിഞ്ഞ ഒരാഴ്ചമാത്രം 8,236 പേരാണ് ചികിത്സ തേടിയെത്തിയത്. ഇടവിട്ടുള്ള മഴമൂലം ചൂടും തണുപ്പും മാറിയുണ്ടാകുന്ന വ്യതിയാനമാണ് പനി വ്യാപിക്കാൻ കാരണമെന്നാണ് നിഗമനം. content highlights:woman died of H1N1
from mathrubhumi.latestnews.rssfeed https://ift.tt/2KQyyVt
via
IFTTT