Breaking

Thursday, July 25, 2019

ദുബായിൽനിന്ന് കണ്ണൂരിലേക്കുള്ള ആദ്യ വിമാനസർവീസ് ഇന്ന് രാത്രി

ദുബായ്: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദുബായിൽ നിന്നുള്ള ആദ്യ വിമാന സർവീസ് വ്യാഴാഴ്ച രാത്രി വൈകി ആരംഭിക്കും. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ മികച്ച വിമാനക്കമ്പനികളിലൊന്നായി വളർന്ന ഗോ എയർ ആണ് ദുബായ്- കണ്ണൂർ റൂട്ടിൽ ആദ്യ സർവീസ് നടത്തുന്നത്. രാത്രി 12.20-ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽനിന്ന് പുറപ്പെടുന്ന വിമാനം വെള്ളിയാഴ്ച പുലർച്ച 5.35-ന് കണ്ണൂരിലെത്തും. ഇപ്പോൾ കണ്ണൂരിൽനിന്ന് അബുദാബിയിലേക്കും മസ്‌കറ്റിലേക്കും സർവീസ് നടത്തുന്ന ഗോ എയർ അധികം വൈകാതെ കുവൈത്ത് സിറ്റി, സൗദിയിലെ ദമ്മാം എന്നിവിടങ്ങളിലേക്കും സർവീസ് ആരംഭിക്കുമെന്ന് ഗോ എയർ ഇന്റർനാഷനൽ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് അർജുൻ ദാസ് ഗുപ്ത പത്രസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂരിൽനിന്ന് എന്നും വൈകീട്ട് 7.05-ന് പുറപ്പെടുന്ന വിമാനം രാത്രി 9.15-ന് ദുബായിൽ എത്തിച്ചേരും. ഒരു ഭാഗത്തേക്ക് 335 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. നേരത്തേ ബുക്ക് ചെയ്യുന്നവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കണ്ണൂരിൽനിന്ന് ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഗോ എയറിന് ആഭ്യന്തര സർവീസുകളുണ്ട്. വൈകാതെ മുംബൈയിലേക്കും സർവീസ് ആരംഭിക്കും. ദുബായ് ആസ്ഥാനമായുള്ള അൽ നബൂദ ഗ്രൂപ്പ് എന്റർപ്രൈസസിന്റെ ട്രാവൽ ആൻഡ് ടൂറിസം ബിസിനസ് സ്ഥാപനമായ അൽ നബൂദ ട്രാവൽ ആൻഡ് ടൂറിസവുമായി ചേർന്നാണ് ഗോ എയർ കണ്ണൂർ സർവീസ് ആരംഭിക്കുന്നത്. ഗോ എയർ സർവീസുകളുള്ള ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, മുംബൈ എന്നീ നഗരങ്ങളെയും ബന്ധപ്പെട്ടുകൊണ്ട് യാത്രകൾ ക്രമീകരിക്കാൻ യു.എ.ഇ.യിൽ നിന്നുള്ള യാത്രികർക്ക് സാധിക്കും. ഇന്ത്യയിലെ 25 നഗരങ്ങളിലേക്കും ഫുക്കറ്റ്, മാലി, അബുദാബി, മസ്‌കറ്റ്, ബാങ്കോക്ക്, ദുബായ് എന്നീ വിദേശനഗരങ്ങളിലേക്കും ഗോ എയർ സർവീസ് നടത്തുന്നുണ്ട്. നിത്യവും 285 സർവീസുകളാണ് ഗോ എയർ എല്ലായിടത്തേക്കുമായി നടത്തുന്നത്. ഈയിടെയാണ് കന്പനി 51-ാമത് വിമാനം സ്വന്തമാക്കിയത്. ഓരോ മാസവും ഒരു പുതിയ വിമാനം വീതം ഈ നിരയിലേക്ക് കൂട്ടിച്ചേർക്കാനാണ് ലക്ഷ്യം. ഇതിലൂടെ കൂടുതൽ വിമാനങ്ങളും കൂടുതൽ സെക്ടറുകളിലേക്ക് സർവീസുകളും യാത്രക്കാർക്ക് കൂടുതൽ മികച്ചത് തരഞ്ഞെടുക്കാനുള്ള അവസരവും യാഥാർഥ്യമാവുമെന്ന് അർജുൻ ദാസ് ഗുപ്ത പറഞ്ഞു. 13 വർഷം കൊണ്ട് 73.3 ദശലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാൻ ഗോ എയറിന് സാധിച്ചിട്ടുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 100 ദശലക്ഷം യാത്രക്കാർ എന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഗോ എയറുമായി സഹകരിച്ച് പ്രവർത്തിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അൽ നബൂദ ട്രാവൽ ആൻഡ് ടൂറിസം ഏജൻസി സി.ഇ.ഒ. നാസിർ ജമാൽ ഖാൻ പറഞ്ഞു. മിതമായ നിരക്കിൽ മികച്ച സേവനം നൽകിക്കൊണ്ട് യാത്രക്കാർക്ക് അവർ ആഗ്രഹിക്കുന്ന ഏറ്റവും നല്ല അനുഭവം സമ്മാനിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോ എയർ സീനിയർ ജനറൽ മാനേജർ ( ഇൻർനാഷനൽ ഓപ്പറേഷൻസ്) ജലീൽ ഖലീദ്, കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ്‌ ബകുൽ ഗാല എന്നിവരും സംബന്ധിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2Yh7nVK
via IFTTT