കണ്ണൂർ: ജയിലുകളിൽ നേരത്തേ അരാജകത്വമായിരുന്നെന്നും ഡി.ജി.പി. മാറിയതോടെ എല്ലാം ശരിയാക്കുന്നുവെന്നുമുള്ള വാർത്തകൾക്കെതിരേ മുൻ മേധാവി ആർ. ശ്രീലേഖ. താൻ ജയിൽ മേധാവിയായിരുന്നപ്പോൾ ഒരുതരത്തിലുള്ള അനധികൃത വസ്തുക്കളും ആരും ജയിലിനകത്ത് കയറ്റിയിട്ടില്ലെന്നും ഇപ്പോൾ ഫോണുകൾ പിടിക്കുന്നുവെന്ന വാർത്തകൾ വരുമ്പോൾ വിഷമംതോന്നുന്നുവെന്നും ശ്രീലേഖ ഫെയ്സ്ബുക്കിൽ എഴുതി. പിന്നീട് പോസ്റ്റ് കാണാതായി. ഇതേക്കുറിച്ച് ഫോണിൽ അന്വേഷിച്ചപ്പോൾ ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി. ഋഷിരാജ് സിങ് ജയിൽ മേധാവിയായശേഷം നടക്കുന്ന പരിശോധനയിലും ഫോൺ-കഞ്ചാവ് പിടിത്തങ്ങളിലും പരോക്ഷമായി സംശയുമുയർത്തിയാണ് മുൻ മേധാവിയുടെ പ്രതികരണം. ജയിലുകൾ മാതൃകാപരമാക്കുന്നതിൽ തന്റെ പ്രവർത്തനകാലത്ത് വലിയ മുന്നേറ്റമുണ്ടായി, എന്നാൽ തനിക്ക് ഈഗോ കുറവായതിനാൽ പബ്ലിസിറ്റിക്ക് ശ്രമിച്ചില്ല. ഇപ്പോഴത്തെ മേധാവി പബ്ലിസിറ്റിക്കുവേണ്ടി ശ്രമിക്കുന്നുവെന്ന് പരോക്ഷമായി ആരോപിക്കുന്നു. നെടുങ്കണ്ടത്തെ കസ്റ്റഡി മരണവും വനിതാ തടവുകാരുടെ ജയിൽ ചാട്ടവും പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. ആർ. ശ്രീലേഖയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽനിന്ന്: 2019 ജൂൺ 11 വരെ മാത്രമേ ഞാൻ ജയിൽ ഡി.ജി.പി. ആയിരുന്നിട്ടുള്ളൂ. രണ്ടുവർഷവും അഞ്ചുമാസവും ഞാൻ അവിടെയുണ്ടായിരുന്ന അത്രയും സമയം യാതൊരു പ്രശ്നങ്ങളുമില്ലാതെ പോയിരുന്ന വകുപ്പാണ്. ആയിരത്തിലധികം തടവുകാരെ മാനസിക പരിവർത്തനംനടത്തി പുതിയ തൊഴിൽ പരിശീലിപ്പിച്ചു സമൂഹത്തിൽ പുനരധിവസിപ്പിച്ച ചാരിതാർഥ്യം വളരെയുണ്ട്. 2017 ജനുവരിയിൽ മുന്നൂറിൽ അധികം വനിതാ തടവുകാർ ഉണ്ടായിരുന്നപ്പോൾ ഞാൻ ചാർജ് വിടുമ്പോൾ വെറും 82 പേർ മാത്രം. കേരള ചരിത്രത്തിൽ ആദ്യമായി തടവുകാരുടെ എണ്ണം ആയിരത്തോളം കുറഞ്ഞതും ആ സമയത്താണ്. ഒരുതരത്തിലുള്ള അനധികൃത വസ്തുക്കളും അതേവരെ ജയിലിനുള്ളിൽ ആരും കടത്തിയിട്ടില്ല. അഥവാ കണ്ടെത്തിയാൽ ഉടൻതന്നെ അതതു പോലീസ് സ്റ്റേഷനുകളിൽ കേസ് എടുത്തിട്ടുമുണ്ട്. മൂന്നാംമുറ ഒരു കാരണവശാലും ഉണ്ടാവാതെ ശ്രദ്ധിച്ചിട്ടുണ്ട്. ഏതെങ്കിലും തടവുകാരനെ അവശനിലയിൽ കണ്ടാൽ ഉടൻതന്നെ ചികിത്സ ലഭ്യമാക്കിയിട്ടിട്ടുമുണ്ട്. എന്നാൽ ഇതൊന്നും പത്രക്കാരോട് പറയേണ്ട കാര്യങ്ങളായി എനിക്ക് തോന്നിയിട്ടില്ല. ഈഗോ അല്പം കുറവായതിനാൽ പബ്ലിസിറ്റിയിൽ വലിയ താത്പര്യവുമില്ല. ഇപ്പോൾ 12-ന് തിരുവനന്തപുരം സെൻട്രൽ ജയിൽ നിന്ന് റെയ്ഡ് നടത്തി അനധികൃത വസ്തുക്കൾ പിടിക്കുന്നു, തുടർന്ന് കണ്ണൂർ, വിയ്യൂർ ജയിലുകളിൽനിന്ന് തുടർച്ചയായി ഫോണുകൾ, കഞ്ചാവ് തുടങ്ങിയവ പിടിക്കുന്നു, വീണ്ടും വീണ്ടും റെയ്ഡുകളിൽ ഇതുതന്നെ ആവർത്തിച്ചു പിടിക്കുന്നു എന്നിങ്ങനെ വാർത്തകൾ വായിക്കുമ്പോൾ വിഷമം തോന്നുന്നു. അതിലേറെ വിഷമം ജയിലുകളിൽ ആൾക്കാർ മരിക്കുന്നു, സ്ത്രീകൾ ജയിൽ ചാടുന്നു എന്നീ വാർത്തകൾ ഉണ്ടാവുമ്പോഴാണ്. എവിടെ ജോലി ചെയ്യുമ്പോഴും നൂറുശതമാനം ആത്മാർഥതയോടെയും ജനങ്ങൾക്കും സർക്കാരിനും വകുപ്പിനും പരമാവധി നന്മമാത്രം ലാക്കാക്കി പ്രവർത്തിക്കുന്നവർക്ക് വിഷമം തോന്നുക സ്വാഭാവികമാണല്ലോ' content highlights:r sreelekha,rishiraj singh
from mathrubhumi.latestnews.rssfeed https://ift.tt/2KUyHa7
via
IFTTT